ആ ഉപഹാരം എന്നും വിലയേറിയ ഒരു ഓർമയായിരിക്കും, എംടി ജീവിച്ച കോഴിക്കോട് തന്നെ ജീവിക്കാനായി എന്നത് സുകൃതം; വിനോദ് കോവൂർ

എം.ടി. വാസുദേവൻ നായരുടെ വിയോഗത്തോടെ മലയാളത്തിൻ്റെ സുകൃതമാണ് ഓർമയായതെന്ന് നടൻ വിനോദ് കോവൂർ. എംടിയുടെ തിരക്കഥ വായിച്ചു തുടങ്ങിയ കാലം തൊട്ട് അദ്ദേഹത്തിൻ്റെ ഒരു കഥാപാത്രം ചെയ്യാൻ മോഹം തോന്നിയിരുന്നെന്നും വിനോദ് കുമാർ പറഞ്ഞു. എംടിയോടുള്ള തൻ്റെ അടുപ്പം വ്യക്തമാക്കുന്ന ഫേസ്ബുക്ക് കുറിപ്പിലാണ് നടൻ ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.

വിനോദ് കോവൂരിൻ്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണ രൂപത്തിൽ:

മലയാളത്തിൻ്റെ സുകൃതം ഓർമയായ്

കോഴിക്കോട്ടുകാരനായത് കൊണ്ട് തന്നെ ഒത്തിരി തവണ എം ടി യെ കാണാനും കൊട്ടാരം റോഡിലെ വീട്ടിൽ സന്ദർശിക്കാനും അവസരം ലഭിച്ചിട്ടുണ്ട്.

കൊട്ടാരം റോഡിൽ തന്നെയായിരുന്നു ഇന്ത്യൻ യൂത്ത് അസോസിയേഷൻ്റെ ഓഫീസ് .ജ്ഞാനപീഠ പുരസ്കാരം നേടിയ സമയത്ത് ഞങ്ങൾ ഐവൈഎ അംഗങ്ങൾ വീട്ടിൽ ചെന്ന് എം ടി സാറിനെ അഭിനന്ദിച്ചിരുന്നു.

വർഷങ്ങൾക്ക് മുമ്പ് തോപ്പിൽ ഭാസി സാർ പറഞ്ഞപ്രകാരം ഞാനും എൻ്റെ അച്ഛനും കൂടി എംടി സാറിനെ കാണാൻ ചെന്നിരുന്നു.

ALSO READ: സഹ സംവിധായകനായിരുന്ന കാലം തൊട്ടേ വലിയ വാൽസല്യത്തോടെയാണ് എംടി പെരുമാറിയിരുന്നത്, അദ്ദേഹത്തിൻ്റെ കാലത്ത് ജീവിക്കാനായത് പുണ്യം; കമൽ

ശേഷം എം ടി യുടെ ഒരു തിരക്കഥ സിനിമയാക്കുന്ന സന്ദർഭത്തിൽ എന്നെ ഒരു വേഷത്തിന് വേണ്ടി എംടി സാർ ഇൻ്റർവ്യൂ ചെയ്തിരുന്നു. എന്തോ ആ സിനിമയിൽ അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായില്ല.

പ്രി ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് എംടിയുടെ കാലവും നാലുകെട്ടും ഒക്കെ വായിച്ച് എംടിയോട് ആരാധന തോന്നി തുടങ്ങിയത്. പിന്നീട് എം ടി തിരക്കഥ ഒരുക്കിയ ചിത്രങ്ങൾ ഓരോന്ന് കാണുമ്പോൾ എം ടി യുടെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള മോഹം കൂടി വന്നു അങ്ങനെ മൂന്ന് പതിറ്റാണ്ട് കഴിഞ്ഞപ്പോൾ എംടി യുടെ കഥാപാത്രം അവതരിപ്പിക്കാൻ ഒരു ഭാഗ്യം വന്നു . എം ടി സാർ തിരക്കഥ രചിച്ച പഴയ ഓളവും തീരവും എന്ന സിനിമ സംവിധായകൻ പ്രിയദർശൻ സാർ റിമേക്ക് ചെയ്തപ്പോൾ അതിൽ ചെറുതാണെങ്കിലും ഒരു വേഷം ചെയ്യാനുള്ള ഭാഗ്യം ഉണ്ടായി. അതിന് നിമിത്തമായത് പ്രിയദർശൻ സാറും എംടി യുടെ മകൾ അശ്വതിയും സുധീർ അമ്പലപ്പാടുമാണ്.

എന്തായാലും എം ടി സാർ എഴുതി വെച്ച കഥാപാത്രമാണല്ലോ.

പ്രിയൻ സാറിൻ്റെ നിർദ്ദേശപ്രകാരം ആ കഥാപാത്രം ചെയ്തു. പ്രിയൻ സാർ ചേർത്ത് പിടിച്ച് അഭിനന്ദിച്ചു. മനോരഥങ്ങളുടെ ലോഞ്ചിംഗ് ചടങ്ങിൽ വെച്ച് എം ടി യുടെ ചിത്രം കൊത്തിവെച്ച ഒരു ശില്പം ഉപഹാരമായി ലഭിച്ചു. മനസിൽ ഒരു പാട് സന്തോഷം തോന്നിയ ഒരു നിമിഷമായിരുന്നു അത്. എനിക്ക് ലഭിച്ച പുരസ്കാരങ്ങളുടെ നടുവിൽ ഏറ്റവും വിലപിടിപ്പുള്ള ഒരു ഉപഹാരമായ് അത് സ്ഥാനം പിടിച്ചിരിക്കുന്നു

എന്നും വിലയേറിയ ഒരു ഓർമയായിരിക്കും അത്. എംടി സാർ മാത്രമേ പോയിട്ടുള്ളു അദ്ദേഹത്തിൻ്റെ ഭാവനയിൽ രൂപം കൊണ്ട ഒരു പാട് കഥാപാത്രങ്ങൾ ഈ ഭൂമിയുള്ള കാലം വരെ ഇവിടെ ഉണ്ടാകും.

എംടിയെ പോലെ ഇത്രയും ബഹുമാനപ്പെട്ട ഒരു സാഹിത്യകാരൻ ജീവിച്ച കോഴിക്കോട് തന്നെ എന്നെ പോലെ ഒരു കൊച്ചു കലാകാരനും ജീവിക്കാൻ ഭാഗ്യം ലഭിച്ചു എന്നത് സുകൃതം. അവസാനമായ് ഒരു നോക്ക് കാണുന്നത് കൊച്ചിയിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയിലാണ്. കോഴിക്കോടിൻ്റെ അഭിമാനമായ എം ടി വാസുദേവൻ നായരുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News