ജന്മദിനാഘോഷം വേണ്ട, ദുരന്തത്തിൽ പെട്ടവരെ സഹായിക്കണം ( വിജയ് )
തൻ്റെ ജന്മദിനത്തിന്റെ തലേദിവസം ആരാധകരോട് വിജയ് പറഞ്ഞത് ആഘോഷങ്ങൾ വേണ്ട, കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ പെട്ടവരെ സഹായിക്കണം എന്നാണ്. ഒരു താരത്തിനപ്പുറം മനുഷ്യത്വമുള്ളയാളിലേക്ക് അയാൾ നടക്കുന്നത് ഇതാദ്യമല്ല. ‘എൻ നെഞ്ചിൽ കുടിയിറ്ക്കും’ എന്ന വാക്കിന് പിറകിലെ ജനകീയ വികാരം തന്നെയാണ് ഇളയ ദളപതി എന്ന പേരിന് പിറകിലെ ചരിത്രവും അടയാളപ്പെടുത്തുന്നത്. അതിന് തമിഴന്റെ ഉള്ളു തൊടുന്ന സ്നേഹവുമായും, ആപത്തിൽ നിന്ന് അവരെ രക്ഷിക്കാൻ ഒരാൾ പ്രതിസന്ധികൾ തരണം ചെയ്ത് വരുമെന്ന വിശ്വാസവുമായും ശരിയായ ബന്ധമുണ്ട്.
വിജയ്‌യെ അടയാളപ്പെടുത്താൻ സിനിമയേക്കാളും അഭിനയത്തെക്കാളും മികച്ച മാർഗം ആരാധകരുടെ നെഞ്ചിൽ നിന്നുയിർക്കുന്ന ശബ്ദങ്ങൾ തന്നെയാണ്. നിരൂപകർ സ്ഥിരം രക്ഷകനെന്നും അഭിനയിക്കാൻ അറിയാത്തവനെന്നും മുദ്രകുത്തുമ്പോൾ മറുപുറത്ത് വിജയ് ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലേക്ക് സഞ്ചരിക്കുകയായിരുന്നു. വിജയ് എന്ന പേര് തന്നെ ഒരു ബ്രാൻഡ് ആയി മാറിയതും, ആ പേര് ഉണ്ടെങ്കിൽ കുറഞ്ഞത് 5 കോടിയെങ്കിലും ഒരു സിനിമയ്ക്ക് ലാഭം ലഭിക്കുമെന്ന സത്യം തമിഴ് സിനിമാ ലോകം തിരിച്ചറിഞ്ഞതും കാലങ്ങൾക്ക് മുൻപേയാണ്. പലരും അഭിനയത്തിന്റെ സാധ്യതകൾ തിരഞ്ഞു പോയപ്പോൾ വിജയ് അയാളുടെ താരമൂല്യത്തെ കൂടുതൽ മിനുക്കിക്കൊണ്ടേയിരുന്നു. ഒരുപക്ഷെ തൻ്റെ പരിമിതികൾ തിരിച്ചറിഞ്ഞത് കൊണ്ടാകാം അയാൾ സിനിമയെ ഒരു വാണിജ്യ മൂല്യമുള്ള ഉപാധിയാക്കി മാറ്റിയത്.
വിജയിസം ഒരു വികാരം
തെന്നിന്ത്യൻ സിനിമയുടെ കഴിഞ്ഞ 30 വർഷങ്ങൾ, സകലകലാവല്ലഭന്മാരും സൂപ്പർതാരങ്ങളും വരേയ്ക്ക് വന്നുപോയ മൂന്ന് പതിറ്റാണ്ടുകൾ. രജനികാന്ത്, കമൽ ഹാസൻ, ശരത് കുമാർ, സത്യരാജ്, രാമരാജൻ, വിജയ് കാന്ത്, തുടങ്ങിയവരുടെ താരപദവികൾക്ക് ചൂടുപിടിച്ച എൺപതുകളിലെ തമിഴ് സിനിമാ ലോകത്തിലേക്ക് ഒരു കൊച്ചു പയ്യൻ കടന്ന് വന്നു,അന്നൊരു പതിവ് റിലീസ് ദിവസമായിരുന്നു, സ്ഥിരം പ്രേക്ഷകർ, സ്ഥിരം സിനിമാ സ്വപ്‌നങ്ങൾ, തമിഴ്നാടിന്റെ ഉഷ്ണക്കാറ്റ് തിയേറ്ററുകൾക്ക് മേൽ ആഞ്ഞടിച്ച ആ ഉച്ച നേരത്ത് തെന്നിന്ത്യയിൽ ഒരു സൂര്യോദായമുണ്ടായി, വിജയ് ചന്ദ്രശേഖർ എന്ന നടൻ തന്റെ അടയാളം തമിഴ് സിനിമയിൽ ആദ്യമായി പതിപ്പിച്ചു. പിന്നീട് നടന്നതിനെ ചരിത്രമെന്നല്ലാതെ വിശേഷിപ്പിക്കാൻ കഴിയില്ല.
