സിനിമാ പ്രവർത്തകരുടെ പരാതി; മുൻ‌കൂർ ജാമ്യാപേക്ഷ നൽകി നടൻമാർ

പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ കുറ്റാരോപിതരായ നടൻമാർ മുൻകൂർ ജാമ്യത്തിനായി നീക്കം തുടങ്ങി. സിദ്ദീഖ്, മുകേഷ്, ഇടവേള ബാബു തുടങ്ങിയവർ കൊച്ചിയിലെത്തി അഭിഭാഷകരെ കണ്ടു. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വേണ്ടി ഹാജരായ പ്രമുഖ ക്രിമിനൽ അഭിഭാഷകനെ തന്നെയാണ് സിദ്ദീഖ് കേസ് ഏൽപ്പിച്ചിരിക്കുന്നത്. ബലാൽസംഗം, തടഞ്ഞുവയ്ക്കൽ ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തപ്പെട്ട സിദ്ദീഖാണ് കൂടുതൽ പ്രതിസന്ധി നേരിടുന്ന താരം. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ കൂടിച്ചേർക്കുന്നതോടെ മുൻകൂർ ജാമ്യത്തിന് പോലും സാധ്യതകൾ അടയും. എങ്കിലും കൊച്ചിയിലെ പ്രമുഖ അഭിഭാഷകനെ തന്നെ സിദ്ദീഖ് കേസ് ഏൽപ്പിച്ചു. ദിലീപിനു വേണ്ടി അടക്കം ഹാജരായ ക്രിമിനൽ അഭിഭാഷകനെ സിദ്ദീഖ് ഇതിനകം സന്ദർശിച്ചു.

Also Read: സംവിധായകൻ രഞ്ജിത്തിനെതിരായ കേസ്; സംവിധായകൻ ജോഷി ജോസഫിന്റെ സാക്ഷിമൊഴിയെടുക്കും

ആദ്യം തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയെ സമീപിക്കാനും അനുകൂലമല്ലെങ്കിൽ മാത്രം ഹൈക്കോടതിയെ സമീപിക്കാനും ആണ് സിദ്ദീഖിന് ലഭിച്ച നിയമോപദേശം. മറ്റൊരു നടനായ മുകേഷും സമാന പ്രതിസന്ധി നേരിടുന്നുണ്ട്. ജാമ്യമില്ല വകുപ്പുകൾ ആണ് മുകേഷിനെതിരെയും ചുമത്തിയിരിക്കുന്നത്. മുകേഷും നിയമനടപടികളുമായി ബന്ധപ്പെട്ട് അഭിഭാഷകനെ സമീപിച്ചു. മുൻകൂർ ജാമ്യ ഹർജിയിൽ പരാതിക്കാരിയുടെ വിശ്വാസ്യതയാണ് മുകേഷ് ചോദ്യം ചെയ്യുന്നത്. പണം ആവശ്യപ്പെട്ട് പരാതിക്കാരി തന്നെ സമീപിച്ചതിന്റെ ഡിജിറ്റൽ തെളിവുകൾ മുകേഷ് അഭിഭാഷകന് കൈമാറി. ഒരു ലക്ഷം രൂപ ഇടനിലക്കാരൻ വഴി പരാതിക്കാരി ആവശ്യപ്പെട്ടുവെന്നും ബ്ലാക്ക് മെയിലിംഗ് ആണ് ലക്ഷ്യം എന്നും മുകേഷ് ആരോപിക്കുന്നു. ഈ വിവരങ്ങൾ മുൻകൂർ ജാമ്യം പരിഗണിക്കുന്ന വേളയിൽ കോടതി മുഖവിലക്കെടുത്താൽ മുകേഷിന് അത് ആശ്വാസമാകും.

Also Read: ‘മുകേഷിന്റെ രാജിയിൽ ഉചിതമായ തീരുമാനമുണ്ടാകും; ഇത്തരം കാര്യങ്ങൾ ഗൗരവമുള്ളത്’: എംഎ ബേബി

അഭിഭാഷകൻ കൂടിയായ കോൺഗ്രസ് നേതാവ് വിഎസ് ചന്ദ്രശേഖരനാണ് മറ്റൊരു പ്രതി. ഗുരുതര വകുപ്പുകൾ ആണ് ചന്ദ്രശേഖരനെതിരെയും ചുമത്തിയിരിക്കുന്നത്. ഇടവേള ബാബു, മണിയൻപിള്ള രാജു പ്രൊഡക്ഷൻ കൺട്രോളർ മാരായ നോബിൾ , വിച്ചു എന്നിവരും അഭിഭാഷകരുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. തിരുവനന്തപുരം സ്വദേശിനിയുടെ പരാതിയിൽ ജയസൂര്യക്കെതിരെ എടുത്ത കേസിലും നടപടികൾ പുരോഗമിക്കുന്നു. സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് വിദേശത്തുള്ള ജയസൂര്യയും മുൻകൂർ ജാമ്യത്തിനായി ശ്രമം ആരംഭിച്ചു. മുൻകൂർ ജാമ്യഹർജികൾ സമർപ്പിച്ചാലുടൻ പ്രത്യേക മെൻഷൻ വഴി കോടതിയിൽ എത്തിക്കാനാണ് അഭിഭാഷകരുടെ നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News