മോദിയും അമിത്‌ ഷായും നേതൃത്വം നൽകുന്ന അതിക്രമ കർസേവയെ പ്രതിരോധിക്കണം, ഫാസിസ്റ്റുകൾക്കെതിരെ ഇനിയും ശബ്ദമുയർത്തും: ഗായത്രി

ഫാസിസ്റ്റ് ശക്തികൾക്കെതിരെ സംസാരിച്ചതിന് സൈബർ ആക്രമണം നേരിടേണ്ടി വന്ന താരമാണ് ഗായത്രി. മോദിയെയും അമിത് ഷായെയും വിമർശിച്ചതിന് നടിക്കെതിരെ വിമർശനവുമായി പലരും രംഗത്തെത്തിയിരുന്നു. എന്നാൽ പ്രതിസന്ധികൾക്കിടയിലും തന്റെ നിലപാടുകളിൽ തന്നെ ഉറച്ചു നിൽക്കുകയാണ് താരം. രാഷ്ട്രീയമാണ് തന്റെ കരുത്തെന്നും, അതാണ് തന്റെ ജീവിതമെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗായത്രി പറഞ്ഞു.

ഗായത്രി പറഞ്ഞത്

കോട്ടയം പാലായ്‌ക്കടുത്ത്‌ ഇടനാടാണ്‌ എന്റെ സ്വദേശം. എട്ടാം വയസ്സിലാണ്‌ ഞാൻ ബാലസംഘം ഇടനാട്‌ യൂണിറ്റ്‌ പ്രസിഡന്റാകുന്നത്‌. ബാലസംഘത്തിന്റെ കോട്ടയം ജില്ലാ വൈസ്‌പ്രസിഡന്റടക്കം പല ഘടകങ്ങളിലായി വിവിധ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്‌. ബാലസംഘത്തിന്റെ ആദ്യ വേനൽത്തുമ്പി കലാജാഥയിൽ അംഗമായിരുന്നു. കൊല്ലത്ത്‌ നടന്ന സംസ്ഥാന ക്യാമ്പിൽ മികച്ച ക്യാമ്പംഗമായും തെരഞ്ഞെടുക്കപ്പെട്ടു. വൈക്കം വിശ്വൻ, എം വി രാഘവൻ, എം എ ബേബി, കെ എസ്‌ കൃഷ്‌ണൻ കുട്ടിനായർ -തുടങ്ങി നേതാക്കളെ കണ്ടും പ്രസംഗം കേട്ടും പാർടി അടിത്തറയുള്ള വീട്ടിലാണ്‌ ഞാൻ വളർന്നത്‌. സിപിഐ എമ്മിന്റെ കരൂർ ലോക്കൽ സെക്രട്ടറിയും കർഷകസംഘം കോട്ടയം ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു അച്ഛൻ ഡോ. എ എൻ രാജ്‌. അമ്മ സി കെ സുകുമാരി. 18 വർഷമായി ഇടനാട്‌ സർവീസ്‌ സഹകരണ ബാങ്കിൽ പാർടി പ്രതിനിധിയായ ഡയറക്ടറാണ്‌.

ALSO READ: എംപി പദവിയില്‍ നിന്നും ഒഴിവാക്കി; മഹുവ മൊയ്ത്ര സുപ്രീം കോടതിയിലേക്ക്

പറഞ്ഞുവരുന്നത്‌ തികഞ്ഞ മാർക്‌സിസ്റ്റ്‌ കുടുംബത്തിൽ പ്രവർത്തനവും ആശയവും മനസ്സിലാക്കിയും പഠിച്ചുമാണ്‌ പാർടിക്കാരിയായതെന്നാണ്‌. ഇന്നലെ പെയ്‌ത മഴയിൽ മുളച്ച തകരയല്ല ഞാൻ. പ്രീഡിഗ്രിക്ക്‌ പഠിച്ചത്‌ ഉഴവൂർ സെന്റ്‌ സ്‌റ്റീഫൻസ്‌ കോളേജിൽ. ഒന്നാംവർഷം പ്രീഡിഗ്രി റപ്രസന്റേറ്റീവായി ജയിച്ചു. അടുത്ത വർഷം യൂണിയൻ വൈസ്‌ ചെയർപേഴ്‌സണായി. നല്ല മാർക്കുണ്ടായിട്ടും ഡിഗ്രിക്ക്‌ മാനേജ്‌മെന്റ്‌ എനിക്ക്‌ പ്രവേശനം തന്നില്ല. അന്നത്തെ കോട്ടയം ജില്ലാ കലക്ടർ അൽഫോൻസ്‌ കണ്ണന്താനം ഇടപെട്ടാണ്‌ അഡ്‌മിഷൻ തന്നത്‌. അന്ന്‌ പ്രിൻസിപ്പൽ ഒരപേക്ഷപോലെ ഒരു കാര്യം പറഞ്ഞു. കോളേജിൽ തെരഞ്ഞെടുപ്പിന്‌ മത്സരിക്കരുതെന്ന്‌. എന്നാൽ, മൂന്നുവർഷവും എസ്‌എഫ്‌ഐക്കായി പ്രവർത്തിച്ചു. പാലാ ഏരിയ കമ്മിറ്റി അംഗവുമായി.

