സംഘര്‍ഷങ്ങളുമായി ജീവിതം തുടരുമ്പോഴാണ് ബാലു പുതിയ പങ്കാളിയ്ക്കായി മാട്രിമോണിയല്‍ സൈറ്റില്‍ പരസ്യം കൊടുത്തിട്ടുണ്ടെന്ന കാര്യം അറിയുന്നത്; ജോളി ചിറയത്ത്

അടുത്തിടെ സമൂഹ മാധ്യമങ്ങളിലും മറ്റും ഏറെ ചർച്ചയായ ഒരു ആത്മകഥയാണ് ജോളി ചിറയത്തിന്റെ ‘നിന്നുകത്തുന്ന കടലുകൾ’. ഗുസ്‌ബെറി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിലെ പ്രധാനപ്പെട്ട ഒരു ഭാഗം കഴിഞ്ഞ ദിവസം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. തന്റെ പ്രണയവും അതിനെ ചുറ്റിപ്പറ്റി രൂപപ്പെട്ട പ്രശ്നങ്ങളുമാണ് പുസ്തകത്തിന്റെ കാതലായ ഈ ഭാഗത്തിൽ പറയുന്നത്.

വായിക്കാം ജോളി ചിറയത്തിന്റെ നിന്നുകത്തുന്ന കടലുകളിലെ ചില ഭാഗങ്ങൾ

ALSO READ: ചലച്ചിത്ര അക്കാദമിയിൽ ഭിന്നതയില്ല, പുതിയ മാറ്റങ്ങൾ വരുത്തുന്നു; രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് ചെയർമാൻ രഞ്ജിത്ത്

മനുഷ്യാവകാശ പ്രവര്‍ത്തകരെ സംബന്ധിച്ച് എന്റെ പ്രണയിതാവ് അവരുടെ ലെനിന്‍ ആയിരുന്നു. അയാളുടെ കുടുംബം രക്ഷിക്കുക എന്നതായിരുന്നു അവരുടെ പ്രധാന അജണ്ട. ഞാന്‍ പുറത്തുനിന്നു വന്നവളാണ്, ഈ പാര്‍ട്ടിയുടെ ഒന്നും ഭാഗവുമല്ല. ഞങ്ങള്‍ രണ്ടുപേരും തമ്മില്‍ കാണരുതെന്ന് അവരെല്ലാം കൂടെ തീരുമാനം എടുത്തു. അങ്ങനെ വീണ്ടും ജീവിതം വളരെ ഡ്രൈയായി മുന്നോട്ട് പോവുകയാണ്. ബാലു ഗള്‍ഫില്‍ പോകുന്നു, ഇടയ്ക്കു വരുന്നു, പത്തുദിവസമൊക്കെ വീട്ടിലുണ്ടാവും. ഞങ്ങള്‍ക്കിടയിലെ ലൈംഗിക ജീവിതമൊക്കെ അറ്റുപോയിട്ടു വര്‍ഷങ്ങള്‍ ആയിരുന്നു. ഇടയ്ക്ക് ബാലുവിന് ഹൃദയസംബന്ധമായ പ്രശ്‌നം വരുന്നു. ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ട് ലൈംഗികതയെകുറിച്ച് ഞങ്ങള്‍ രണ്ടാളും ചിന്തിക്കുന്നേയില്ല.

പരസ്പരം അത്തരത്തിലുള്ള ഉണര്‍വുകള്‍ ഒക്കെ ഇല്ലാതായിട്ട് ഏറെക്കാലമായിരുന്നു. എനിക്കെന്തോ ലൈംഗിക മരവിപ്പ് ഉണ്ടെന്നാണ് ബാലു പറയുന്നത്. ഞാനതു വിശ്വസിക്കുകയും ചെയ്തു. 37 വയസ്സായപ്പോള്‍ തന്നെ എന്റെ മാസമുറ മൂന്നു മാസത്തില്‍ ഒരിക്കല്‍ എന്ന രീതിയിലേക്ക് ക്രമരഹിതമായി മാറിയിരുന്നു.

ആ സമയം ബാലുവിനൊപ്പം ഗള്‍ഫിലെ ഫ്‌ളാറ്റില്‍ ഞങ്ങളുടെ സുഹൃത്ത് പ്രസന്നന്‍ ധര്‍മപാലനും അനിയനും താമസിക്കുന്നുണ്ട്. അവിടെ അവര്‍ക്ക് സാംസ്‌കാരിക പരിപാടികള്‍, നാടകം, പാട്ട് ഒക്കെയുണ്ട്. കേരളത്തിലേക്ക് വിടുമ്പോള്‍ ഞങ്ങള്‍ക്കിവിടെ സ്വസ്ഥത ഇല്ലെങ്കില്‍ തിരിച്ചു കൊണ്ട് പോകാം എന്നായിരുന്നു ബാലു പറഞ്ഞത്. തിരിച്ചുകൊണ്ടുപോവാന്‍ ഞാന്‍ ഒരുപാട് തവണ ബാലുവിനോട് ആവശ്യപ്പെട്ടു. അതുവരെ ഒരു സ്റ്റുഡിയോ ഫ്‌ളാറ്റ് പോലും എടുക്കാന്‍ താല്‍പര്യം ഇല്ലാത്തയാള്‍, ഒരു ബെഡ് സ്‌പേസ് എടുത്തു മാറി എത്രയും പെട്ടെന്നു പൈസ സമ്പാദിച്ചു കേരളത്തിലേക്ക് വരുമെന്നു പറഞ്ഞയാള്‍ പിന്നെ അവിടെ വളരെ പോഷായിട്ട് ജീവിക്കുന്നതാണ് ഞാന്‍ കാണുന്നത്. ഞങ്ങള്‍ വെക്കേഷന് അവിടേക്കു ചെല്ലുമ്പോള്‍ സെന്‍ട്രല്‍ എ സി യില്‍ വലിയ ഹാളും വലിയ അടുക്കളയും വലിയ ബാത്ത്‌റൂമുമൊക്കെയുള്ള വീട്ടിലാണ് ബാലുവിന്റെ താമസം. ഞങ്ങളെ കൊല്ലത്തില്‍ ഒരു വെക്കേഷന് കൊണ്ടുവരുന്നതിനാണോ ബാലുവിന് ഇത്രയും വലിയ സെറ്റപ്പ് എന്നു ഞാന്‍ ചോദിക്കുന്നുണ്ട്. എനിക്കു സ്വഭാവികമായും വൈരാഗ്യവും വേദനയും തോന്നി. എന്നെയും കുട്ടികളെയും ഗള്‍ഫിലേക്ക് തിരിച്ചു കൊണ്ടുവന്നു കൂടെ എന്നു ബാലുവിന്റെ സുഹൃത്തുക്കള്‍ ചോദിക്കുമ്പോള്‍ ജോളിക്ക് ഇവിടത്തെ ജീവിതം സാധ്യമല്ല, അവള്‍ സാമൂഹ്യപ്രവര്‍ത്തനം നടത്താന്‍ കയര്‍ പൊട്ടിച്ച് കേരളത്തിലേക്ക് പോയതാണ് എന്നാണ് ബാലു എല്ലാവരോടും പറയുന്നത്.

