കോഴയില്‍ കുടുങ്ങിയ അദാനി ഗ്രൂപ്പിന് കെനിയക്കും ബംഗ്ലാദേശിനും പിന്നാലെ ഫ്രാന്‍സിലും തിരിച്ചടി. ഫ്രാന്‍സ് ഊര്‍ജമേഖലയിലെ ഭീമനായ ടോട്ടല്‍ എനര്‍ജീസ്, അദാനി ഗ്രൂപ്പുമായി കൂടുതല്‍ സഹകരണത്തിന് ഇല്ലെന്ന് പ്രഖ്യാപിച്ചു. അതേസമയം, വന്‍ അഴിമതികള്‍ നടത്തിയിട്ടും അദാനിയുടെ പേര് പോലും പാര്‍ലമെന്റില്‍ ഉച്ചരിക്കാന്‍ സാധിക്കാത്ത വിധം ബിജെപി സംരക്ഷണം ഒരുക്കുന്നുവെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ആരോപിച്ചു.
Also Read; ‘സംഭല്‍’ ഒരു സൂചന; അപകടം തിരിച്ചറിഞ്ഞ് മതേതര ശക്തികള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് എഎ റഹിം
അഴിമതിയും സാമ്പത്തിക തട്ടിപ്പും പുറത്തുവന്നതോടെ അദാനി ഗ്രൂപ്പുമായുളള സംരംഭങ്ങളില്‍ നിന്നും കൂടുതല്‍ വ്യവസായ ഭീമന്മാര്‍ പിന്‍വാങ്ങുകയാണ്. കെനിയക്കും ബംഗ്ലാദേശിനും പിന്നാലെ ഫ്രാന്‍സിലെ ഊര്‍ജമേഖലയിലെ ഭീമനായ ടോട്ടല്‍ എനര്‍ജീസും അദാനിയുമായി സഹകരണമില്ലെന്ന് അറിയിച്ചു. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും അവയുടെ അനന്തരഫലങ്ങളിലും വ്യക്തത വരുംവരെ പങ്കാളിത്ത പദ്ധതികളില്‍ കൂടുതല്‍ പണംമുടക്കില്ലെന്നാണ് അറിയിപ്പ്. അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ 19.75 ശതമാനം ഓഹരികളുടെ ഉടമയാണ് ടോട്ടല്‍ എനര്‍ജീസ്.
അഴിമതിയുമായി ഒരുതരത്തിലും സന്ധി ചെയ്യില്ലെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. കോഴ വിഷയം അമേരിക്ക പുറത്തുവിട്ടതിനെ തുടര്‍ന്ന് കെനിയ അദാനി ഗ്രൂപ്പുമായി ധാരണയിലെത്തിയ രണ്ട് പദ്ധതികള്‍ റദ്ദാക്കിയിരുന്നു. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട കരാറുകള്‍ പുനഃപരിശോധിക്കുമെന്ന് ബംഗ്ലാദേശും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം അദാനിക്ക് മോദി സർക്കാർ എല്ലാ സംരക്ഷണവും നല്‍കുകയാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ആരോപിച്ചു. വന്‍ അഴിമതികള്‍ നടത്തിയ വമ്പന്‍മാരുടെ പേരുപോലും പാര്‍ലമെന്റില്‍ ഉച്ചരിക്കുന്നത് ബിജെപി ഭയപ്പെടുന്നതായും ബൃന്ദാ കാരാട്ട്.
അദാനി ഗ്രൂപ്പിനും അസൂര്‍ പവറിനും എതിരെ അമേരിക്ക കൈക്കൂലി ചുമത്തിയതോടെ സോളാര്‍ മേഖല വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇന്ത്യയ്ക്കെതിരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് വ്യവസായ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. സോളാര്‍ പ്രോജക്ടുകള്‍ക്ക് ധനസഹായം നല്‍കുന്നതിനെ കുറിച്ച് വ്യവസായ പങ്കാളികള്‍ ആശങ്കാകുലരാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. അദാനിയുടെ പ്രൊജക്ടുകള്‍ ടെന്‍ഡര്‍ ചെയ്യുന്നതില്‍ സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പങ്ക് ചോദ്യം ചെയ്യപ്പെട്ടതും വലിയ തിരിച്ചടിയായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here