പൂവേ ഉനക്കാക, തുള്ളാത്ത മനവും തുള്ളും,കോയമ്പത്തൂർ മാപ്പിളയ്, ലവ് ടുഡേ തുടങ്ങി വിജയ് അഭിനയിച്ച സിനിമകളൊക്കെ തന്നെ നൂറും നൂറ്റൻപതും ദിവസങ്ങളാണ് തമിഴ്നാട്ടിലെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചത്. അഭിനയത്തിന്റെ അതിഭാവുകത്വമായിരുന്നില്ല അയാളുടെ മുതൽക്കൂട്ട്, ആ ചിരിയും പതിഞ്ഞ സംഭാഷണങ്ങളിലെ വ്യത്യസ്തതയുമായിരുന്നു അയാളെ നയിച്ചത്.
ഈ മുഖം വച്ച് എന്ത് ചെയ്യാനാണ് എന്ന് ചോദിച്ചവർക്കുള്ള മറുപടി വിജയ് നൽകിയത് വാക്കുകൾ കൊണ്ടല്ല സിനിമകൾ കൊണ്ടായിരുന്നു. അച്ഛൻ സംവിധായനായിരുന്നിട്ടും വിജയ് അറിയപ്പെട്ടത് അയാളുടെ കഴിവിന്റെ മാത്രം പേരിലാണ്. അയാൾക്ക് തണലാകാൻ ഒന്നും തന്നെ പിന്നിട്ട വഴികളിൽ ഉണ്ടായിരുന്നില്ല. പക്ഷെ മുൻപിൽ വെട്ടിപ്പിടിക്കാൻ വേണ്ട മണ്ണും, മനുഷ്യരും ധാരാളമുണ്ടായിരുന്നു.
2004 ൽ പുറത്തിറങ്ങിയ ഗില്ലിയാണ് വിജയ് എന്ന നടനെ പ്രേക്ഷകന്റെ പൾസാക്കി മാറ്റുന്നത്. അന്ന് മുതൽ ആ നടൻ തമിഴ് മക്കളുടെ ആരാധ്യ പുരുഷനായി. കോമഡിയും, പ്രണയവും, ആക്ഷനും സമാസംമം ഒത്തുചേരുമ്പോഴുള്ള ഒരു എന്റർടൈൻമെന്റ് ഫാക്ടർ മറ്റൊരു നടനിലും ഇല്ലാത്തവിധം വിജയ് എന്ന പ്രതിഭയിൽ പ്രേക്ഷകർ കണ്ടു. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഗില്ലി, തമിഴ്ലെത്തന്നെ എക്കാലത്തെയും വലിയ ഹിറ്റായി മാറി. തുടർന്ന് വന്ന, തിരുപ്പാച്ചി, ശിവകാശി, തിരുമല, എന്നീ ചിത്രങ്ങൾ എല്ലാം തന്നെ ദരിദ്ര നാരായണമാരുടെ സ്വപ്ന സങ്കൽപ്പങ്ങളെ ഊട്ടിയുറപ്പിച്ചതോടെ, ഒരു രക്ഷകനായി സമൂഹവും സിനിമയും വിജയ് എന്ന നടനെ അടയാളപ്പെടുത്തി.
പോക്കിരിയിൽ ഒരു വിജയ് ഷോ തന്നെ 2007 ൽ അരങ്ങേറിയപ്പോൾ മറ്റാർക്കും നൽകാത്ത ഹൃദയത്തിന്റെ ഇടങ്ങൾ തമിഴർ അയാൾക്ക് തീറെഴുതിക്കൊടുത്തു, ഭൂമിയിലെ ഒട്ടുമിക്ക മനുഷ്യരും സിനിമ കാണുന്നത് സന്തോഷിക്കാനാണ്, ആസ്വാധനത്തിന്റെ അതിർവരമ്പുകൾ പൊട്ടുന്ന നിമിഷങ്ങളിലൂടെ കടന്ന് പോകാനാണ്, അവർക്ക് വിജയ് അവരുടെ ദൈവവും, ദളപതിയുമാണ്.
പാരമ്പര്യവും, ഇന്ത്യൻ സിനിമാ പ്രേക്ഷകരുടെ സൗന്ദര്യ സങ്കൽപ്പവും പലവട്ടം വേട്ടയാടിയ വിജയ് ഇന്നെത്തി നിൽക്കുന്നത് ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവുമധികം താരമൂല്യമുള്ള നടന്മാരുടെ പട്ടികയിൽ ഒന്നാമതാണ്. സിനിമയിൽ നായകൻ വിജയ് ആണോ എങ്കിൽ കുറഞ്ഞത് അഞ്ചുകോടി ലാഭം കിട്ടുമെന്ന് അഴകിയ തമിഴ്മകൻ സിനിമ നിർമ്മിച്ച സ്വർഗ്ഗചിത്ര അപ്പച്ചൻ പറഞ്ഞത് 2007 ലാണ്. അന്നത്തെ അഞ്ചുകോടി ഇന്നത്തെ അൻപത് കോടിയായി ഉയർന്നിരിക്കുന്നു. അതായത് വിജയ് എന്നത് ഒരു ബ്രാൻഡ് നെയിം ആയി ഇന്ത്യൻ സിനിമയിൽ മാറിയിരിക്കുന്നു.