മൂന്നു നാലു വര്‍ഷം അങ്ങനെ കടന്നുപോയി. ഞങ്ങളിങ്ങനെ ഉള്ളിലെ സംഘര്‍ഷങ്ങളുമായി ജീവിതം തുടരുമ്പോഴാണ് ബാലു പുതിയ പങ്കാളിയെത്തേടി മാട്രിമോണിയല്‍ സൈറ്റില്‍ പരസ്യം കൊടുത്തിട്ടുണ്ടെന്ന കാര്യം തമാശരൂപേണ ഒരു സുഹൃത്ത് ബാലുവിന്റെ മുന്നില്‍വെച്ച് എന്നോട് പറയുന്നത്. അവനെന്നെ എരികയറ്റാനായി പറയുകയാണെന്നാണ് ഞാന്‍ വിചാരിച്ചത്. ചേട്ടായിക്ക് ഒരു കല്യാണം കൊണ്ടൊന്നും പൂതി തീര്‍ന്നില്ലേ, ഇനിയും കല്യാണം കഴിക്കാന്‍ തന്നെയാണോ തീരുമാനം എന്ന് ഞാന്‍ തമാശയായി ചോദിച്ചു. ഒരു തമാശയ്ക്ക് താന്‍ അങ്ങനെ കൊടുത്തിരുന്നുവെന്ന് പുള്ളി സമ്മതിച്ചു. അതൊന്നും സീരിയസല്ലെടീ എന്നും പറഞ്ഞു. പക്ഷേ എനിക്കത് വളരെ അവിശ്വസനീയമായി തോന്നി. ഒരു കുടുംബമിരിക്കേ അതൊക്കെ എങ്ങനെ ചെയ്യാന്‍ കഴിയുന്നു എന്നാണ് ഞാന്‍ ആശ്ചര്യപ്പെട്ടത്. കുട്ടികളൊക്കെ വലുതായില്ലേ, അവര്‍ക്ക് 18 വയസ്സു കഴിഞ്ഞില്ലേ, ഇനി നിങ്ങള്‍ക്ക് പിരിഞ്ഞു ജീവിച്ചൂടെ എന്നൊക്കെ ബാലുവിന്റെ സുഹൃത്തുക്കള്‍ ഉപദേശിക്കുമ്പോള്‍ അയാളതിനെ വലിയ മോട്ടിവേഷണല്‍ സ്പീച്ചു പോലെയാണ് എടുക്കുന്നത്. അപ്പോഴും അയാളുടെയുള്ളില്‍ എന്തെങ്കിലും ഗൂഢാലോചനകളോ പദ്ധതികളോ ഉണ്ടെന്നു ഞാന്‍ മനസ്സിലാക്കുന്നില്ല.

2016-ല്‍ ബാലു ഗള്‍ഫ് ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ചുവരികയാണ്. കണ്ണിനു തീരെ വയ്യെന്നും ഇനി വേറൊരാളുടെ സഹായം ഇല്ലാതെ പറ്റില്ലെന്നും പറഞ്ഞപ്പോള്‍ പേടിക്കേണ്ട, ഞാനിവിടെ ഇല്ലേ എന്നു ഞാന്‍ ധൈര്യം കൊടുത്തു. അന്ന് എന്റെ സുഹൃത്തായ രഹ്ന ഫാത്തിമയും അവരുടെ മുന്‍ പങ്കാളിയായിരുന്ന മനോജും അവരുടെ ഹോട്ടല്‍ മേല്‍വാടകയ്ക്ക് കൊടുത്തിരുന്നു. ഞങ്ങള്‍ മൂന്നു പേരും കൂടി ഒരു മൊബൈല്‍ തട്ടുകട തുടങ്ങുന്നതിനെ കുറിച്ചു സംസാരിക്കുകയാണ്. അവര്‍ക്കും അതില്‍ താല്‍പര്യം തോന്നി. പിന്നീടവര്‍ മേല്‍വാടകയ്ക്ക് കൊടുത്ത ഹോട്ടല്‍ തിരിച്ചെടുത്ത് അതു തന്നെ ഞങ്ങള്‍ നടത്താന്‍ തുടങ്ങി. ആ കട തുടങ്ങുമ്പോഴാണ് ബാലു തിരിച്ചു വരുന്നത്. ഞാന്‍ മുഴുവന്‍ സമയവും കടയുടെ പ്രവര്‍ത്തനങ്ങളില്‍ ആണ്. ബാലുവിന് മുന്നോട്ടുള്ള ജീവിതത്തെ കുറിച്ചു പേടി തോന്നരുത്, മറ്റൊരു വരുമാനമാര്‍ഗ്ഗമായി ഹോട്ടലിനെ മാറ്റിയെടുക്കുക എന്നതൊക്കെയാണ് എന്റെ ലക്ഷ്യം. ചെറിയ മകന്‍ പത്താം ക്ലാസ് കഴിഞ്ഞു, അവനെ മൈസൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ ചേര്‍ത്തു.

ALSO READ: ദൃശ്യം 3 ഇറങ്ങുമോ? പ്രതീക്ഷയ്ക്ക് വകയുണ്ടോ? ഒടുവിൽ സത്യാവസ്ഥ വെളിപ്പെടുത്തി ജീത്തു ജോസഫ്

ബാലു തന്റെ സമ്പാദ്യത്തെ കുറിച്ചോ, എന്താണ് മുന്നോട്ടുള്ള പദ്ധതികളെന്നോ ഒരുകാലത്തും എന്നോടു സംസാരിക്കാറില്ല. നാട്ടില്‍ തിരിച്ചെത്തിയ ബാലു മാക്‌സ് വെല്‍ എന്ന സുഹൃത്തിനൊപ്പം ചേര്‍ന്ന് കൊച്ചിയില്‍ ഒരു ആഡ് ഏജന്‍സി തുടങ്ങി. അയാളൊരു സിനിമാ സംവിധായകനാണ്. മാക്‌സിന്റെ അച്ഛനും അമ്മയും ഗോവയില്‍ കുറെ സ്ഥലം പാട്ടത്തിന് എടുത്തു കൃഷി ചെയ്തു കൊണ്ടിരിക്കുകയാണ്. പൈനാപ്പിള്‍, വാഴ, മുരിങ്ങ ഇതൊക്കെയാണ് കൃഷി. ഒരിക്കല്‍ ഞങ്ങളവിടെ പോയിട്ടുണ്ട്. ബാലുവിന് കൃഷി എന്നത് ഇഷ്ടമുള്ള കാര്യമായിരുന്നു. ഗോവയില്‍ ചെറിയ വിലയ്ക്ക് ഭൂമി കിട്ടുമെന്നറിഞ്ഞ് ആള് ഇടയ്ക്ക് അവിടെ പോയി നോക്കുന്നുണ്ട്. നമുക്ക് ഇനി കുറച്ചുകൂടി സമാധാനത്തോടെ വിശ്രമ ജീവിതം നയിക്കാമെന്ന് ഞാന്‍ പറഞ്ഞു. അട്ടപ്പാടിയില്‍ ഒരു കമ്മ്യൂണ്‍ ലൈഫിന് വേണ്ടി പത്തു സുഹൃത്തുക്കള്‍ ചേര്‍ന്ന് പത്തര ഏക്കര്‍ ഭൂമി വാങ്ങിയിരുന്നു. നമുക്ക് അവിടെ എന്തെങ്കിലും ചെയ്യാമെന്ന് ഞാന്‍ പറയുന്നുണ്ട്. ബാലു സ്വാഭാവികമായും ഹോട്ടലില്‍ വന്ന് ഇത്തിരി നേരമിരിക്കുമെന്നും ഞാന്‍ കണക്ക് കൂട്ടുന്നുണ്ട്. ജീവിതം മുന്നോട്ടു പോവണമല്ലോ.

