സംസ്ഥാനത്ത് അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനുള്ള പ്രായപരിധി ഉയര്‍ത്തി

സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലും സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി 50 വയസാക്കി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ശ്യാം ബി മേനോന്‍ അധ്യക്ഷനായ ഉന്നതവിദ്യാഭ്യാസ പരിഷ്‌ക്കരണ കമ്മീഷന്റെ പ്രധാന ശുപാര്‍ശകളിലൊന്നാണ് നടപ്പാക്കുന്നത്. സംസ്ഥാനത്തെ ആര്‍ട്‌സ് കോളേജുകള്‍, ട്രെയിനിംഗ് കോളേജുകള്‍, ലോ കോളജുകള്‍, സംസ്‌കൃത കോളജുകള്‍, വിവിധ സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ ഉത്തരവ് ബാധകമാണ്.

നിലവില്‍ സര്‍വകലാശാലകളിലും കോളജുകളിലും അധ്യാപക നിയമനത്തിനുള്ള പ്രായപരിധി നാല്‍പത് വയസാണ്. എന്നാല്‍ അധ്യാപക നിയമനങ്ങള്‍ക്ക് ബാധകമായ യുജിസി മാനദണ്ഡങ്ങളില്‍ ഉയര്‍ന്ന പ്രായപരിധി നിഷ്‌ക്കര്‍ഷിക്കുന്നില്ല. ഇക്കാര്യത്തില്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടും കോളേജ് അധ്യാപക നിയമനങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധി ഒഴിവാക്കണമെന്ന സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ ശുപാര്‍ശയും പരിഗണിച്ചാണ് തീരുമാനമുണ്ടായിരിക്കുന്നത്.

ഉത്തരവനുസരിച്ച് കൊളീജിയറ്റ് എഡ്യൂക്കേഷന്‍ സ്‌പെഷ്യല്‍ റൂള്‍സില്‍ ഉചിതമായ ഭേദഗതികള്‍ വരുത്തും. സര്‍വകലാശാലാ സ്റ്റാറ്റിയൂട്ടുകളില്‍ ആവശ്യമായ ