ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ചില സംവിധായകരുടെ സിനിമകളില്‍ അഭിനയിക്കാന്‍ കഴിയാത്തത് വലിയ നഷ്ടമാണെന്ന് തുറന്നുപറഞ്ഞ് നടന്‍ വിജയരാഘവന്‍.
തനിക്ക് കെ.ജി. ജോര്‍ജ്, പത്മരാജന്‍, ഭരതന്‍, പ്രിയദര്‍ശന്‍ തുടങ്ങിയ സംവിധായകരുടെ സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും താന്‍ ഏറെ ഇഷ്ട്ടപ്പെടുന്ന സംവിധായകനാണ് കെ.ജി.ജോര്‍ജെന്നും വിജയരാഘവന്‍ പറഞ്ഞു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
‘എനിക്ക് കെ.ജി ജോര്‍ജ് സാറിന്റെ സിനിമയില്‍ അഭിനയിക്കാന്‍ പറ്റിയിട്ടില്ല. പ്രിയദര്‍ശന്റെ സിനിമയില്‍ അഭിനയിച്ചിട്ടില്ല, പത്മരാജന്‍ സാറിന്റെ സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല, ഹരിഹരന്‍ സാര്‍, ബാലചന്ദ്ര മേനോന്‍ അങ്ങനെ എനിക്ക് നിരവധിയാളുകളുടെ സിനിമ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇതൊക്കെ സിനിമയില്‍ ഒരു നഷ്ടമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
സിബി മലയിലിന്റെ ഒരു പടത്തിലെ ഞാന്‍ അഭിനയിച്ചിട്ടുള്ളൂ. സത്യന്‍ അന്തിക്കാടിന്റെ രണ്ട് സിനിമകള്‍ മാത്രമാണ് ഞാന്‍ ചെയ്തിട്ടുള്ളൂ. ഞാന്‍ കരിയര്‍ തുടങ്ങിയ സമയത്തൊന്നും അവരുടെ സിനിമകളില്‍ അഭിനയിച്ചിട്ടില്ല. സത്യം പറഞ്ഞാല്‍ ഞാന്‍ ജോഷി, കെ.മധു, ഷാജി കൈലാസ് ഇവരുടെയൊക്കെ സിനിമയിലൂടെയാണ് കൂടുതല്‍ ചിത്രങ്ങളുടെ ഭാഗമാവുന്നത്.
ശരിക്കും വലിയ നഷ്ടമാണ്. പലരും ജോര്‍ജ് സാറിനെ കുറിച്ചൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. മമ്മൂട്ടിയൊക്കെ അവരോടൊപ്പമുള്ള അനുഭവങ്ങള്‍ പറയുമ്പോള്‍ എനിക്ക് വലിയ നഷ്ടം തോന്നും. അതൊക്കെ വലിയ കാര്യമല്ലേ. എനിക്ക് മലയാളത്തില്‍ ഏറ്റവും ഇഷ്ടമുള്ള സംവിധായകരില്‍ ഒരാളാണ് ജോര്‍ജ് സാര്‍. അതുപോലെ ഭരതന്‍ സാര്‍.
ജോര്‍ജ് സാറിനൊപ്പമെല്ലാം അഭിനയിക്കാന്‍ നല്ല രസമാണെന്നാണ് കേട്ടിട്ടുള്ളത്. പക്ഷെ അതിനൊന്നും കഴിയാത്തത് വലിയ നഷ്ടം തന്നെയാണ്,’വിജയരാഘവന്‍ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here