എനിക്കാണെങ്കില്‍ കടയില്‍ പണം വാങ്ങുന്നത് മുതല്‍ മേശ തുടക്കുന്ന ജോലി വരെ ചെയ്യേണ്ടതുണ്ട്. ഈ ബുദ്ധിമുട്ടുകളൊക്കെ ബാലുവിനോട് പറഞ്ഞിട്ടും ആളത് ഗൗനിച്ചില്ല. ബാലു കൈയിലുള്ള പണം ആഡ് ഏജന്‍സിയില്‍ നിക്ഷേപിക്കുകയാണ്. അവിടെ ജോലി ചെയ്യുന്ന മറ്റൊരു സ്ത്രീ സുഹൃത്തിനെ ബാലു ബോര്‍ഡ് മെമ്പര്‍ ആക്കി. ഓരോ ബോര്‍ഡ് മെമ്പറും മൂന്നു ലക്ഷം രൂപ നിക്ഷേപിക്കണം. ആ സ്ത്രീയുടെ പേരിലും ബാലു മൂന്നു ലക്ഷം രൂപ നിക്ഷേപിച്ചു. ഇതൊന്നും എന്നോട് ചോദിക്കുകയോ പറയുകയോ ചെയ്യുന്നില്ല. കൂടാതെ, ഗോവയില്‍ പോയി 25 ഏക്കര്‍ ഭൂമി എടുത്തു, പാട്ടത്തിന് കൃഷി ചെയ്യാന്‍. ആ ഇനത്തില്‍ 10-12 ലക്ഷം രൂപ നഷ്ടമായി. ഒരു ഓഡിയോ സി ഡി ഇറക്കാനായി ആറേഴു ലക്ഷം രൂപ പിന്നെയും ചെലവഴിച്ചു. അതും നഷ്ടമായി. ഗള്‍ഫില്‍ നിന്നും വരുമ്പോള്‍ ബാലു ജോലി രാജി വെച്ചിട്ടുണ്ടായിരുന്നില്ല. അവിടെ നിന്നും എടുത്ത ലോണ്‍ അടച്ചു തീര്‍ക്കാനുണ്ടായിരുന്നു. കണ്ണിന് വയ്യാത്തതുകൊണ്ട് ഇനി ജോലി ചെയ്യാന്‍ കഴിയില്ലെന്നു പറഞ്ഞ് നാട്ടിലിരുന്നാണ് ബാലു രാജിക്കത്ത് അയച്ചത്. അപ്പോള്‍ കിട്ടാനുള്ള പി എഫും സെക്യൂരിറ്റിയുമൊക്കെ ബാങ്കിലേക്കാണ് പോവുക. ഇതൊന്നും എന്നോടു പറയുന്നില്ല. അതിനിടയില്‍ തറവാട് ഭാഗം ചെയ്ത് അതിന്റെ ഷെയറും കിട്ടുന്നുണ്ട്.

കുറച്ചു കാലം കഴിഞ്ഞ് ബാലുവിന് പുതിയൊരു ബന്ധമുണ്ടായി എന്ന വാര്‍ത്ത ഞാന്‍ കേള്‍ക്കുകയാണ്. ബാലു ഇടയ്‌ക്കൊന്നും വീട്ടില്‍ വരില്ല. ഞാന്‍ രാവിലെ ഹോട്ടലില്‍ പോയാല്‍ വൈകുന്നേരമാണ് വരിക. ഈ മനുഷ്യന്‍ ഒറ്റയ്ക്ക് വീട്ടില്‍ ഇരിക്കേണ്ടല്ലോ, എവിടേക്കെങ്കിലും പോയിവരട്ടെ എന്നു ഞാനും വിചാരിക്കും. അതുകൊണ്ട് അത്തരം കാര്യങ്ങളില്‍ ഞാന്‍ ഇടപെടാറില്ലായിരുന്നു. ബാലു ഇടയ്ക്ക് തൃശ്ശൂരില്‍ പോകും, ചേച്ചിയുടെ വീട്ടില്‍ താമസിക്കും. കൂട്ടുകാരുടെ വീടുകളില്‍ പോയി തങ്ങും. രാത്രി വിളിച്ച് ഇന്നയാളുടെ വീട്ടിലാണ് എന്നു പറയും. ഞാനത് കണ്ണടച്ച് വിശ്വസിക്കും. പക്ഷേ പ്രണയം സംബന്ധിച്ച വാര്‍ത്തകളെല്ലാം പെട്ടെന്നു തന്നെ പരക്കുമല്ലോ, അധിക നാള്‍ ഒളിപ്പിച്ചുവെയ്ക്കാന്‍ കഴിയണമെന്നുമില്ല. ബാലുവിന്റെ കൂട്ടുകാര്‍ തന്നെ എന്നെ വിളിച്ച് സൂക്ഷിച്ചോ ബാലു ഞങ്ങളുടെ അടുത്തേക്കല്ല, വേറെ എവിടേയോ ആണ് പോകുന്നത് എന്നു പറഞ്ഞു.

എന്താണ് വേറെ ചുറ്റിക്കളികളുണ്ടോ എന്നു ബാലുവിനോടു ഞാന്‍ ചോദിക്കുന്നുണ്ട്. ഇനിയെങ്കിലും ജീവിതത്തോടു ഉത്തരവാദിത്തം വേണം, മക്കളൊക്കെ വലുതാവുകയാണ് എന്ന് ഞാന്‍ ഓര്‍മ്മിപ്പിച്ചു. മൂത്ത മകന്‍ ഷാബു മോന്‍ പൂനെ സിംബയോസില്‍ ക്യാമറ മെയിന്‍ ആയി എടുത്തു ഡിഗ്രി ചെയ്യുകയാണ്. ഇതിനിടയില്‍ ചെറിയവന്‍ ഫൈന്‍ ആര്‍ട്‌സ് നിര്‍ത്തി പ്ലസ്ടുവിന് കൊച്ചിയില്‍ തന്നെ ചേര്‍ന്നു. ബാലുവിന്റെ കൈയില്‍ മക്കളെ പഠിപ്പിക്കാനും ജീവിച്ചുപോവാനും ആവശ്യമായ സമ്പാദ്യമുണ്ടോ എന്നെനിക്കറിയില്ല. എനിക്കാണെങ്കില്‍ ഹോട്ടലില്‍ നിന്നുള്ള ചെറിയ വരുമാനമേയുള്ളൂ. ബാലു അയച്ചു തന്നതില്‍ നിന്ന് എന്തെങ്കിലും മിച്ചം പിടിച്ചത് മാത്രമാണ് ആകെയുള്ള സമ്പാദ്യം.

