‘ഉടായിപ്പ് ഒരു സംഘപ്രവര്‍ത്തകന് ചേരുന്നതല്ല’; സന്ദീപ് വചസ്പതിക്കെതിരെ നടി ലക്ഷ്മിപ്രിയ

ബിജെപി നേതാവ് സന്ദീപ് വചസ്പതിക്കെതിരെ സിനിമാതാരം ലക്ഷ്മിപ്രിയ. ആവശ്യപ്പെട്ട് പങ്കെടുത്ത ഓണപരിപാടിക്ക് മാന്യമായ പ്രതിഫലം നല്‍കിയില്ലെന്ന് താരം. ബിജെപി നേതാവ് സന്ദീപ് വചസ്പതി കൂടി ഉള്‍പ്പെട്ട എന്‍എസ്എസ് കരയോഗ മന്ദിരത്തില്‍ ഓണാഘോഷ പരിപാടിയിലാണ് അനുഭവം എന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. പരിപാടിയുടെ നോട്ടീസ് അടക്കം ലക്ഷ്മിപ്രിയ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്

സുഹൃത്തുക്കളേ, ഈ കഴിഞ്ഞ ആഗസ്റ്റ് 27 ന് എനിക്കുണ്ടായ ഒരു ദുരനുഭവം ഇവിടെ പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നു. സന്ദീപ് വചസ്പതി ഒരു മൂന്ന് മാസം മുന്‍പ് എന്നെ കോണ്‍ടാക്ട് ചെയ്യുന്നു. പെണ്ണുക്കര തെക്ക് സന്ദീപ് വചസ്പതി കൂടി അംഗമായ എന്‍എസ്എസ് കരയോഗ മന്ദിരത്തില്‍ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുന്നു. ചെറിയ പരിപാടിയാണ് വലുതായി ഒന്നും പ്രതീക്ഷിക്കരുത് എന്ന് പറയുന്നു. ഈ നാട് മുഴുവന്‍ ബിജെപിയ്ക്ക് പ്രചരണത്തിന് പോയിട്ടുണ്ട്, ആര്‍എസ്എസ് പരിപാടികള്‍ക്ക് പോയിട്ടുണ്ട്. സ്വന്തം കയ്യില്‍ നിന്നും ഡീസല്‍ അടിച്ച് തൊണ്ട പൊട്ടി പ്രസംഗിച്ചു പാര്‍ട്ടിയെ വളര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്.ഒരു രൂപ പോലും മേടിക്കാതെ നിരവധി ഉത്ഘാടനങ്ങള്‍ക്ക് പോയിട്ടുണ്ട്. അതൊക്കെ സ്വന്തം ഇഷ്ടപ്രകാരമാണ്. ക്യാഷ് മേടിച്ചും ഇതൊക്കെ ചെയ്തിട്ടുണ്ട്, അതും സ്വന്തം ഇഷ്ട്ട പ്രകാരം. സമയവും സൗകര്യവും ഉണ്ടെങ്കില്‍ സൗജന്യമായി പോകാന്‍ ഏറെ അടുപ്പമുള്ളവര്‍ വിളിച്ചാല്‍ മടി കാണിക്കാറില്ല. തൃശൂര്‍ സ്ഥിരം ബിജെപി സ്ഥാനാര്‍ത്ഥി ഡീസല്‍ ക്യാഷ് എന്ന് പറഞ്ഞു നല്‍കിയ വണ്ടി ചെക്ക് ഇന്നും കയ്യില്‍ ഭദ്രമായി ഇരിപ്പുണ്ട്. അതൊക്കെ മനസ്സിലുള്ളതിനാലും ശ്രീ സന്ദീപ് വചസ്പതിയോടുള്ള സൗഹൃദം കൊണ്ടും ചെല്ലാം എന്ന് സമ്മതിക്കുന്നു.

