കോഴിക്കോട് വടകരയില്‍ 9 വയസ്സുകാരിയെ ഇടിച്ച് നിര്‍ത്താതെ പോയ കാര്‍ 10 മാസത്തിനു ശേഷം പൊലീസ് കണ്ടെത്തി. പുറമേരി സ്വദേശിയായ ഷജീല്‍ ആണ് കാറുടമയെന്ന് വടകര റൂറല്‍ എസ്പി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 17 നാണ് ദേശീയ പാത വടകര ചോറോടില്‍ അപകടം നടക്കുന്നത്. അശ്രദ്ധമായി വാഹനമോടിച്ച യുവാവ് അപകടമുണ്ടാക്കുകയായിരുന്നു.
സംഭവത്തില്‍ നേരത്തെ, തലശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫിസിന് സമീപം താമസിക്കുന്ന 62 കാരി പുത്തലത്ത് ബേബി മരിക്കുകയും അവരുടെ മകളുടെ മകളായ ഒന്‍പത് വയസുകാരി ദൃഷാന ഗുരുതരമായി പരുക്കേറ്റ് കോമയിലാവുകയും ചെയ്തിരുന്നു. നിലവില്‍ കോമയില്‍ കഴിയുന്ന കുട്ടിയുടെ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജില്‍ താമസമാക്കിയിരിക്കുകയാണ് കുടുംബം.
അപകടസമയത്ത് പൊലീസിനു കിട്ടിയ ദൃശ്യത്തിലുണ്ടായിരുന്ന വാഹനം പ്രതി പിന്നീട് രൂപമാറ്റം വരുത്തിയിരുന്നു. എന്നാല്‍, ദൃശ്യത്തിലുണ്ടായിരുന്ന വെള്ള സ്വിഫ്റ്റ് കാറിന് സമാനമായ വാഹനം ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യാന്‍ വന്നതായി ശ്രദ്ധയില്‍പ്പെട്ട് പരിശോധിച്ചപ്പോഴാണ് അപകടമുണ്ടാക്കിയ കാറാണ് ഇതെന്ന് വ്യക്തമായത്.
ലോക്കല്‍ പൊലീസ് അന്വേഷിച്ചിട്ടും കാര്‍ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. അതേസമയം, പിടിക്കപ്പെടുമെന്ന് കരുതിയാണ് കാറിന്റെ രൂപമാറ്റം വരുത്തിയതെന്ന് പ്രതി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here