‘ആരോപണം അടിസ്ഥാനരഹിതം’; കൈക്കൂലി ആരോപണത്തിൽ വിശദീകരണവുമായി അദാനി ഗ്രൂപ്പ്

ADANI

ഇന്ത്യക്കകത്തും പുറത്തും കൈക്കൂലിക്കേസ് വലിയ ചർച്ചയായതോടെ വിഷയത്തിൽ വിശദീകരണവുമായി അദാനി ഗ്രൂപ്പ് രംഗത്ത്.ഗൗതം അദാനി, സാഗര്‍ അദാനി എന്നിവര്‍ക്കെതിരെ യുഎസ് കൈക്കൂലി കുറ്റം ചുമത്തിയിട്ടില്ല എന്നാണ് പ്രതികരണം.കൈക്കൂലി ആരോപണം അടിസ്ഥാനരഹിതമെന്നും വാര്‍ത്താക്കുറിപ്പിലൂടെ അദാനി ഗ്രൂപ്പ് അറിയിച്ചു.

20 വർഷത്തിനുള്ളിൽ 2 ബില്യൺ ഡോളർ ലാഭം ലഭിക്കുന്ന സൗരോർജ്ജ വിതരണ കരാറുകൾ നേടുന്നതിന് അദാനിയും അദ്ദേഹത്തിന്‍റെ അനന്തരവൻ സാഗർ അദാനിയും ഉൾപ്പെടെയുള്ളവർ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ഏകദേശം 250 മില്യൺ ഡോളറിൽ അധികം (2000 കോടിയലധികം രൂപ) കൈക്കൂലി നൽകിയതെന്നാണ് അദാനിക്കെതിരെ ഉയർന്നുവന്ന ആരോപണം. കോഴ നൽകിയ വിവരം യുഎസ് നിക്ഷേപകരിൽ നിന്ന് മറച്ചുവെച്ചെന്നും അദാനിക്കെതിരായ കുറ്റപത്രത്തിൽ പറയുന്നുണ്ട്.

ALSO READ; സംഭല്‍ വര്‍ഗീയ സംഘര്‍ഷം; വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എഎ റഹീം എംപി നോട്ടീസ് നല്‍കി

ന്യൂയോർക്കിൽ യുഎസ് അറ്റോർണി ഓഫീസ് ആണ് കുറ്റപത്രം സമർപ്പിച്ചത്. അഴിമതി മറച്ചുവെച്ച് അദാനിയും അദാനി ഗ്രീൻ എനർജിയിലെ മറ്റൊരു എക്‌സിക്യൂട്ടീവായ വിനീത് ജെയ്‌നും ചേർന്ന് 3 ബില്യൺ ഡോളറിലധികം ലോണുകളും ബോണ്ടുകളും പണമിടപാടുകാരിൽ നിന്നും നിക്ഷേപകരിൽ നിന്നും സ്വരൂപിച്ചതായും പ്രോസിക്യൂട്ടർമാർ പറഞ്ഞു.കുറ്റപത്രം അനുസരിച്ച്, ഗൗതം ആദാനിയെ “ന്യൂമെറോ യുനോ”, “ദി ബിഗ് മാൻ” എന്നീ കോഡുകൾ ഉപയോഗിച്ചാണ് വിശേഷിപ്പിച്ചിരുന്നതെന്നും തെളിവുണ്ട്. വഞ്ചന, ക്രിമിനൽ ഗൂഢാലോചന, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

അതിനിടെ കൈക്കൂലി കേസിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്ക് യുഎസ് സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ സമൻസ് അയച്ചു . കൈക്കൂലി ആരോപണത്തിൽ വിശദീകരണം ആരാഞ്ഞാണ് നോട്ടീസ് നല്കിയിരിക്കുന്നത്.ഗൗതം അദാനിക്ക് പുറമെ അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കും യുഎസ്ഇസി സമൻസ് അയച്ചിട്ടുണ്ട്. നോട്ടീസ് ലഭിച്ച് 21 ദിവസത്തിനകം ഇരുവരും മറുപടി നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇരുവരുടെയും അഹമ്മദാബാദിലെ വസതിയിലേക്കാണ് സമൻസ് അയച്ചിരിക്കുന്നത്.

ന്യൂ യോർക്ക് ജില്ലാ കോടതിയിൽ നിന്നും ഈ മാസം ഇരുപത്തിയൊന്നിന് സമൻസ് അയച്ചതായാണ് പിടിഐ റിപ്പോർട് ചെയ്യുന്നത്. യഥാസമയം മറുപടി നൽകിയില്ലെങ്കിൽ അദാനിക്കെതിരെ കോടതി സ്വതസിദ്ധമായ വിധി പുറപ്പെടുവിക്കുമെന്ന് നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News