ചുറ്റിക്കളിയെക്കുറിച്ച് ചോദിച്ചപ്പോള്‍, എനിക്കു സൗഹൃദങ്ങളൊക്കെ ഉണ്ടായിക്കൂടേ എന്നാണ് തിരിച്ചു ചോദിക്കുന്നത്. സൗഹൃദങ്ങള്‍ ഉണ്ടാകുന്നതുകൊണ്ട് കുഴപ്പമില്ല, പക്ഷേ ഇങ്ങനെയൊക്കെ സംസാരം കേള്‍ക്കുന്നുണ്ട് എന്നു ഞാന്‍ പറഞ്ഞു. ആ സൗഹൃദങ്ങളെ അങ്ങോട്ടും ഇങ്ങോട്ടും പരിചയപ്പെടുത്തുന്ന കാര്യത്തില്‍ വിമുഖതയുടെ ആവശ്യമില്ലെന്നും. അതായിരുന്നു ഞങ്ങള്‍ക്കിടയിലുള്ള പ്രാക്റ്റീസും.

ഒരിക്കല്‍ ഒരു ഓണം വെക്കേഷന്‍ വരികയാണ്. മൂത്ത മകന്‍ അപ്പോള്‍ പൂനെയില്‍ ആണ്. ചെറിയ മകന്റെ പരീക്ഷ കഴിഞ്ഞാല്‍ പത്തു ദിവസത്തെ വെക്കേഷന്‍ ഉണ്ട്. ആ സമയത്ത് ബാലു പെട്ടെന്നു ഗോവയില്‍ പോകാന്‍ തീരുമാനിക്കുകയാണ്. മകന്റെ പരീക്ഷ എട്ടാം തീയതി കഴിയുകയാണ്. ബാലു അഞ്ചാം തീയതി ഗോവയിലേക്ക് പോകാന്‍ തീരുമാനിക്കുന്നു. പരീക്ഷ കഴിഞ്ഞു എല്ലാവര്‍ക്കും കൂടെ പോകാമല്ലോ എന്നു ഞാന്‍ പറയുന്നുണ്ട്.

ഒരുമിച്ചൊരു ഒരു ആഘോഷമുണ്ടായിട്ട് എത്രയോ കാലമായി. ഒരുപാട് കാലത്തിനു ശേഷമാണ് ഒരു ഓണക്കാലത്ത് എല്ലാവരും ഒത്തു കൂടുന്നത്. ഗോവയില്‍ ചെന്നിട്ട് മൂത്തവനോട് അങ്ങോട്ടെത്താന്‍ പറയാം എന്നൊക്കെ ഞാന്‍ സജഷന്‍ പറയുന്നുണ്ട്. അതൊക്കെ ഇനിയും ചെയ്തൂകൂടെ, ഇനി ഞാന്‍ ഇവിടെയുണ്ടല്ലോ, വളരെ അത്യാവശ്യമായതുകൊണ്ട് പോയേ പറ്റൂ, ദേഷ്യപ്പെട്ടുകൊണ്ടാണ് ബാലു അതു പറഞ്ഞത്. ഞാനാണെങ്കില്‍ കുട്ടികളുടെ പഠിപ്പ്, പരീക്ഷ, കട എന്നൊക്കെ പറഞ്ഞ് എവിടേയും പോകാന്‍ പറ്റാതെ കെട്ടിക്കിടക്കുകയാണ്. ബാലു പക്ഷേ ചികിത്സ കഴിഞ്ഞയുടനെ യാത്രകളൊക്കെ ചെയ്യുന്നുണ്ട്. വയനാട്ടിലേക്ക്, അട്ടപ്പാടിയിലേക്ക്, തെയ്യം കാണാന്‍… ഒക്കെയും പോകുന്നുണ്ട്. എത്രയോ വര്‍ഷങ്ങളായി എനിക്കൊരു അവധിക്കാലം കിട്ടുന്നില്ല. അതിന്റെ പ്രശ്‌നങ്ങളും എന്നെ അലട്ടുന്നുണ്ട്.

ഇതിനകത്ത് എന്തോ കള്ളക്കളിയുണ്ടെന്ന് എനിക്കൊരു ഉള്‍വിളി തോന്നി. ബാലുവിന്റെ കൂടെയുള്ള സ്ത്രീ ആരാണെന്ന് ഞാന്‍ മനസ്സിലാക്കി വെച്ചിട്ടുണ്ടായിരുന്നു. അവര്‍ ചാരിറ്റിക്ക് വേണ്ടിയൊക്കെ ധാരാളം പണം സംഭാവന ചെയ്യുന്ന ഒരാളായിരുന്നു. ആല്‍ഫ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് എന്ന സംഘടനയുമായി ബന്ധപ്പെട്ടാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. സംഘടനയില്‍ എനിക്കറിയാവുന്ന ഒരു സുഹൃത്തുമുണ്ട്. ഞാന്‍ ആ സംഘടനയുടെ നമ്പര്‍ തപ്പിയെടുത്ത് വിളിച്ചു. ആ സ്ത്രീ അവിടെയുണ്ടോ എന്നു തിരക്കി. ഇല്ല, അവര്‍ ഗോവയില്‍ പോയിരിക്കുകയാണ് എന്നാണ് കിട്ടിയ മറുപടി. അതോടെ ബാലുവും ആ സ്ത്രീയും ഒന്നിച്ചാണ് ഗോവയില്‍ പോയതെന്ന് എനിക്കുറപ്പായി. ബാലുവാണെങ്കില്‍ ഗോവയില്‍ എത്തിയിട്ട് വിളിക്കുന്നതേയില്ല. ഞാന്‍ അപ്പോള്‍ അങ്ങോട്ട് വിളിച്ചു. മാക്‌സിന്റെ അപ്പന്റെ അടുത്തേക്ക് പോകുന്നു എന്നു പറഞ്ഞാണ് ബാലു ഇറങ്ങിയത്. അവിടെ പോയില്ലേ എന്നു ചോദിച്ചപ്പോള്‍ ഇല്ല, പോയില്ല, ബക്ഷിയില്‍ ഒരു റൂം എടുത്തു എന്നു പറഞ്ഞു. ഞാന്‍ വളരെ കൂള്‍ ആയിട്ട് അവര്‍ കൂടെ ഉണ്ടല്ലേ എന്നു ചോദിച്ചു. ബാലു അത് നിഷേധിച്ചതുമില്ല. അതോടെ ഞാന്‍ പൊട്ടിത്തെറിച്ചു. എത്ര കാലമായി നിങ്ങള്‍ എന്നോടിങ്ങനെ പെരുമാറുന്നു എനിക്കു മടുത്തു, മക്കള്‍ക്കു വിഷം കൊടുത്തു ഞാനും ചാവും. എന്നിട്ട് ബാലുവിന്റെ പേരും എഴുതി വെയ്ക്കും എന്നൊക്കെ പുലമ്പി. സങ്കടം കൊണ്ട് എന്റെ മാനസികനില തന്നെ തെറ്റുന്നതു പോലെ തോന്നി. മനസ്സൊന്നു തണുത്തപ്പോള്‍ അങ്ങനെ സംസാരിക്കേണ്ടി വന്നതിലൊക്കെ ബാലുവിനോട് ക്ഷമ ചോദിക്കുന്നുമുണ്ട്. നിങ്ങള്‍ പോയ കാര്യങ്ങള്‍ തീര്‍ത്ത് തിരിച്ചുവരൂ എന്ന് ഞാന്‍ മെസേജ് അയച്ചു.

