‘വെളുക്കാനുള്ള മത്സരമാണ് ചുറ്റും, മാർക്ക് ഷീറ്റിൽപ്പോലും അടവ്, അഭിയനം, വേഷവിധാനം എന്നതിനൊപ്പം തന്നെ സൗന്ദര്യവും ഒരു ഫാക്ടറാണ്’, സഞ്ജന ചന്ദ്രൻ

പ്രശസ്ത നർത്തകനും അഭിനേതാവുമായ ആർഎൽവി രാമകൃഷ്ണനെതിരായ നർത്തകി സത്യഭാമയുടെ വിദ്വേഷ പരാമർശത്തിൽ പ്രതികരണവുമായി ട്രാൻസ്ജെൻഡർ നടിയും നർത്തകിയുമായ സഞ്ജന ചന്ദ്രൻ. പ്രമുഖ മാധ്യമത്തിന് നൽകിയ പ്രതികരണത്തിലാണ് സഞ്ജന നിറത്തെയും അതിൻ്റെ രാഷ്ട്രീയത്തെയും കുറിച്ച് സംസാരിച്ചത്.

നൃത്തം ചെയ്യുമ്പോൾ വെളുത്തനിറത്തിൽ മേക്കപ്പ് ചെയ്യണമെന്നത് ഇപ്പോഴൊരു പ്രധാന ഘടകമാണെന്ന് സഞ്ജന പറയുന്നു. കലോത്സവത്തിന് മാർക്കിടാനായി ചെല്ലുമ്പോൾ തരുന്ന മാർക്ക് ഷീറ്റിൽപ്പോലും അടവ്, അഭിയനം, വേഷവിധാനം എന്നതിനൊപ്പം തന്നെ സൗന്ദര്യവും ഒരു ഫാക്ടറായി കണക്കാക്കുന്നുണ്ടെന്നും, എന്താണ് യഥാർഥ സൗന്ദര്യമെന്നുപോലും തിരിച്ചറിയാനാകാത്ത വ്യക്തികളാണ് ആർഎൽവി രാമകൃഷ്ണൻ നേരിട്ടതുപോലെയുള്ള പരാമർശം നടത്തുന്നതെന്നും സഞ്ജന പറഞ്ഞു.

ALSO READ: ‘വിവരമില്ലാത്ത സ്ത്രീ, വെല്ലുവിളിക്കുന്നു ആര്‍എല്‍വിയുടെ കൂടെ ഒരു വേദിയില്‍ കട്ടയ്ക്ക് നിന്ന് നൃത്തം ചെയ്തു ജയിക്കാന്‍ പറ്റുമെങ്കില്‍ കാണിക്കൂ’:സ്നേഹ

‘ശരിക്കും ഒരാളുടെ വ്യക്തിത്വവും കഴിവുമെല്ലാമാണ് അയാളുടെ സൗന്ദര്യം. ബാഹ്യമായ ആകാരവടിവോ നിറമോ ഒന്നുമല്ല. അതാണ് നമ്മളെപ്പോഴും പറയാൻ ശ്രമിക്കുന്നതും. ഇന്നും ഇത്തരം ബാഹ്യസൗന്ദര്യ സങ്കല്പങ്ങളെ മുറുകെപ്പിടിക്കുന്ന സവർണ മനോഭാവക്കാർ നമുക്കുചുറ്റുമുണ്ടെന്ന് ബോധ്യപ്പെടുത്തി തരുകയാണ് ഇത്തരം സംഭവങ്ങൾ’, സഞ്ജന പ്രതികരിച്ചു.

‘പത്തുവയസുമുതലാണ് ഞാൻ നൃത്തം അഭ്യസിച്ചു തുടങ്ങിയത്. അന്നുമുതൽ ഇത്തരം പ്രശ്നങ്ങൾ നേരിട്ടിട്ടുമുണ്ട്. തുടക്കത്തിൽ നിറത്തേക്കാൾ കൂടുതൽ ഒരു ആൺകുട്ടി നൃത്തം ചെയ്യുന്നുവെന്നതിലായിരുന്നു പ്രശ്നം. നൃത്തം ചെയ്യുന്നതുകൊണ്ട് സ്ത്രൈണത വരുന്നുവെന്ന് പലരും പറയാൻ തുടങ്ങി. അതുകൊണ്ടുതന്നെ എന്നിലുള്ള സ്ത്രൈണതയ്ക്ക് നൃത്തത്തെ പഴിപറയാനിടവരരുത് എന്നുള്ളതുകൊണ്ട് സ്ത്രൈണത മറച്ചുവെച്ചുകൊണ്ട് നൃത്തം ചെയ്യേണ്ട സാഹചര്യം അന്നുണ്ടായിരുന്നു. എന്നാൽ വലുതായിക്കഴിഞ്ഞശേഷം നിറത്തിന്റെ പേരിലായിരുന്നു അധിക്ഷേപങ്ങളും പരിഹാസങ്ങളും. നമ്മൾ സ്വന്തം സ്കിൻടോണിന് ചേരുന്ന രീതിയിൽ മേക്കപ്പ് ചെയ്ത് നൃത്തത്തിന് പോകുമ്പോൾ നീ എന്താ ഇങ്ങനെ കറുത്ത മേക്കപ്പ് ചെയ്തുവരുന്നതെന്നും സ്റ്റേജിൽ കയറുമ്പോൾ കുറച്ച് നന്നായി വെളുത്ത മേക്കപ്പ് ചെയ്തുകൂടെയെന്നുമുള്ള ചോദ്യങ്ങൾ എത്രയോ തവണ നേരിട്ടിട്ടുണ്ട്’, സഞ്ജന ചന്ദ്രൻ വെളിപ്പെടുത്തി.

ALSO READ: ‘അതേ ഞാന്‍ കറുത്തിട്ടാണ്, എന്റെ നിറം കറുപ്പാണ്”; സത്യഭാമ അറിയാന്‍…

‘മേക്കപ്പെന്നു പറഞ്ഞാൽ തന്നെ വെളുത്തനിറത്തിലേക്ക് മാറുകയെന്നതാണ് നമ്മുടെ ബോധ്യം. നിറവും ജെൻഡറും ഇപ്പോഴും മാറ്റിനിർത്തപ്പെടാനുള്ള കാരണങ്ങൾ തന്നെയാണ്. സഞ്ജന ചന്ദ്രൻ എന്നൊരു പേര് അത്യാവശ്യം അറിയപ്പെട്ടു തുടങ്ങിയതുകൊണ്ടും ഞാൻ പൊരുതിനേടിയ വിജയങ്ങൾ കൊണ്ടും കുറച്ചെങ്കിലും മെച്ചപ്പെട്ട അവസരങ്ങൾ എനിക്കിന്ന് ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതേ അവഹേളനങ്ങൾ നേരിട്ട് എത്രയോ പേർ നിസ്സഹായരായി നിൽക്കുന്നു. അവസരങ്ങളുണ്ടെന്ന് പറയുമ്പോൾപോലും നിറത്തിൻറെ പേരിൽ എത്രയൊക്കെ തവണ ഞാൻ അധിക്ഷേപം നേരിട്ടിരിക്കുന്നു. നേരിട്ടുപറയുന്നതിനേക്കാൾ മറഞ്ഞിരുന്ന് പരിഹസിക്കുന്നവരാണ് കൂടുതൽ’, സഞ്ജന കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News