ഒട്ടനവധി ഭാഷകൾ, നിരവധി വേഷങ്ങൾ. ആറു പതിറ്റാണ്ട് നീണ്ട അഭിനയജീവിതത്തിൽ 2500-ലേറെ സിനിമകളിലാണ് മലയാളികളുടെ സുകുമാരിയമ്മ നിറഞ്ഞു നിന്നത്. നൃത്തത്തിലൂടെയും നാടകത്തിലൂടെയും സ്റ്റേജ് ഷോകളിലൂടെയും സജീവസാന്നിധ്യമായിരുന്ന സുകുമാരിയമ്മയെ മലയാള സിനിമയ്ക്ക് നഷ്ടമായിട്ട് ഇന്നേക്ക് ഒരു പതിറ്റാണ്ട് പിന്നിടുന്നു. പത്താം വയസ്സില്‍, ‘ഒരു ഇരവ്’ എന്ന തമിഴ് ചിത്രത്തിലെ ഗാനരംഗത്തിലൂടെയാണ് സുകുമാരി ആദ്യമായി സിനിമയില്‍ മുഖം കാണിച്ചത്.
പത്മിനിക്കൊപ്പം ഷൂട്ടിങ് കാണാനെത്തിയ സുകുമാരിയെ സംവിധായകന്‍ നീലകണ്ഠന്‍ അഭിനയിക്കാന്‍ ക്ഷണിക്കുകയായിരുന്നു. പിന്നീട് ഒട്ടനവധി നാടകവേദികൾ. ‘തസ്‌ക്കരവീരനാ’ണ് സുകുമാരിയുടെ ആദ്യ മലയാള ചിത്രം. സത്യനും രാഗിണിയുമായിരുന്നു മുഖ്യവേഷങ്ങളിൽ. ആ സിനിമയിലെ വില്ലനായിരുന്ന കൊട്ടാരക്കര ശ്രീധരന്‍നായരുടെ ജോഡിയായാണ് സുകുമാരി അഭിനയിച്ചത്. ശ്രീധരന്‍ നായരുടെ ഭാര്യയായി അഭിനയിക്കേണ്ട നടി എത്താത്തതിനാല്‍ നൃത്ത സംഘത്തിൽ അംഗമായ സുകുമാരിക്ക് അവസരം ലഭിക്കുകയായിരുന്നു.
ഏതു വേഷവും അനായാസം കൈകാര്യം ചെയ്യാൻ സുകുമാരിക്ക് കഴിഞ്ഞുവെന്നതാണ് അവരുടെ ഏറ്റവും വലിയ പ്രത്യേകത. മോഡേൺ വേഷങ്ങളും നടൻ വേഷങ്ങളും സുകുമാരിക്ക് നന്നായി ഇണങ്ങുമായിരുന്നു. ചെറുപ്പത്തിലെ സിനിമയിലെത്തി എങ്കിലും സുകുമാരി അവതരിപ്പിച്ച കഥാപാത്രങ്ങളിൽ പലതും പ്രായത്തിൽ കവിഞ്ഞ പക്വതയുള്ളവരുടേതായിരുന്നു.
ശാരദയും ഷീലയും ജയഭാരതിയുമൊക്കെ തിളങ്ങിയ വേളയിൽ സുകുമാരി, അമ്മ വേഷങ്ങളിൽ തിളങ്ങി. പിന്നീട് ഹാസ്യവേഷങ്ങളിലും സുകുമാരിയമ്മ തന്‍റെ കഴിവ് പ്രകടമാക്കി. അടൂര്‍ ഭാസിയാണ് സുകുമാരിയുടെ ജോഡിയായി കൂടുതല്‍ സിനിമകളിൽ അഭിനയിച്ചത്. മുപ്പതിലേറെ ചിത്രങ്ങള്‍.
എസ്.പി പിള്ള, ബഹദൂര്‍, ശങ്കരാടി, തിക്കുറുശ്ശി എന്നിവര്‍ പത്തിലേറെ സിനിമകളില്‍ സുകുമാരിയുടെ നായകന്മാരായി. സത്യന്‍, പ്രേംനസീര്‍, മധു എന്നിവരുടെ ജോഡിയായും അമ്മയായും അവര്‍ വേഷമിട്ടു. നെടുമുടി വേണു, ഭരത് ഗോപി, തിലകന്‍ എന്നിവരുടെ ജോഡിയായും സുകുമാരിയമ്മ വെള്ളിത്തിരയിൽ നിറഞ്ഞു നിന്നു. ‘ചട്ടക്കാരി’, ‘അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍’, ‘സസ്‌നേഹം’, ‘പൂച്ചക്കൊരു മൂക്കുത്തി’, ‘മിഴികള്‍ സാക്ഷി’ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അവിസ്മരണീയങ്ങളായ വേഷങ്ങള്‍ ചെയ്ത സുകുമാരിയമ്മയ്ക്ക് 2003-ൽ പത്മശ്രീ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
2010ല്‍ ‘നമ്മ ഗ്രാമം’ എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. 1974 , 1979, 1983,1985 വര്‍ഷങ്ങളില്‍ സഹനടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടി. കലൈ സെല്‍വം (1990), കലൈമാമണി (1991), മദ്രാസ് ഫിലിം ഫാന്‍സ് അസോസിയേഷന്‍ അവാര്‍ഡ് (1971, 1974) തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ സുകുമാരിയമ്മയെ തേടിയെത്തി. 2012ല്‍ അഭിനയിച്ച 3 ജി ആണ് അവസാന ചിത്രം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here