ഉപതിരഞ്ഞെടുപ്പുകളിലെ പരാജയത്തിനു പിന്നാലെ കൊച്ചിയില്‍ ചേര്‍ന്ന ബിജെപി നേതൃയോഗത്തിലും കെ സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം. വി മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും സുരേന്ദ്രനെ കൈവിട്ടു. പാര്‍ട്ടി പുന സംഘടന നടക്കുന്നതിനാല്‍ അടുത്ത ഫെബ്രുവരി വരെ കെ സുരേന്ദ്രന്‍ തുടരട്ടെ എന്നാണ് താല്‍ക്കാലിക ധാരണ.
കേരളത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ പാലക്കാട് പോലും ബിജെപിക്ക് കനത്ത തിരിച്ചടി ഉണ്ടായ സാഹചര്യത്തിലാണ് കെ സുരേന്ദ്രനെതിരെ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം തുടങ്ങിയത്. നേതൃമാറ്റം ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെ ആയിരുന്നു ബിജെപി സംസ്ഥാന നേതൃയോഗം. കൊച്ചിയില്‍ നടന്ന നേതൃയോഗത്തിലും രൂക്ഷമായ വിമര്‍ശനം കെ സുരേന്ദ്രനു നേരെ ഉയര്‍ന്നു. പലപ്പോഴും സുരേന്ദ്രനെ പിന്തുണച്ചിരുന്ന വി മുരളീധരനും ഇത്തവണ കൈവിട്ടതായാണ് സൂചന. യോഗത്തിനുശേഷം മാധ്യമങ്ങളെ കണ്ട കെ സുരേന്ദ്രന്റെ വാക്കുകളും ഇത് വ്യക്തമാക്കുന്നവയായിരുന്നു.
ബിജെപിയുടെ താഴെ തട്ടുമുതല്‍ സംസ്ഥാന തലത്തില്‍ വരെ പുനസംഘടന നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കുന്നത് പാര്‍ട്ടിക്ക് ക്ഷീണം ചെയ്യുമെന്ന് ചില നേതാക്കള്‍ വിലയിരുത്തി. ഉപതെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയുണ്ടായെന്ന് ബിജെപി അംഗീകരിക്കുന്നതായി വിലയിരുത്തപ്പെടുമെന്നും അഭിപ്രായം ഉയര്‍ന്നു. ഇതോടെയാണ് ഫെബ്രുവരിവരെ സുരേന്ദ്രന്‍ അധ്യക്ഷസ്ഥാനത്ത് തുടരട്ടെ എന്ന ധാരണ ഒരു വിഭാഗം നേതാക്കള്‍ മുന്നോട്ടു വെച്ചത്. ജില്ലാതല പുനസംഘടനയ്ക്കു പിന്നാലെ സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചു പണി നടത്തി വി മുരളീധരനെ വീണ്ടും പാര്‍ട്ടി അധ്യക്ഷനാക്കിയേക്കുമെന്നും സൂചനയുണ്ട്. ഗ്രൂപ്പ് നേതാക്കളായ പി കെ കൃഷ്ണദാസ്, എ എന്‍ രാധാകൃഷ്ണന്‍, എം ടി രമേഷ് എന്നിവര്‍ ചൊവ്വാഴ്ചയിലെ യോഗത്തില്‍ നിന്ന് വിട്ടുനിന്നതും ശ്രദ്ധേയമായി. അതേസമയം അവരെ പിന്തുണക്കുന്ന ജില്ലാ ഭാരവാഹികള്‍ യോഗത്തിനെത്തുകയും ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here