അതിനു ശേഷം മൂന്നു ദിവസം ബാലു എന്നെ വിളിച്ചത് പോലുമില്ല, ഫോണ്‍ ഓഫ് ചെയ്തുവച്ചു. നെരിപ്പോടില്‍ നില്‍ക്കുന്ന അവസ്ഥയിലായിരുന്നു ഞാന്‍. ബാലു നേരെ ചേട്ടന്റെ വീട്ടിലേക്കാണ് പോയത്. തനിക്ക് ജോളിയുടെ കൂടെ ജീവിക്കാന്‍ ഇനി പറ്റില്ല, അവള്‍ ഭയങ്കര വയലന്‍സാണ്. ഈ സംഘര്‍ഷവും പ്രഷറും താങ്ങാന്‍ പറ്റില്ല, തനിക്ക് സ്വതന്ത്രനായി ജീവിക്കണം എന്നൊക്കെ ചേട്ടനോട് പരാതി പറഞ്ഞു. ബാലുവിന്റെ ചേട്ടന്‍ എന്നെ വിളിച്ചു. കുറച്ചു കാര്യങ്ങള്‍ സംസാരിക്കാനുണ്ട്, നീയിങ്ങോട്ട് വരണം എന്നു പറഞ്ഞു. ഞാന്‍ ചെല്ലുമ്പോള്‍ കുടുംബത്തിലെ എല്ലാവരും അവിടെയുണ്ട്. എന്റെ ചേട്ടനും മകനും വന്നിട്ടുണ്ട്. എല്ലാവരും കൂടി ഞങ്ങളുടെ ജീവിതം മുഴുവന്‍ കീറി മുറിച്ച് പോസ്റ്റുമോര്‍ട്ടം ചെയ്യുകയാണ്. എനിക്ക് ഇനിയൊരിക്കലും നിന്റെ കൂടെ ജീവിക്കാന്‍ പറ്റില്ല, ഞാന്‍ എന്താണ് എന്നു വെച്ചാല്‍ തരാം എന്ന് ബാലു നഷ്ടപരിഹാരത്തെ കുറിച്ചൊക്കെയാണ് സംസാരിക്കുന്നത്. ഞാനാകെ അസ്വസ്ഥയായി, അതങ്ങനെ പൈസ തന്നു തീര്‍ക്കാന്‍ പറ്റുന്നതാണോ എന്നു ഞാന്‍ ചോദിച്ചു. എനിക്ക് സങ്കടവും ദേഷ്യവും വന്നു, അങ്ങനെയാണെങ്കില്‍ എനിക്ക് 25 ലക്ഷം രൂപ വേണം എന്നു ഞാന്‍ പറഞ്ഞു. അതു വലിയ സംഖ്യയായതുകൊണ്ട് ബാലു ഒരിക്കലും അതുചെയ്യാന്‍ സാധ്യതയില്ലെന്നാണ് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നത്. ഞാനാണല്ലോ നിങ്ങള്‍ക്കു ശല്യം, നിങ്ങളും നിങ്ങളുടെ മക്കളും കൂടെ ജീവിച്ചോളൂ, ഞാന്‍ പൊയ്‌ക്കോളാം എന്നും പറയുന്നുണ്ട്. പക്ഷേ ബാലുവിന് അത് പറ്റില്ല. മക്കളെ ഞാന്‍ തന്നെ നോക്കണം. തനിക്ക് ആരോഗ്യ പ്രശ്‌നമുണ്ട്, കണ്ണിന് പ്രശ്‌നമാണ്, സ്വസ്ഥത വേണം, അതിനു കുട്ടികള്‍ പറ്റില്ല എന്നൊക്കെയാണ് പറഞ്ഞത്. അതിനു ശേഷം ബാലു ഞങ്ങളുടെ വീട്ടിലേക്ക് വന്നില്ല.

ഗള്‍ഫില്‍ നിന്നു കൊണ്ടുവന്ന സാധനങ്ങള്‍ ബാലു വീട്ടിലേക്ക് കൊണ്ടുവന്നിരുന്നില്ല. അതെല്ലാം തന്റെ ആഡ് ഏജന്‍സിയുടെ ഓഫീസില്‍ ആയിരുന്നു വെച്ചത്. ബാലു നേരെ ഗോവയില്‍ വീടെടുത്ത് സാധനങ്ങളൊക്കെ അവിടേക്കു കൊണ്ടുപോയി. ഞങ്ങളുടെ പതിനാറു വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിലെ ഓര്‍മകളുള്ള ഒരു ആല്‍ബം ഉണ്ടായിരുന്നു. ഗള്‍ഫില്‍ ചെന്ന കാലം മുതല്‍ മക്കളുടെ വളര്‍ച്ച വരെയുള്ള ചിത്രങ്ങള്‍… ആ ആല്‍ബവും ഓഫീസില്‍ ഏല്‍പ്പിച്ചു. അങ്ങനെ ബാലു എന്നില്‍ നിന്നും പിരിഞ്ഞു പോവുകയാണ്. ഒരിക്കല്‍ ഞാന്‍ വീട്ടില്‍ ഇല്ലാത്ത സമയത്ത് വന്ന് പാസ് ബുക്ക്, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയ സാധനങ്ങളും കൊണ്ടുപോയി.

അച്ഛന്‍ എന്തുദ്ദേശിച്ചാണ് ഇങ്ങനെ ചെയ്യുന്നതെന്ന് മക്കള്‍ ബാലുവിനോടു ചോദിക്കുന്നുണ്ട്. നിങ്ങളൊക്കെ പക്വത വന്ന വലിയ കുട്ടികള്‍ അല്ലേ, ഇനി അച്ഛന്‍ ഇല്ലെങ്കിലും നിങ്ങള്‍ക്ക് സ്വതന്ത്രമായി ജീവിക്കാം എന്ന് അയാള്‍ അവരോടു പറയുകയാണ്. അങ്ങനെ ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് ഉണ്ടാകുന്ന പ്രതിസന്ധിയെ കുറിച്ച് എന്താണ് അച്ഛന്‍ മനസ്സിലാക്കാത്തത് എന്നൊക്കെ അവര്‍ സങ്കടത്തോടെ തിരക്കുന്നുണ്ട്. ബാലു അത് കേള്‍ക്കാനേ തയ്യാറല്ല. ഈ പ്രായത്തില്‍ അമ്മ എന്തു ചെയ്യും എന്നു ചോദിക്കുമ്പോള്‍ നമ്മളൊക്കെ സ്വതന്ത്ര വ്യക്തികളാണ്, അതുപോലെ അമ്മയും സ്വതന്ത്ര വ്യക്തിയാണ് എന്നാണ് മറുപടി. ഇങ്ങനെ പിരിഞ്ഞുപോവാന്‍ ആയിരുന്നെങ്കില്‍ നിങ്ങളെന്തിനാണ് ഇങ്ങനെയൊരു കുടുംബം ഉണ്ടാക്കിയതെന്ന മക്കളുടെ ചോദ്യത്തിന് അതൊക്കെ ഓരോ പ്രായത്തിലെ തോന്നലുകളാണ്. അതൊന്നും ആളുകള്‍ വേണമെന്നു വെച്ചു ചെയ്യുന്നതല്ല എന്നൊക്കെയാണ് തത്വം പറയുന്നത്.

