‘കുഞ്ഞു പൂവിനെ നോവിക്കല്ലേ’, കൊല്ലാനും വലിച്ചെറിയാനും തുനിയും മുൻപ് ഓർക്കുക; വളർത്താൻ അവരുണ്ട്, ഒരൊറ്റ വിളി മതി അടുത്തുണ്ട്

കുഞ്ഞുങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ സംസ്ഥാനത്ത് ദിനംപ്രതി വർധിച്ചു വരികയാണ്. അവനവന്റെ ജീവിതം മെച്ചപ്പെടുത്താൻ വേണ്ടി നവജാത ശിശുക്കളെ പോലും കൊല്ലാൻ മടിക്കാത്തവർ നമുക്കിടയിലുണ്ട്. കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും കുഞ്ഞിനെ എറിഞ്ഞുകൊന്ന സംഭവം അതുകൊണ്ട് തന്നെ നമ്മുടെ ഉള്ളുലച്ചതാണ്. ഇനിയെങ്കിലും കുട്ടികളെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ കൊലപാതകം ആണ് അവസാന മാർഗം എന്ന് കരുതുന്നവർ ഒന്ന് ചിന്തിക്കുക. ഇവിടെ സർക്കാർ തന്നെ സംഘടിപ്പിക്കുന്ന ഒരു ദത്തെടുക്കൽ മാർഗമുണ്ട്.

അതിന്റെ വിശദ വിവരങ്ങൾ അറിയാം

ALSO READ: ‘ഇപ്പോഴാണ് ഞാൻ കൂടുതൽ ശക്തയായത്’, ഒടുവിൽ നടി ഭാമ വെളിപ്പെടുത്തി താൻ ഒരു ‘സിംഗിള്‍ മദര്‍’; കരുത്തോടെയിരിക്കൂ കടന്നുപോകൂ എന്ന് ആരാധകർ

സംസ്ഥാനത്ത്‌ കഴിഞ്ഞ അഞ്ചുവർഷത്തിനകം ദത്തെടുക്കൽവഴി പുതുജീവിതം ലഭിച്ചത്‌ 572 കുരുന്നുകൾക്കാണ്. ശിശുഹത്യ അരുതെന്നും സംരക്ഷിക്കാനും വളർത്താനും സംവിധാനമുണ്ടെന്നും ഓർമിപ്പിക്കുകയാണ്‌ സംസ്ഥാന സർക്കാരും ദത്തെടുക്കാൻ അപേക്ഷ നൽകിയവരും.

സ്‌റ്റേറ്റ്‌ അഡോപ്‌ഷൻ റിസോഴ്‌സ്‌ ഏജൻസി (സാറ)ക്കാണ്‌ കേരളത്തിൽ ദത്തെടുക്കൽ നടപടികളുടെ മേൽനോട്ടം. 2019–-20 മുതൽ 2023–-24 വരെയുള്ള കണക്കുകൾപ്രകാരം കേരളത്തിൽനിന്ന്‌ രാജ്യത്തിനകത്ത്‌ 514 കുട്ടികളെ ദത്തെടുത്തിട്ടുണ്ട്‌. ഇതിൽ 266 പേർ ആൺകുട്ടികളും 248 പെൺകുട്ടികളുമാണ്‌. രാജ്യത്തിന്‌ പുറത്തേക്ക്‌ 58 കുട്ടികളെയും ദത്ത്‌ നൽകി. 31 ആൺകുട്ടികളും 27 പെൺകുട്ടികളും. 1135 പേരാണ്‌ ദത്തെടുക്കാൻ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി കാത്തിരിക്കുന്നത്‌. ആറുവയസ്സുവരെയുള്ള കുട്ടികളെയാണ്‌ ദത്ത്‌ നൽകുക.