അയാൾക്ക് വേണ്ടി സിനിമ ചെയ്യാൻ വരി നിൽക്കുന്ന സംവിധായകൻ, അയാൾക്ക് വേണ്ടി എഴുതാൻ കാത്തിരിക്കുന്ന കഥാകൃതുക്കൾ, അയാൾക്ക് വേണ്ടി സംഗീതം ചെയ്യാനും, ഡാൻസ് പഠിപ്പിക്കാനും വരെ കാത്തിരിക്കുന്ന കലാകാരന്മാർ.
എങ്കളെ മാരി പസങ്കളെ പാക്ക പുടിയ്ക്കാത് പാക്ക പാക്ക താൻ പുടിയ്ക്കും. തമിഴ് സൂപ്പർസ്റ്റാർ ധനുഷിന്റെ ഈ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ, കണ്ട് കണ്ട് നമ്മൾ ഇഷ്ടപ്പെട്ടുപോയ, ആരാധിച്ചു പോയ ഒരു നടനാണ് വിജയ്. അയാളുടെ സ്റ്റാർഡത്തിന് മുകളിൽ ഒരാകാശവും വരില്ല, അയാളുടെ ജനപ്രീതിയ്ക്ക് മുകളിൽ ഒരൊറ്റ മനുഷ്യനുമെത്തില്ല. അതുകൊണ്ട് തന്നെയാണല്ലോ ഇളയ ദളപതി എന്ന ഹൃദയവാക്യം കൊടുത്തുകൊണ്ട് തമിഴ് മക്കൾ ആ പ്രതിഭയെ ഉയരങ്ങളിൽ പ്രതിഷ്ടിച്ചിരിക്കുന്നത്.
ആരാധകരുടെ അകമ്പടിയിൽ അയാൾ വന്നപ്പോഴൊക്കെ നെഞ്ചു തല്ലി വിളിച്ച് ജനങ്ങൾ സന്തോഷത്തിന്റെ സാഗരങ്ങൾ കണക്കെ തെരുവുകളിൽ പ്രത്യക്ഷപ്പെട്ടു, അയാൾക്കുവേണ്ടി കൊല്ലാനും ചാവാനും മനുഷ്യർ തയ്യാറായി. വെറും 500 രൂപ വാങ്ങി അഭിനയിച്ചു തുടങ്ങിയ വിജയ് എന്ന മനുഷ്യൻ ഇപ്പോൾ കോടിക്കണക്കിനു മനുഷ്യരുടെ ഹൃദയം അടക്കിവാഴുന്ന അവരുടെ ഇളയ ദളപതിയാണ്.
അട്ടഹാസങ്ങളോ, സങ്കടപ്പെരുമഴകളോ, ഇല്ലാതെ വിജയ് ഇപ്പോഴും തെന്നിന്ത്യൻ സിനിമയുടെ ഭൂമികയിലങ്ങനെ ഒരൊറ്റയാനായി വിഹരിക്കുകയാണ്. മതം പറഞ്ഞും നിറം പറഞ്ഞും രാഷ്ട്രീയം പറഞ്ഞും തളർത്താൻ ശ്രമിച്ചവർക്കെല്ലാം മുകളിൽ അയാളിന്ന് വളർന്നു കഴിഞ്ഞിരിക്കുന്നു. എത്ര പേര് ചുറ്റിപ്പിടിച്ചാലും ഇളകാത്ത ഒരു സിംഹാസനം ഇന്നയാൾക്ക് ഇന്ത്യൻ സിനിമയിലുണ്ട്. മനുഷ്യരെ മനുഷ്യരായി കാണാനും അവർക്കൊപ്പം നിൽക്കാനുമുള്ള അയാളുടെ മനസ്സും, ധൈര്യവും ഇനിയും ഉയരങ്ങളിലേക്കും ഹൃദയങ്ങളിലേക്കും വിജയെ നയിക്കും. ഇതുവരെകണ്ടത് ഒരു സാമ്പിൾ വെടിക്കെട്ട് മാത്രം, കാത്തിരിക്കാം മനുഷ്യരിലേക്കിറങ്ങിച്ചെല്ലുന്ന വിജയുടെ രാഷ്ട്രീയ നിലപാടുകൾക്കായി
പുറന്തനാൽ വാഴ്ത്തുക്കൾ തലൈവാ…
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here