അടൂർ പെരിക്കല്ലൂർ ബസ് സർവീസ് ആരംഭിച്ചു. ആദ്യ യാത്രയുടെ ഫ്ളാഗ് ഓഫ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. സർവീസ് ആരംഭിച്ച ആദ്യദിവസം തന്നെ മുഴുവൻ സീറ്റും ബുക്കിങ്ങായതോടെ കെ.എസ്.ആർ.ടി.സിക്ക് ചരിത്ര നേട്ടമായി. രാത്രി ഏഴ് മണിക്കാണ് സർവീസ് ആരംഭിച്ചത്. അടൂരിൽനിന്ന് ആരംഭിച്ച് എം.സി റോഡ് വഴി കോട്ടയം, എറണാകുളം, കൊടുങ്ങല്ലൂർ, ഗുരുവായൂർ, പൊന്നാനി, തിരൂർ, പരപ്പനങ്ങാടി, താനൂർ, കോഴിക്കോട്, താമരശ്ശേരി ചുരം വഴി കൽപ്പറ്റ, സുൽത്താൻ ബത്തേരി, പുൽപ്പള്ളിവഴി പുലർച്ചെ 5.30-ന് പെരിക്കല്ലൂരിൽ എത്തും. രാത്രി 9.30-ന് പെരിക്കല്ലൂരിൽ നിന്ന് അടൂരിലേക്ക് തിരിക്കുന്ന ബസ് അടുത്ത ദിവസം രാവിലെ 7.30-ന് അടൂരിൽ എത്തും. ഏറ്റവും കുറവ് സമയംകൊണ്ട് അടൂരിൽനിന്ന് കോഴിക്കോട് എത്താനാകുമെന്നതാണ് ഈ സർവീസിന്റെ പ്രത്യേകത.
നഗരസഭ ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ്, മുൻ നഗരസഭ ചെയർമാൻ ഡി സജി, സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയൻ, സിപിഐഎം ഏരിയ സെക്രട്ടറി അഡ്വ എസ് മനോജ്, സി സുരേഷ് ബാബു, പി രവീന്ദ്രൻ, റോഷൻ ജേക്കബ്, പെരിക്കല്ലൂർ ബസ് പാസഞ്ചേഴ്സ് നേതാക്കളായ സാബു ശിശിരം പുൽപള്ളി, സുനിൽ ഡി വാഴക്കൽ, മുള്ളങ്കൊല്ലി ഗ്രാമ പഞ്ചായത്ത് മെമ്പർ ജോസ് നെല്ലേടം, കെ എസ് ആർ റ്റി സി കൺട്രോളിങ്ങ് ഇൻസ്പെക്റ്റർ വിൽസൺ, കെഎസ്ആർടിസി ട്രേഡ് യൂണിയൻ നേതാക്കളായ റ്റി കെ ഹരി, അരവിന്ദ്, അജയ് ബി പിള്ള തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. അടൂർ ഡിപ്പോയ്ക്ക് സാധ്യമായ കൂടുതൽ ബസ്സുകൾ അനുവദിക്കുന്നതിന് വേണ്ട മുൻകൈ എടുക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ഉദ്ഘാടനവേളയിൽ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here