ദത്തെടുക്കാൻ സന്നദ്ധരായവർ www.cara.nic.in ൽ രജിസ്റ്റർ ചെയ്യണം. രേഖകൾ സമർപ്പിച്ച്‌ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിനെ സമീപിക്കണം. ജില്ലാ ശിശുസംരക്ഷണ ഓഫീസർമാരുടെ സംഘം അപേക്ഷകരെ പഠിക്കും. അപേക്ഷകർക്ക്‌ മൂന്നു കുട്ടികളുടെവരെ ഫോട്ടോയും റിപ്പോർട്ടുകളും ഓൺലൈനിൽ കാണാം. കുട്ടിയെ ഇഷ്ടപ്പെട്ടാൽ 48 മണിക്കൂറിനകം റിസർവ്‌ ചെയ്യണം. അഡോപ്‌ഷൻ കമ്മിറ്റി കുട്ടിയെ നേരിട്ട്‌ കാണാൻ അവസരമൊരുക്കും. കുട്ടിയെ ഇഷ്ടമായാൽ പത്തുദിവസത്തിനകം പ്രീ അഡോപ്‌ഷൻ ഫോസ്‌റ്റർകെയർ കരാറിൽ സ്ഥാപന അധികാരികളും അപേക്ഷകരും ഒപ്പിടണം. ദത്തെടുക്കൽകേന്ദ്രം ജില്ലാ മജിസ്‌ട്രേട്ടിനുമുമ്പാകെ കേസ്‌ ഫയൽ ചെയ്ത്‌ രണ്ടുമാസത്തിനകം നിയമ നടപടി പൂർത്തിയാക്കണം. രണ്ടുവർഷത്തിൽ ആറുമാസത്തിലൊരിക്കൽ ദത്തെടുക്കൽ ഏജൻസി തുടരന്വേഷണങ്ങൾ നടത്തും. വിവാഹപദവി കണക്കിലെടുക്കാതെ ഏതൊരു വ്യക്തിക്കും ദത്തെടുക്കാം. കുഞ്ഞുങ്ങളുള്ള ദമ്പതികൾക്കും ഇല്ലാത്തവർക്കും സാധിക്കും. സംസ്ഥാന ശിശുക്ഷേമസമിതിയടക്കം 14 അംഗീകൃത ദത്തെടുക്കൽസ്ഥാപനങ്ങളുണ്ട്‌. വിവരങ്ങൾക്ക്‌ www.cara.nic.in ഫോൺ: 82818 99475. അഞ്ചുവർഷത്തെ ദത്തുവിവരം ചുവടെ.

ALSO READ: ‘ഈ ജില്ല മുഴുവൻ രേവണ്ണയുടെ കയ്യിലാണ്, ഇവിടെ ജീവിക്കാൻ ഭയം’, കൂട്ടപ്പലായനം ചെയ്ത് അതിക്രമത്തിനിരയായ സ്ത്രീകൾ

ദത്തെടുക്കാൻ നിരവധിപേർ

‘‘ദത്തെടുക്കാൻ നിരവധിപേരാണ്‌ തയ്യാറാകുന്നത്‌. മക്കളുള്ളവരും ഇക്കൂട്ടത്തിലുണ്ട്‌. ആദ്യകാലങ്ങളിൽ ദത്തിനുള്ള കുട്ടികളുടെ എണ്ണം കൂടുതലും ദത്തെടുക്കാൻ തയ്യാറുള്ളവരുടെ എണ്ണം കുറവുമായിരുന്നു. എന്നാലിപ്പോൾ മറിച്ചാണ്‌.’’ (നിജോ സെബാസ്റ്റ്യൻ, സാറ പ്രോഗ്രാം മാനേജർ)

ഒരൊറ്റ വിളി മതി രക്ഷിക്കാൻ

‘ഒരൊറ്റ വിളി മതി കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ’എന്ന സന്ദേശവുമായി വനിതാ ശിശുവികസനവകുപ്പ്‌. 1098 ചൈൽഡ്‌ലൈൻ നമ്പറിൽ വിളിക്കാനാണ്‌ അഭ്യർഥന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News