ആർഎസ്‌എസ്‌ വൽക്കരണത്തിനൊപ്പം ഹിന്ദുത്വവൽക്കരണമാണ്‌ നടക്കുന്നത്‌. ബഹുസ്വരതയുള്ള മതനിരപേക്ഷ രാജ്യത്തെ തകർക്കാനുള്ള നീക്കത്തിനെതിരെ പ്രതികരിക്കാതിരിക്കുന്നതെങ്ങനെയാണ്‌. കേരളത്തിന്‌ പുറത്ത്‌ ദളിതനെ കൂട്ടമായി ആക്രമിക്കുകയും തല്ലിക്കൊല്ലുകയുമാണ്‌. മണിപ്പുർ സംഭവം നമ്മുടെ മുന്നിലില്ലേ. നരേന്ദ്ര മോദിയും അമിത്‌ ഷായും നേതൃത്വം നൽകുന്ന ഈ അതിക്രമ കർസേവയെ പ്രതിരോധിച്ചേ തീരൂ. അതിനായി തെരുവിലായാലും ക്യാമ്പസിലായാലും ഏത്‌ വേദിയിലും ഇനിയും പറഞ്ഞുകൊണ്ടേയിരിക്കും. അമറലും തെറിവിളിയും കേൾക്കുമ്പോൾ തെല്ലുമേ പേടിയില്ല. നീചമായ ഭാഷ കേൾക്കുമ്പോൾ അറപ്പും വെറുപ്പുമുണ്ട്‌. കാലങ്ങളായി ഉപയോഗിക്കുന്ന വൃത്തികെട്ട പദങ്ങളെല്ലാം ഒരു സ്‌ത്രീയായി കണ്ട്‌ എനിക്കെതിരെ എല്ലായിടത്തും വാരിവിതറുന്നുണ്ട്‌. സ്വാതന്ത്ര്യമുണ്ടായിരുന്നു. ചെറിയ ഇടപെടലൊക്കെ പറ്റുമായിരുന്നു. 2014നു ശേഷം പൂർണമായി മാറി. സാംസ്‌കാരിക നയം പ്രാബല്യത്തിൽ വന്നതാണ്‌ കാരണം. എന്താണ്‌ സാംസ്‌കാരിക നയം, ഉള്ളടക്കമെന്ത്‌, ആരാണ്‌ തയ്യാറാക്കിയത്‌ എന്നൊന്നും കലാകാരന്മാർക്കോ രാഷ്‌ട്രീയ നേതാക്കൾക്കോ പോലും അറിയുമോയെന്ന്‌ സംശയമാണ്‌.
പുതിയ സാംസ്‌കാരിക നയം.

ALSO READ: തട്ടികൊണ്ടുപോയ ആറ് വയസുകാരിയെ നേരിൽ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച് മുഖ്യമന്ത്രി; സഹോദരനും കുട്ടിക്കും നവകേരള സദസിന്റെ ആദരം

സി വി ആനന്ദബോസ്‌ എന്ന റിട്ട. ഐഎഎസുകാരനായിരുന്നു കോവിഡ്‌ കാലത്ത്‌ സാംസ്‌കാരിക പ്രവർത്തകരുടെ പ്രശ്‌നങ്ങൾ പഠിക്കാൻ സംഘപരിവാർ നിയോഗിച്ച ആൾ. അതേക്കുറിച്ച്‌ വിവരങ്ങൾ വന്നത്‌ ജന്മഭൂമി പത്രത്തിൽമാത്രം. അക്കാലത്ത്‌ ഇതുമായി ബന്ധപ്പെട്ട വെബിനാറുകളിൽ എന്നെ ക്ഷണിച്ചു. ആരോ പറഞ്ഞ്‌ തെറ്റിദ്ധരിച്ച്‌ വിളിച്ചതാണ്‌. സംഘപരിവാറിന്റെ സാംസ്‌കാരികനയം പ്രത്യക്ഷമായി പുറത്തുവന്നിട്ടില്ലെങ്കിലും ഇപ്പോൾ സംവിധായകനടക്കം സീരിയലിൽ ഒരു പ്രസക്തിയുമില്ല. പ്രൊഡ്യൂസറും ചാനലുകാരും ചേർന്ന്‌ എല്ലാം തീരുമാനിക്കും. ദളിതന്റെയും മുസ്ലിമിന്റെയും കഥയോ ജീവിതമോ ഇല്ലെന്നതല്ല, അത്തരം കഥാപാത്രങ്ങൾപോലും സീരിയലിൽ ഇല്ല. സാംസ്‌കാരിക രംഗത്ത്‌ സംഘപരിവാർ പ്രത്യയശാസ്‌ത്രം ഒളിച്ചുകടത്തുന്നതിലെ അപകടമാണത്‌. അത്‌ ജനാധിപത്യ–മതനിരപേക്ഷ സംസ്‌കാരത്തെ തകർക്കുന്നതാണ്‌. ഈ രാഷ്‌ട്രീയം ആവർത്തിച്ചു പറയും. ഇതൊരു സ്‌ത്രീ പറയുന്നതിനാൽ അസഹിഷ്‌ണുത കൂടുതലാകും. കാരണം അത്രമേൽ സ്‌ത്രീവിരുദ്ധവും പുരുഷകേന്ദ്രീകൃതവുമായ ആശയസംഹിതയാണ്‌ സംഘപരിവാറിന്‌. അതിനാലവർ മീശമാധവനിലെ കഥാപാത്രവും ജാതിയും എല്ലാം ആയുധമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News