നിലമ്പൂരിലെ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്തതിനെ തുടർന്ന് അറസ്റ്റിലായ പി.വി. അൻവർ എംഎൽഎയെ റിമാൻഡ് ചെയ്തു. നേരത്തെ, എംഎൽഎയുടെ വൈദ്യപരിശോധന പൂർത്തിയാക്കിയതിനു ശേഷം മജിസ്ട്രേറ്റിനു മുമ്പിൽ ഹാജരാക്കിയിരുന്നു. ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് അറസ്റ്റ് ചെയ്ത പി.വി. അൻവറിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിട്ടുള്ളത്. പി.വി. അൻവർ എംഎൽഎയെ ഇതോടെ തവനൂർ സബ്ജയിലിലേക്ക് മാറ്റി.
നേരത്തെ, എടവണ്ണ ഒതായിലെ വീട്ടിൽ കയറിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പി.വി. അൻവറിനെ കേസിൽ ഒന്നാം പ്രതിയായാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
പൊതുമുതൽ നശിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. കേസിൽ അൻവറടക്കം 11 പേരെയാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്. അതേസമയം, നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുള്ളതു കൊണ്ട് അറസ്റ്റിന് വഴങ്ങുന്നു എന്നായിരുന്നു പി.വി. അൻവറിൻ്റെ പ്രതികരണം. നിലമ്പൂരിൽ കാട്ടാന ചവിട്ടിയതിനെ തുടർന്ന് യുവാവ് കൊല്ലപ്പെട്ട സംഭവത്തിലായിരുന്നു പി.വി. അൻവറും കൂട്ടാളികളും ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നത്.
ഈ പ്രകടനമാണ് പിന്നീട് അക്രമാസക്തമായി പൊതുമുതൽ നശിപ്പിക്കുന്ന സാഹചര്യത്തിലേക്ക് എത്തിയത്. അതേസമയം, കേസിൽ അൻവറിൻ്റെ അറസ്റ്റ് സ്വാഭാവിക നടപടി മാത്രമാണെന്നും ഇക്കാര്യത്തിൽ മറ്റ് വ്യാഖ്യാനങ്ങൾ നടത്തരുതെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. കേസിൽ അൻവർ നാളെ ജാമ്യത്തിന് ശ്രമിക്കുമെന്നാണ് അറിയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here