ഡോക്ടര്‍ വന്ദന വധക്കേസ്; പ്രതി സന്ദീപിന് വേണ്ടി ഹാജരായത് അഡ്വ. ആളൂര്‍

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഹൗസ് സര്‍ജന്‍ ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ട കേസില്‍ പ്രതി സന്ദീപിനായി ഹാജരായത് അഡ്വക്കേറ്റ് ബി.എ ആളൂര്‍. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കോടതിക്ക് പുറത്ത് സന്ദീപിനും ആളൂരിനും എതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. കേസില്‍ പ്രതി സന്ദീപിനെ അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയ കസ്റ്റഡിയില്‍ വിട്ടുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

പ്രതിക്ക് ആയുധം എവിടെ നിന്ന് ലഭിച്ചുവെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും അതിനാല്‍ തെളിവെടുപ്പ് എന്തിനെന്നും ആളൂര്‍ ചോദിച്ചു. സന്ദീപിന്റെ ഇടതുകാലിന് പരുക്കുണ്ട്. യൂറിനറി ഇന്‍ഫെക്ഷന്‍ ഉണ്ട്. പ്രതിയെ ശാരീരിക പ്രശ്നങ്ങള്‍ കണക്കിലെടുത്ത് കസ്റ്റഡിയില്‍ കൊടുക്കരുതെന്നും ആളൂര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. തുടര്‍ന്ന് കസ്റ്റഡിയില്‍ വിടുകയായിരുന്നു.

ഒന്നിടവിട്ട ദിവസങ്ങളില്‍ 15 മിനിറ്റ് അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ അഭിഭാഷകന് പ്രതിയെ കാണാമെന്ന് കോടതി അറിയിച്ചു. സന്ദീപിനെ മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സന്ദീപിനെ രാവിലെ ഉമ്മന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വൈദ്യ പരിശോധന നടത്തിയ ശേഷമാണ് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷണല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News