Also Read: വിമാനത്തിന് സാങ്കേതിക തകരാര്‍; ജസ്റ്റിന്‍ ട്രൂഡോയ്ക്ക് മടങ്ങാനായില്ല

സന്ദീപ് വചസ്പതി പറഞ്ഞതനുസരിച്ചു രാജേഷ് പെണ്ണുക്കര എന്ന വ്യക്തി വിളിക്കുന്നു. എങ്ങനെയാണ് പേയ്മെന്റ് എന്ന് ചോദിക്കുന്നു. ഞാന്‍ ഏറ്റവും മിനിമം ഒരു പേയ്മെന്റ് പറയുന്നു. ഇതില്‍ നിങ്ങള്‍ക്ക് എന്താണ് ചെയ്യാന്‍ പറ്റുന്നത് അത് പറയാന്‍ പറയുന്നു. അതൊക്കെ ഞങ്ങള്‍ മാന്യമായി ചെയ്തുകൊള്ളാം എന്ന് പറയുന്നു. എങ്കിലും ഓണം പ്രോഗ്രാമുകള്‍ ഉള്ളതിന്റെ ഇടയ്ക്ക് വരുന്നതാണ് നിങ്ങള്‍ക്ക് എത്ര പറ്റും എന്ന് ഞാന്‍ വീണ്ടും ചോദിക്കുന്നു. യാതൊരു പ്രശ്‌നവുമില്ല പോരെ എന്ന് രാജേഷ് പറയുന്നു.

കാക്കനാട് നിന്നും 100 ല്‍ കൂടുതല്‍ കിലോമീറ്റര്‍ യാത്ര. മൂന്ന് മണിക്കൂറില്‍ കൂടുതല്‍ ഓട്ടം.10.30 ന് എത്തണം. ചെറിയ കുഞ്ഞുമായി വെളുപ്പിന് ഇറങ്ങി. റോഡ് മുഴുവന്‍ പണികള്‍. വളഞ്ഞും തിരിഞ്ഞും ഗൂഗിള്‍ പറഞ്ഞു തന്ന വഴിയിലൂടെ ഇപ്പറഞ്ഞ ഇടത്തെത്തി. ആഹാരം കഴിക്കാന്‍ പോലും വണ്ടി നിര്‍ത്തിയിട്ടില്ല. കുഞ്ഞും ആകെ വലഞ്ഞു. ഭംഗിയായി പ്രോഗ്രാം കഴിഞ്ഞു. അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഒരുമിച്ച് ഭക്ഷണം കഴിച്ചു. എല്ലാവരുമായി ചേര്‍ന്നു സെല്‍ഫികള്‍ എടുത്തു. പോരാന്‍ നേരം ടിജി രാജേഷ് എന്ന എന്നെ സന്ദീപ് വചസ്പതി പറഞ്ഞിട്ട് വിളിച്ച വ്യക്തി അങ്ങ് മുങ്ങി.

ശേഷം പ്രസിഡന്റ് പി ബി അഭിലാഷ് കുമാര്‍ ഒരു കവര്‍ തന്നു. ഇടുങ്ങിയ ഗേറ്റില്‍ നിന്ന് റോഡിലേക്ക് വണ്ടി എടുക്കുമ്പോള്‍ ഒന്ന് റിവേഴ്സ് പറഞ്ഞു തരാന്‍ പോലും ഒരുത്തരും ഉണ്ടായില്ല. അപ്പോഴേ ഞങ്ങള്‍ക്ക് സംശയം തോന്നി. കയ്യില്‍ തന്ന കവര്‍ അപ്പോള്‍ തന്നെ ഞാന്‍ പൊട്ടിച്ചു നോക്കി. ആ തുക ഇവിടെ എഴുതാന്‍ എന്റെ അഭിമാനം സമ്മതിക്കുന്നില്ല. തിരിച്ച് അതുപോലെ വന്ന് ഈ രാജേഷിനെ വിളിക്കുന്നു. അയാള്‍ ഫോണ്‍ എടുക്കുന്നില്ല. ശേഷം അവിടെ നിന്ന ഒരാളെക്കൊണ്ട് ഞങ്ങളുടെ വണ്ടി തിരികെ വന്നത് കാണാതെ നിന്ന പ്രസിഡന്റ് അഭിലാഷ് കുമാറിനെ അടുത്തേക്ക് വിളിച്ചു. ആ കവര്‍ അതുപോലെ തിരികെ നല്‍കി.വണ്ടി എടുത്തു വീട്ടിലേക്ക് പോന്നു.

