മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ ഭരണകക്ഷിയായ മഹായുതിയിൽ അസ്വാരസ്യം. ബിജെപിയുടെ നാല് സ്ഥാനാർഥികൾക്ക് വേണ്ടി പ്രചാരണത്തിനിറങ്ങില്ലെന്ന് ഷിൻഡെ വിഭാഗം ശിവസേന പ്രവര്‍ത്തകര്‍ വ്യക്തമാക്കിയതോടെയാണ് അസ്വാരസ്യങ്ങൾ മറനീക്കി പുറത്തുവന്നത്. തെരഞ്ഞെടുപ്പിനുള്ള 99 പേരടങ്ങിയ ആദ്യഘട്ട സ്ഥാനാർഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. എന്നാൽ, കല്യാൺ ഈസ്റ്റ്, താനെ, നവിമുംബൈ, മുര്‍ബാദ് എന്നീ സീറ്റുകളിൽ തങ്ങൾ പ്രചരണത്തിന് ഇറങ്ങില്ലെന്നാണ് ഷിൻഡെ വിഭാഗം ശിവസേന പ്രവർത്തകർ വ്യക്തമാക്കിയിട്ടുള്ളത്. കല്യാൺ ഈസ്റ്റിൽ സുലഭ ഗെയിക്‌വാദിനെയാണ് ബിജെപി സ്ഥാനാർഥിയാക്കിയത്.
ALSO READ: ജാര്‍ഖണ്ഡില്‍ സിപിഐഎം ഒറ്റയ്ക്ക് മത്സരിക്കും; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
സേന നേതാവ് മഹേഷ് ഗെയിക്‌വാദിന് നേരെ വെടിയുതിർത്ത കേസിൽ ജയിലിൽ കഴിയുന്ന എംഎല്‍എ ഗണപത് ഗെയിക്‌വാദിൻ്റെ ഭാര്യയാണ് സുലഭ. ഇതോടെ തങ്ങളുടെ നേതാവിന് നേരെ വെടിയുതിർത്ത പ്രതിയുടെ ഭാര്യക്ക് വേണ്ടി വോട്ട് പിടിക്കാനാവില്ലെന്ന് ശിവസേന പ്രവര്‍ത്തകര്‍ വ്യക്തമാക്കി. നേരത്തെ, സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകളുടെ തുടക്കത്തിൽ സുലഭയുടെ പേര് ഉയർന്നുവന്നപ്പോൾ തന്നെ ശിവസേന നേതാക്കൾ എതിർപ്പുമായി രംഗത്ത് എത്തിയിരുന്നു. ഗണപത് ഗെയിക്‌വാദിനോ അദ്ദേഹത്തിൻ്റെ കുടുംബത്തിനോ സീറ്റ് നല്‍കിയാല്‍ മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. കൂടാതെ, കല്യാൺ ഈസ്റ്റ് അസംബ്ലി സീറ്റ് ശിവസേനയുടെ കോട്ടയാണെന്നും മറ്റൊരാളെ ഇവിടെ നിന്ന് മത്സരിപ്പിക്കാനാവില്ലെന്നും ഒരു ഷിൻഡെ സേന ഭാരവാഹി പറഞ്ഞു.
ഈ സീറ്റ് ബിജെപിക്ക് അനുവദിച്ചതിലും പാർട്ടി പ്രവർത്തകർക്ക് അതൃപ്തിയുണ്ട്. മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഏക്നാഥ് ഷിൻഡെയുടെ ശക്തികേന്ദ്രത്തിൽ സിറ്റിങ് എംഎൽഎ സഞ്ജയ് കേൽക്കറെ മത്സരിപ്പിക്കാനുള്ള ബിജെപി തീരുമാനമാണ് താനെയിൽ ഷിൻഡെ ശിവസേനയുടെ എതിർപ്പിന് കാരണം. നവിമുംബൈയിൽ നിന്ന് ഗണേഷ് നായിക്, മുർബാദിൽ നിന്ന് കിഷൻ കാത്തോർ എന്നിവരെ മത്സരിപ്പിക്കാനുള്ള തീരുമാനവും ഷിൻഡെ ശിവസേന പ്രവർത്തകരുടെ എതിർപ്പിന് ഇടയാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here