സിനിമയുടെ ഈ മനോഹര കാലത്തെ രഘുവരന്‍ ആസ്വദിക്കുമായിരുന്നു, ഹൃദയം തൊടുന്ന കുറിപ്പുമായി രോഹിണി

തെന്നിന്ത്യയില്‍ അഭിനയ മികവിന്റെ സാധ്യതകൊണ്ട് ഏറ്റവും ശ്രദ്ധേയനായി തീര്‍ന്ന വില്ലന്‍. ആകാരശേഷികൊണ്ടല്ല അഭിനയ മികവുകൊണ്ടാണ് വില്ലന്‍ വേഷങ്ങളില്‍ രഘുവരന്‍ കയ്യൊപ്പ് പതിപ്പിച്ചത്. ഒരുപാട് ഉയരങ്ങളിലേക്ക് പോകാമായിരുന്ന അഭിനയ മികവ് ഉണ്ടായിരുന്നിട്ടും രഘുവരനെ തേടി അര്‍ഹിച്ച കഥാപാത്രങ്ങള്‍ വന്നിരുന്നില്ല.

ഇന്ന് സിനിമയുടെ രീതികള്‍ മാറിയിട്ടുണ്ട്. അഭിനയ മികവിന് പ്രധാന്യമുള്ള നിലയിലേക്ക് സിനിമ മാറിയിട്ടുണ്ട്. അതുകൊണ്ടു കൂടിയാവണം രഘുവരനെ ഓര്‍മ്മിക്കുന്ന കുറിപ്പില്‍ രോഹിണി അത് പ്രത്യേകം സൂചിപ്പിച്ചിരിക്കുക.

രഘുവരന്റെ പതിനഞ്ചാം ചരമദിനത്തില്‍ ഹൃദയം തൊടുന്ന കുറിപ്പാണ് ജീവിതപങ്കാളിയായിരുന്ന അഭിനേത്രി രോഹിണി ട്വിറ്ററില്‍ പങ്കുവച്ചത്. രഘുവരന്‍ ജീവനോടെയിരുന്നെങ്കില്‍ സിനിമയുടെ ഈ കാലഘട്ടത്തെ ഒരു അഭിനേതാവെന്ന നിലയില്‍ കൂടുതല്‍ സന്തോഷത്തോടെ ഇഷ്ടപ്പെടുമായിരുന്നുവെന്നാണ് രോഹിണി ഓര്‍മ്മിക്കുന്നത്. ‘2008 മാര്‍ച്ച് 19 ഒരു സാധാരണ ദിവസമായി തുടങ്ങിയെങ്കിലും എനിക്കും റിഷിക്കും ഇടയിലെ എല്ലാം അന്നേ ദിവസം മാറിമറിഞ്ഞു. സിനിമയുടെ ഈ മനോഹരമായ കാലത്തെ രഘു ഒരുപാട് ആസ്വദിച്ചേനെ, ഒരു നടന്‍ എന്ന നിലയിലും സന്തോഷവാനായിരുന്നേനെ’ രോഹിണി കുറിച്ചു.

ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലും രഘുവരന്റെ സിനിമാ സാന്നിധ്യമുണ്ട്. ഹിന്ദി സിനിമയിലും രഘുവരന്റെ അഭിനയ മികവ് പതിഞ്ഞിട്ടുണ്ട്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ദൈവത്തിന്റെ വികൃതികളില്‍ രഘുവരന്‍ ചെയ്ത അല്‍ഫോണ്‍സച്ചന്‍ മലയാളികളുടെ മനസ്സില്‍ മായാതെ പതിഞ്ഞ കഥാപാത്രമാണ്. 150 സിനിമകളില്‍ ശ്രദ്ധേയമായ നിരവധി വേഷങ്ങള്‍ ചെയ്തതിന് ശേഷമാണ് രഘുവരന്‍ അങ്ങൊഴിഞ്ഞത്. മലയാളി കൂടിയായി രഘുവരന്‍ അഭിനയത്തില്‍ ഡിപ്ലോമ നേടിയതിന് ശേഷമാണ് സിനിമാരംഗത്ത് സജീവമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News