Also Read: കാര്‍ഡുടമകള്‍ക്ക് റേഷന്‍ നിഷേധിച്ചു കൊണ്ടുള്ള സമരത്തെ അംഗീകരിക്കില്ല: ജി.ആര്‍ അനില്‍

സന്ദീപ് ജി യെ വിളിച്ചു, അവരോട് മാന്യമായി പേയ്മെന്റ് നല്‍കണം എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട് എന്നും അവര്‍ എത്ര നല്‍കി എന്നും എന്നെ അറിയിക്കണം എന്നും അന്ന് രാവിലെ കൂടി എന്നോട് അദ്ദേഹം പറഞ്ഞിട്ടുണ്ടല്ലോ? വിവരങ്ങള്‍ അറിയിക്കുന്നു, അദ്ദേഹം അതീവ വിഷമത്തില്‍ ക്ഷമ പറയുന്നു. രാജേഷിനെ വിളിക്കുന്നു. എനിക്ക് തരാന്‍ വച്ചിരുന്ന പണം തലേ ദിവസത്തെ ഹോസ്പിറ്റല്‍ കേസിനു ചിലവായി എന്ന് പറയുന്നു. അങ്ങനെ എങ്കില്‍ ആ വിവരം നിങ്ങള്‍ എന്നെ അറിയിക്കാതെ ഒന്ന് യാത്രയയ്ക്കുക പോലും ചെയ്യാതെ എന്തിന് മാറി നിന്നു എന്ന് ഞാന്‍ ചോദിക്കുന്നു. ഉടായിപ്പ് ഞാന്‍ മനസ്സിലാക്കി ഒരു സംഘ പ്രവര്‍ത്തകന് ഒരിക്കലും ചേരുന്നതല്ല ഈ കാണിച്ചത് എന്ന് ഞാന്‍ പറയുന്നു. എന്റെ അക്കൗണ്ട് നമ്പര്‍ ഇട്ടാല്‍ എന്റെ പേയ്മെന്റ് വണ്ടിക്കൂലി അടക്കം രണ്ട് ദിവസത്തിനുള്ളില്‍ എന്ന് സന്ദീപ് വചസ്പതിയും രാജേഷും പറയുന്നു.

ഓണം, തിരക്ക് ഇവയൊക്കെ കഴിഞ്ഞു വിളിക്കുന്നു. പുതുപ്പള്ളി തെരഞ്ഞെടുപ്പ് തിരക്കുകളില്‍ ആണ് ഫ്രീ ആകുമ്പോ വിളിക്കാം എന്ന് സന്ദീപ് ജി അറിയിക്കുന്നു. രാജേഷ് അന്ന് തൊട്ട് ഇന്ന് വരെ എന്റെ ഫോണ്‍ എടുത്തിട്ടില്ല. വിളി ഇങ്ങോട്ട് കാണാത്തതിനാല്‍ സന്ദീപ് ജി യെ വിളിക്കുന്നു ഫോണ്‍ എടുക്കുന്നില്ല. മെസ്സേജ് ചെയ്തു, പ്രതികരണം ഇല്ല.

