ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി നടി ഷീല രംഗത്ത്. വെളിപ്പെടുത്തലുകള്‍ കേട്ട് ശരീരം വിറയ്ക്കുന്നു. മക്കളെപ്പോലെ കണ്ടവര്‍ക്കെതിരെയാണ് ആരോപണങ്ങള്‍ വന്നതെന്ന് ഷീല പറഞ്ഞു.
സ്ത്രീകളുടെ വെളിപ്പെടുത്തല്‍ തന്നെയാണ് പ്രധാന തെളിവെന്നും ലൈംഗികാതിക്രമം ഉണ്ടായെന്ന് ഒരു സ്ത്രീയും കള്ളം പറയില്ലെന്നും നടി ഷീല പറഞ്ഞു.
‘ടിവിയില്‍ ഇതൊക്കെ കണ്ടപ്പോള്‍ എനിക്ക് ഭയങ്കര അത്ഭുതവും സങ്കടവും തോന്നി. പരാതിയുമായി പോലീസിന്റെ അടുത്ത് പോയാലും കോടതിയില്‍ പോയാലും എന്താണ് തെളിവ് എന്നാണ് ചോദിക്കുന്നത്. ഒരാള്‍ ഓടി വന്ന് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചാല്‍ നമ്മള്‍ ഉടനെ സെല്‍ഫിയെടുക്കുമോ. ഒന്നുകൂടി ഉമ്മ വെക്കൂ, തെളിവിനായി സെല്‍ഫി എടുക്കട്ടെ എന്ന് ചോദിക്കുമോ. അങ്ങനെയൊന്നും പറയില്ല. പണ്ടൊക്കെ ആരെങ്കിലും ലാന്‍ഡ് ഫോണിലൂടെ വിളിച്ച് വല്ലതും പറഞ്ഞാല്‍ റെക്കോഡ് ചെയ്ത് വെക്കാനാകുമോ. എങ്ങനെയാണ് തെളിവ് കാണിക്കുക.
വെളിപ്പെടുത്തലുകള്‍ കേട്ട് ശരീരം വിറയ്ക്കുന്നുണ്ട്. മക്കളെപ്പോലെ കണ്ടവര്‍ക്കെതിരെയാണ് ആരോപണങ്ങള്‍ വന്നത്. സ്ത്രീകളുടെ വെളിപ്പെടുത്തല്‍ തന്നെയാണ് പ്രധാന തെളിവ്. ലൈംഗികാതിക്രമം ഉണ്ടായെന്ന് ഒരു സ്ത്രീയും കള്ളം പറയില്ല.
പണ്ടും പലരും തന്നോട് ഇത്തരം അനുഭവങ്ങള്‍ പറഞ്ഞിട്ടുണ്ട്. ആരുടെയും പേര് വെളിപ്പെടുത്താനില്ല. പണ്ട് ലൊക്കേഷനില്‍ നിന്ന് പെട്ടെന്ന് ചില നടിമാര്‍ അപ്രത്യക്ഷമാകും. അന്വേഷിക്കുമ്പോള്‍ വേറെ സിനിമ കിട്ടിപ്പോയി എന്നു പറയും. യഥാര്‍ത്ഥ കാരണം എന്താണെന്ന് ഇപ്പോള്‍ മനസ്സിലാകുന്നു.
WCCയോട് ഒരുപാട് ബഹുമാനമുണ്ട്. അന്ന് മുതല്‍ ഇന്ന് വരെ അവര്‍ എത്രയാണ് പോരാടുന്നത്. WCCയില്‍ ഉള്ള നടികളുടെ കരിയര്‍ തന്നെ പോയി. എന്ത് സുന്ദരികളാണ്, എന്ത് കഴിവുള്ളവരാണ്. അവരുടെ കരിയര്‍ പോയല്ലോ. ഇതിന് വേണ്ടി അവരെന്തെല്ലാം ചെയ്തു.
പവര്‍ ഗ്രൂപ്പ് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇപ്പോള്‍ കേള്‍ക്കുമ്പോഴാണ് ഇങ്ങനെയൊക്കെ ഉണ്ടല്ലോ എന്ന് മനസ്സിലാകുന്നത്. ഒരു നടിയുടെ ജീവിതത്തില്‍ കയറി കളിക്കുക എന്നാല്‍ സാധാരണ കാര്യമാണോ. സ്ഥാനാര്‍ഥി സാറാമ്മ, കള്ളിച്ചെല്ലമ്മ തുടങ്ങി എന്റെ പേരിലുള്ള സിനിമകള്‍ വന്നിട്ടുപോലും എനിക്ക് പുരുഷന്മാരെക്കാള്‍ വേതനം കിട്ടിയിട്ടില്ല. പണം തരില്ല അവര്‍. സ്ത്രീക്ക് പ്രാധാന്യം ഉള്ള കഥാപാത്രമുള്ള സിനിമയാണെങ്കില്‍ അവര്‍ക്ക് കൂടുതല്‍ വേതനം കൊടുക്കണം.’, ഷീല പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here