ഒന്നരലക്ഷത്തിലധികം ഇരട്ടവോട്ടുകള്‍ ആറ്റിങ്ങല്‍ ലോകസഭ മണ്ഡലത്തില്‍ ഉണ്ടെന്ന യുഡിഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിന്റെ ആരോപണം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിക്കളഞ്ഞിരിക്കുകയാണെന്ന് ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി. അടൂര്‍ പ്രകാശ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുഴുവന്‍ വോട്ടര്‍ പട്ടികയും പരിശോധിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നു.
മണ്ഡലത്തില്‍ ആകെയുള്ള പത്തു ലക്ഷത്തോളം വോട്ടുകള്‍ പരിശോധിച്ചപ്പോള്‍ 390 ഇരട്ടവോട്ടുകള്‍ മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്.അതുതന്നെ ബോധപൂര്‍വ്വമായവ അല്ലെന്നും, അവ നേരത്തെ തിരിച്ചറിഞ്ഞു ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചതാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിക്കുന്നുണ്ട്. ഇതോടെ ആറ്റിങ്ങലിലെ യുഡിഫ് സ്ഥാനാര്‍ഥിയുടെ ഒരു കളവുകൂടി പൊളിയുകയാണ്. തെരഞ്ഞെടുപ്പ് തോല്‍വി മുന്‍കൂട്ടി കണ്ടാവും യുഡിഎഫ് സ്ഥാനാര്‍ഥി വോട്ടര്‍ പട്ടികക്കെതിരെ രംഗത്തു വന്നത്.
എന്നാല്‍ അത് ആറ്റിങ്ങല്‍ ലോകസഭ മണ്ഡലത്തിലെ പ്രബുദ്ധരായ വോട്ടര്‍മാരെ ആകെ അപമാനിച്ചു കൊണ്ടാവാന്‍ പാടില്ലായിരുന്നു. ഒരു മണ്ഡലത്തിലെ വോട്ടര്‍മാരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയാണ് അദ്ദേഹം ചെയ്തത്. ഒരു തെളിവും ഇല്ലാതെ കേവലം ഭാവനയുടെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നു ആരോപണം എന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരിശോധനയില്‍ വ്യക്തമായിരിക്കുകയാണ്.
ആറ്റിങ്ങലിനോടോ, ആറ്റിങ്ങലിലെ ജനതയുമായോ ആത്മബന്ധം ഇല്ലാത്തതുകൊണ്ടാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കഴിയുന്നത്. ഈ സാഹചര്യത്തില്‍ ജനാധിപത്യവിശ്വാസികളെ അപമാനിച്ച യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി ആവശ്യപെടുകയാണ്. ഭാവിയില്‍ ഇത്തരം കള്ളാപ്രചാരണങ്ങള്‍ നടത്തുന്നതില്‍ നിന്ന് വിലക്കാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി നേതൃത്വം തയാറാകണം.
ഇത്തരം ദുരരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ആറ്റിങ്ങലിലെ വോട്ടര്‍മാര്‍ തയാറെടുത്തുകഴിഞ്ഞു. നുണകള്‍ ഓരോന്നായി പൊളിയുന്ന സാഹചര്യത്തില്‍ ജനങ്ങളെ ആകെ അപമാനിക്കുന്ന ദുഷ്പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here