ഇതെല്ലാം കേട്ട മൂത്ത മകന്‍ എന്നെ വിളിച്ച് പറഞ്ഞു: അമ്മേ…അയാള്‍ പൊക്കോട്ടെ…എന്തിനാണ് നിങ്ങള്‍ ഇങ്ങനെ വൃത്തികെട്ട ഒരു മനുഷ്യനെ മടിയില്‍ കയറ്റി വെയ്ക്കുന്നത്… അയാള്‍ പൊക്കൊട്ടെ.

വേര്‍പിരിയലുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഒരിക്കല്‍ പോലുംഞാനും ബാലുവും ഒറ്റയ്ക്കിരുന്ന് സംസാരിക്കുന്നില്ല. എല്ലാ സംസാരങ്ങളും മധ്യസ്ഥരുടെ മുന്നില്‍ വെച്ചാണ്. അതും പൊതുബോധം പുഴുങ്ങി തിന്നുന്നവരുടെയും അല്ലാത്തവരുടെയും മധ്യസ്ഥതയില്‍. ആ അവന്‍ പൊയ്‌ക്കോട്ടെ…നിനക്കു സാമൂഹ്യ പ്രവര്‍ത്തനവും ഫെമിനിസവും പറഞ്ഞു നടക്കാനല്ലേ നേരമുള്ളൂ… എന്നാണ് ബാലുവിന്റെ ബന്ധുക്കള്‍ കുറ്റപ്പെടുത്തുന്നത്. ബാലുവിന്റെ ചില ബന്ധുക്കള്‍ക്ക് അയാള്‍ എന്നോട് ചെയ്യുന്ന കാര്യങ്ങളില്‍ പ്രശ്‌നമുണ്ടായിരുന്നു. ഞങ്ങള്‍ പിരിഞ്ഞതോടെ എനിക്കും മക്കള്‍ക്കും ജീവിക്കാന്‍ വേറെ ഒന്നുമില്ലല്ലോ. എല്ലാവരും ചേര്‍ന്ന് എനിക്കും മക്കള്‍ക്കും ജീവിക്കാനായി 20 ലക്ഷം രൂപയെങ്കിലും കൊടുക്കണമെന്നു പറയുന്നു. ബാലുവാണെങ്കില്‍ പന്ത്രണ്ടര ലക്ഷമെന്ന കണക്കില്‍ ഉറച്ചുനില്‍ക്കുകയാണ്. അത്ര പൈസ ഡെപ്പോസിറ്റ് ഇട്ടാല്‍ പതിനായിരം രൂപ തികച്ചു കിട്ടില്ലല്ലോ, അതുവച്ച് അവരെങ്ങനെ ജീവിക്കും, ഒരു 20 ലക്ഷം രൂപയെങ്കിലും കൊടുക്കൂ എന്ന് മധ്യസ്ഥര്‍ നിര്‍ബന്ധിച്ചു. ബാലു അന്ന് അമ്പതു ലക്ഷം രൂപ ഫിക്‌സഡ് ഡെപ്പോസിറ്റ് ഇട്ടിട്ടുണ്ട്. അതില്‍ നിന്നും ഇരുപതു ലക്ഷം രൂപയുടെ ഒരു ബോണ്ട് എനിക്ക് ഇഷ്യൂ ചെയ്തു. അന്ന് അതിന്റെ പലിശയായി ഇരുപതിനായിരം രൂപ കിട്ടും. അഞ്ചു കൊല്ലം കഴിഞ്ഞപ്പോള്‍ ആ സംഖ്യ എന്റെ പേരില്‍ ഡെപ്പോസിറ്റ് ആക്കി തന്നു. അങ്ങനെ ബാലു എന്നന്നേക്കുമായി എന്നോടു യാത്ര പറഞ്ഞു പോയി.

ബാലു ഇനിയും സൗഹൃദം തുടരണം എന്നു പറഞ്ഞപ്പോള്‍ മരിച്ചാല്‍ പോലും നിങ്ങളെന്നെ കാണാന്‍ വരരുത് എന്നു ഞാന്‍ പറഞ്ഞു. എന്റെ മക്കളോട് എവിടെ കിടന്നു മരിച്ചാലും ഈ മനുഷ്യനെ അറിയിക്കരുതെന്ന് ഞാന്‍ കരഞ്ഞപേക്ഷിച്ചു. പിന്നീടൊരിക്കല്‍ ഞങ്ങളുടെ സുഹൃത്തിന്റെ കല്യാണത്തിന് ബാലുവും പുതിയ പങ്കാളിയും വരികയാണ്. എന്നെ കണ്ടയുടനെ അവര്‍ പാഞ്ഞു പോവുകയാണ്. ഞാന്‍ അങ്ങോട്ട് ചെന്ന് ആ സ്ത്രീയെ പരിചയപ്പെട്ടു. ആ സ്ത്രീ വളരെ ദേഷ്യത്തോടെ എനിക്കു നിങ്ങളെ അറിയില്ല എന്നു പറഞ്ഞു. നിങ്ങള്‍ക്ക് എന്നെ അറിയില്ല എന്നറിയാം. പക്ഷേ ഞാന്‍ ഈ മനുഷ്യന്റെ കൂടെ കുറെ വര്‍ഷം ജീവിച്ച, അയാളുടെ രണ്ടു മക്കളുടെ അമ്മയാണ്. ഞാന്‍ നിങ്ങളെ പരിചയപ്പെടാന്‍ വന്നതില്‍ ഇത്രയധികം ദേഷ്യപ്പെടേണ്ട കാര്യമില്ല. ഞാന്‍ വഴക്കുണ്ടാക്കാനോ ബുദ്ധിമുട്ടിക്കാനോ വന്നതല്ല, ഒന്നു പരിചയപ്പെടാന്‍ വന്നതാണ് എന്നു പറഞ്ഞു. നമ്മുടെയൊക്കെ മാനസികാവസ്ഥ കുറച്ചുകൂടി നല്ലതാകുമ്പോള്‍ എന്നും പറഞ്ഞു. എന്നില്‍ നിന്നും എന്നന്നേക്കുമായി ഇറങ്ങിപ്പോയതിനു ശേഷം ഞാന്‍ അയാളെ ഒരിക്കലും ബുദ്ധിമുട്ടിച്ചിട്ടില്ല.

രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ബാലുവിന്റെ കണ്ണിന്റെ പ്രശ്‌നം രൂക്ഷമായി വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റായി. അത് ഞാന്‍ അറിഞ്ഞു. എന്റെയും ബാലുവിന്റെയും സുഹൃത്ത് പ്രസന്നന്‍ ധര്‍മ്മപാലന്‍ അങ്ങോട്ട് പോകുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാനും കൂടെ പോയി. വരുന്ന കാര്യം മുന്‍കൂട്ടി അറിയിക്കാനൊന്നും പോയില്ല. പറഞ്ഞു കഴിഞ്ഞാല്‍ അനുവദിക്കില്ലെന്ന് എനിക്കു അറിയാമായിരുന്നു.