ഇന്ന് വീണ്ടും വിളിച്ചു. എന്റെ ഫോണ്‍ എടുക്കാത്തതിനാല്‍ ചേട്ടന്റെ ഫോണില്‍ നിന്നും വിളിച്ചു. എനിക്ക് ഫോണ്‍ തരാന്‍ പറയുന്നു. ചാനല്‍ ചര്‍ച്ചകളില്‍ എതിരാളികളെ ഘോര ഘോരം സമര്‍ത്ഥിച്ച് മലര്‍ത്തിയടിക്കുന്ന സന്ദീപ് വചസ്പതി എന്ന വിഗ്രഹം പറയുന്നത് ‘ അവര്‍ക്ക് നിങ്ങള്‍ പറയുന്ന തുക നല്‍കാന്‍ കഴിയില്ല, അവര്‍ കരുതി വച്ച തുക ആര്‍ക്കോ ഹോസ്പിറ്റല്‍ ആവശ്യം വന്നപ്പോള്‍ ചിലവായി പോയി. നിങ്ങള്‍ പറഞ്ഞ തുക തരാം എന്ന് രാജേഷ് ഒരിക്കലും സമ്മതിച്ചിട്ടില്ല. കാരണം അതൊരു ചെറിയ പരിപാടി ആയിരുന്നു. നിങ്ങള്‍ അത് കണ്ടല്ലോ? എന്റെ പരിപാടിയ്ക്ക് വിഷ്ണു ഉണ്ണി കൃഷ്ണനും ശിവദയും വന്നിട്ടുണ്ട്.10 പൈസ മേടിക്കാതെ. നിങ്ങള്‍ തിരിച്ചു ചെന്നു കാശ് തിരിച്ചു കൊടുത്തതൊക്കെ വലിയ നാണക്കേട് ആയിപ്പോയി’.

Also Read: മഹാരാഷ്ട്രയില്‍ ലിഫ്റ്റ് തകര്‍ന്ന് 6 മരണം

കൊള്ളാം. ഈ നിമിഷം വരെ ഞാനും ഈ സന്ദീപ് വചസ്പതിയും രാജേഷും ആ പ്രസിഡന്റ് ഉം മാത്രം അറിഞ്ഞ സംഗതി ഞങ്ങള്‍ അതീവ ഗോപ്യമായി കൈകാര്യം ചെയ്ത സംഗതി എങ്ങനെയാണ് നാട്ടുകാര്‍ അറിയുന്നത്? ആവശ്യം കഴിഞ്ഞല്ലോ ഇനി എന്തും പറയാം.നിങ്ങള്‍ പറഞ്ഞു എന്ന് ഞാന്‍ പറഞ്ഞോ? അല്ലാതെ നിങ്ങള്‍ ഈ വിവരങ്ങള്‍ എന്തിന് എന്നോട് പറയണം?? നിങ്ങള്‍ എന്തിനാണ് ഇങ്ങനെ അലറുന്നത്?

വിശ്വസിക്കുന്ന പ്രസ്ഥാനത്തിലെ നാം ആദരിക്കുന്ന വ്യക്തികളില്‍ നിന്നും അനാവശ്യം കേട്ടാല്‍ അലറും. മൂന്ന് പേരില്‍ ഒതുങ്ങിയ മാന്യമായി കൈകാര്യം ചെയ്യാമായിരുന്ന കാര്യങ്ങള്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും പരിഹരിച്ചില്ല എന്ന് മാത്രമല്ല എനിക്ക് കുറ്റവും ചാര്‍ത്തിത്തന്നു.. അങ്ങിനെയെങ്കില്‍ ഇതുവരെ അറിയിക്കാത്തത് നാട്ടുകാര്‍ അറിയും അറിയിക്കും. കേവലം ഒരു വ്യക്തിയായ എന്നോട് പറഞ്ഞ വാക്കു പാലിക്കാത്ത ആള്‍ ആണോ നേതാവായി ജനങ്ങള്‍ക്ക് മുഴുവന്‍ കൊടുക്കുന്ന വാഗ്ദാനങ്ങള്‍ പാലിക്കുന്നത്?

പ്രസ്ഥാനത്തിനോടുള്ള ഇഷ്ട്ടം കൊണ്ട് സംഘി എന്ന വിളിപ്പേരും, തൊഴിലിടത്തില്‍ നിന്നും മാറ്റി നിര്‍ത്തലും മാത്രം അനുഭവിക്കുമ്പോ നോവ് അല്പ്പം കൂടുതല്‍ ആയിരിക്കും. വിജയിച്ചു കാണണം. നന്ദി ലക്ഷ്മി പ്രിയ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News