ബാലു ഇനി ഞങ്ങളുടെ ജീവിതത്തിലില്ല എന്ന അവസ്ഥയോട് ഞാനും എന്റെ മനസ്സും പൊരുത്തപ്പെട്ടു തുടങ്ങിയിരുന്നു. രണ്ടര വര്‍ഷത്തോളമായി ബാലുവും പുതിയ കൂട്ടുകാരിയും ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട്. ഇനി എന്താണ് ബാക്കിയുള്ളത്. അവരെങ്കിലും സന്തോഷമായി ജീവിക്കട്ടെ. സ്‌നേഹങ്ങള്‍ക്കൊക്കെ എക്സ്റ്റന്‍ഷന്‍സ് സാധ്യമാണെന്ന് ഞാനെന്റെ ജീവിതത്തില്‍ നിന്നു പഠിച്ചതാണ്. തിരിച്ചുപോവാനും വരാനും റബ്ബറുപോലെ വലിച്ചുനീട്ടാനുമൊക്കെയുള്ള സാധ്യതകള്‍ സ്‌നേഹത്തിലുണ്ട്. ഇനി സങ്കടമോ ദേഷ്യമോ ഒന്നും ബാക്കിയില്ല, അവരെ രണ്ടുപേരെയും ഒന്നു നേരില്‍ കാണണം. മനസ്സിനെയും ചിലതെല്ലാം ബോധ്യപ്പെടുത്തണം. അങ്ങനെ വിചാരിച്ചാണ് ഞാന്‍ പോവുന്നത്. അതിനാല്‍ എനിക്ക് കണ്‍ഫ്യൂഷനോ പേടിയോ ഒന്നുമുണ്ടായിരുന്നില്ല.

ഞങ്ങള്‍ കാറില്‍ ചെന്നിറങ്ങി എന്നെ കണ്ടപ്പോള്‍ ബാലു അമ്പരന്നു. എന്നോട് കയറിയിരിക്കാന്‍ പറഞ്ഞു. അത്രകാലം എന്നെ മോളൂട്ടി എന്നു വിളിച്ച ബാലു വളരെ ഫോര്‍മലായി ജോളി എന്നു വിളിച്ചു. അപ്രതീക്ഷിതമായി എന്നെ കണ്ടതോടെ ആ സ്ത്രീയും അസ്വസ്ഥയായി. വിറയലോടെ ചുമരില്‍ ചാരി നില്‍പ്പാണ്. ഞാനും കൂട്ടുകാരും ബാലുവുമൊക്കെ ഇരിപ്പിടങ്ങളില്‍ ഇരിക്കുകയാണ്. എന്റെ അടുത്തുമാത്രമേ ഇനി ഇരിക്കാന്‍ സ്ഥലമുള്ളൂ. ഞാന്‍ ആ സ്ത്രീയെ എന്റെയടുത്ത് ഇരിക്കാനായി ക്ഷണിച്ചു. ആളാകെ വെപ്രാളത്തിലാണ്. ഞാന്‍ തന്നെ എണീറ്റുചെന്ന് കൈ പിടിച്ച് അടുത്തിരുത്തി. ടെന്‍ഷനൊന്നും വേണ്ട, പ്രശ്‌നമുണ്ടാക്കാനൊന്നും വന്നതല്ല. വയനാടുവരെ വന്നപ്പോള്‍ ഇവര്‍ക്കൊപ്പം ഞാനും കൂടിയെന്നേയുള്ളൂ എന്നു പറഞ്ഞു.

ഇടയ്ക്ക് ആ സ്ത്രീ എണീറ്റ് ചായ ഉണ്ടാക്കാനായി അടുക്കളയിലേക്ക് പോയി. ആകെയൊരു നിശ്ശബ്ദതയാണ്. ബാലു എന്റെ മുഖത്തേക്ക് നോക്കുന്നില്ല. കൂടെ വന്നവര്‍ക്കും എന്താണ് സംസാരിക്കേണ്ടത് എന്നുള്ള കണ്‍ഫ്യൂഷനുണ്ട്. കൂടെ വന്നവരോട് ഞാന്‍ പറഞ്ഞിരുന്നു ഒരു പത്ത് മിനിറ്റ് എനിക്കാ സ്ത്രീയോട് മാത്രമായി സംസാരിക്കണമെന്ന്. ഞാനും അവര്‍ക്കു പിന്നാലെ അടുക്കളയിലേക്ക് ചെന്നു. അവരപ്പോഴും അസ്വസ്ഥയാണ്. ഞാന്‍ അവരോട് വിശേഷങ്ങളൊക്കെ ചോദിച്ചു. ചെറുപ്പത്തില്‍ തന്നെ അപ്പന്‍ മരിച്ചയാളാണ്, കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് അമ്മയും മരിച്ചു.

സഹോദരങ്ങളുമായൊന്നും യാതൊരു ബന്ധവുമില്ല. ആദ്യവിവാഹത്തിലെ ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിക്കുമായിരുന്നു. ഗര്‍ഭിണിയായിരിക്കേ ഭര്‍ത്താവ് ചവിട്ടിയതിനെ തുടര്‍ന്ന് കുട്ടി ചാപിള്ളയായി പോയി. ഒടുവില്‍ പള്ളി ഇടപ്പെട്ട് ആ ബന്ധം വേര്‍പെടുത്തി കൊടുക്കുകയായിരുന്നു. പിന്നീട് കുറേനാള്‍ ലാബ് അസിസ്റ്റന്റായി വര്‍ക്ക് ചെയ്തു. അതിനിടയില്‍ മാട്രിമോണിയല്‍ പരസ്യം കണ്ട് വീണ്ടും വിവാഹിതയായി. ഭാര്യ മരിച്ച, വലിയ മക്കളൊക്കെയുള്ള ഒരു മനുഷ്യനായിരുന്നു ഭര്‍ത്താവ്. നിര്‍ഭാഗ്യത്തിന് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അയാള്‍ മരിച്ചു. അതോടെ അവര്‍ക്ക് ആരുമില്ലാതെയായി. ഏകാന്തതയും ഒറ്റപ്പെടലുമായി അവരാകെ തകര്‍ന്നു നില്‍ക്കുമ്പോഴാണ് ബാലുവിനെ പരിചയപ്പെടുന്നത്. ജീവിതത്തില്‍ കടന്നുപോയ ദുരനുഭവങ്ങളും തന്റെ കഥകളുമൊക്കെ അവരെന്നോട് പറഞ്ഞു.

അതൊക്കെ കഴിഞ്ഞില്ലേ, ഇനിയെങ്കിലും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കൂ, ഞാനവരെ ആശ്വസിപ്പിച്ചു. ഒരു സൗഹൃദത്തിനുള്ള സ്‌പേസ് എപ്പോഴും മനുഷ്യര്‍ക്കുള്ളിലുണ്ട്. സൗഹൃദങ്ങളും വേറെ പ്രണയങ്ങളുമൊക്കെ മനുഷ്യര്‍ക്കുണ്ടാകും. അതുംകൂടിയാണ് മനുഷ്യ ജീവിതം. അതങ്ങനെ മാനസികമായി അംഗീകരിച്ചതിന്റെ പുറത്താണ് ഞാന്‍ ഇവിടെ വരുന്നത്. എന്റെ മനസ്സില്‍ ഒരു വിങ്ങലുണ്ട്. അത് മാറണമെങ്കില്‍ നിങ്ങളോട് ഒന്നു സംസാരിച്ച് പിരിയണമെന്ന് ആഗ്രഹമുണ്ട്. നിങ്ങളുടെ മാനസികാവസ്ഥ എനിക്കു മനസ്സിലാവും. എന്നെക്കാളും നീതി നിങ്ങള്‍ അര്‍ഹിക്കുന്നുണ്ട് എന്നെനിക്കു തോന്നുന്നു. അതു കൊണ്ട് എനിക്ക് നിങ്ങളോട് ഒരു വഴക്കുമില്ല. ഇങ്ങനെയൊക്കെ സംഭവിച്ചെന്നു കരുതി നിങ്ങള്‍ ഒളിജീവിതമൊന്നും ജീവിക്കേണ്ട. ഞാനും മക്കളും ഈ ബന്ധത്തെ അംഗീകരിച്ചില്ലേ. നാടും വീടും വിട്ട് ആരുമില്ലാത്ത പോലെ ഇവിടെ ജീവിക്കണമെന്നൊന്നുമില്ല. എപ്പോള്‍ വേണമെങ്കിലും എറണാകുളത്തേക്ക് വരാം. അവിടെ ഒരു വീടും സുഹൃത്തുമുണ്ടെന്ന് കരുതാം. തനിയെയോ നിങ്ങള്‍ക്കൊന്നിച്ചോ അങ്ങോട്ട് വരാം. അങ്ങനെയും ജീവിതത്തിന് സാധ്യതയുണ്ടാവട്ടെ. നമുക്കു മൂന്നുപേര്‍ക്കും കൂടി രണ്ടു പിള്ളേരെയൊക്കെ വളര്‍ത്തിയങ്ങു പോവാമെന്നേ. അവര് ഇവിടെ വന്നു നില്‍ക്കുമ്പോള്‍ നീ മക്കളെപ്പോലെ തന്നെ കാണൂ, ഒരമ്മയുടെ സ്ഥാനത്തുനിന്ന് അവരെ ശാസിക്കുകയോ ഗുണദോഷിക്കുകയോ ചെയ്യാം. ഇനിയങ്ങനെയൊക്കെ പോവട്ടെടീ, അല്ലാതെ എന്താ ചെയ്യാ, എന്റെ സംസാരം കേട്ട് പെട്ടെന്ന് ആ സ്ത്രീ എന്റെ കൈയില്‍ കയറിപ്പിടിച്ചു, സോറിട്ടോ. എനിക്ക് നിങ്ങളെക്കുറിച്ച് കിട്ടിയ പിക്ചര്‍ വേറെയായിരുന്നു, എന്നു പറഞ്ഞു.

അതു സ്വാഭാവികമല്ലേ. ഒരു ദാമ്പത്യത്തില്‍ നില്‍ക്കുന്നവര്‍ക്ക് വേറെ പ്രണയമുണ്ടാവാന്‍ പോലും കൂടെ നില്‍ക്കുന്ന ആളില്‍ എന്തെങ്കിലും കുറ്റം ചാരണമല്ലോ. അതല്ലാതെ സ്വതന്ത്രമായി പ്രേമിക്കാനുള്ള അവകാശമൊന്നും ഇല്ലല്ലോ ഇവിടെ, ഞാനതിനെ ചിരിച്ചു ലഘൂകരിക്കാന്‍ ശ്രമിച്ചു. ഒരാളെ സ്‌നേഹിച്ചതിന്റെ പുറത്ത്, അയാളുടെ കൂടെ ജീവിച്ചതിന്റെ പുറത്ത്, അയാളോട് സെക്‌സ് ചെയ്തതിന്റെ പുറത്ത് ലോകത്ത് ഒരാളോടും മാപ്പ് ചോദിക്കേണ്ട കാര്യമില്ലെന്ന് ഞാന്‍ അവരോടു പറഞ്ഞു.

എന്നെക്കൊണ്ട് പറ്റുന്നതുപോലെയൊക്കെ ഞാന്‍ ചേട്ടനെ നോക്കാട്ടോ എന്നായി അവര്‍. ബേബി സിറ്റിങ്ങിനു ഇരുത്തിയതല്ലല്ലോ. പറ്റുന്ന പോലെ നോക്കാന്‍ പുള്ളി കുട്ടിയൊന്നുമല്ലല്ലോ. രണ്ടുപേര്‍ക്കും പ്രായമായി വരികയല്ലേ. നിനക്കുമില്ലേ ആരോഗ്യപ്രശ്‌നങ്ങള്‍ രണ്ടുപേരും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും നോക്കണം എന്നൊക്കെ പറഞ്ഞിരിക്കുമ്പോഴേക്കും ബാലുവും അടുത്തേക്ക് വന്നു.

അന്ന് അവരുടെ സ്വന്തം വീടിന്റെ പണി നടക്കുകയാണ്. അതിനാല്‍ വാടക വീട്ടിലാണ് താമസം. അപ്പോള്‍ താഴെയുള്ള ആള്‍ക്കാര്‍ ഇവര്‍ ആരാ, എവിടുന്നാ എന്നൊക്കെ ചോദിക്കുന്നുണ്ട്. അത് ആ സ്ത്രീയെ അസ്വസ്ഥയാക്കുന്നുണ്ട്. ഞാന്‍ വേഗം ചാടിക്കയറി സുഹൃത്തുക്കള്‍ ആണെന്നു പറഞ്ഞു. തൃശ്ശൂരില്‍ ഉള്ളവരാണ്. വയനാട്ടില്‍ വന്നപ്പോള്‍ ഇവരെ കാണാന്‍ വന്നവരാണ് എന്നു പറഞ്ഞു ആ സംഭാഷണം അവസാനിപ്പിച്ചു.

യാത്ര പറഞ്ഞിറങ്ങും മുമ്പ്, ഞങ്ങള്‍ മൂന്നുപേരും ഒരുമിച്ചൊരു ഫോട്ടോയെടുത്തു, ഒരോര്‍മ്മയ്ക്കായി എനിക്കെന്നും സൂക്ഷിച്ചുവെയ്ക്കാന്‍. യാത്ര പറഞ്ഞിറങ്ങുമ്പോഴേക്കും ആ സ്ത്രീയുടെ മനസ്സിലെ ഭാരമെല്ലാം പെയ്‌തൊഴിഞ്ഞിരുന്നു. പേടികൊണ്ട് വിറങ്ങലിച്ചു പോയൊരാള്‍ ആ പേടിയില്‍ നിന്നെല്ലാം മുക്തയായി സമാധാനം കൊണ്ട് തൂവലുപോലെയായി. തുള്ളിച്ചാടുന്ന പോലെയുള്ള സന്തോഷമുണ്ടായിരുന്നു ആ ശരീരഭാഷയില്‍. ഞാനവരെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചു, യാത്ര പറഞ്ഞ് തിരിച്ച് കാറില്‍ കയറി. കണ്ണില്‍ നിന്നും മറയുന്നതുവരെ ആ സ്ത്രീ കൈവീശി യാത്ര പറയുന്നുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News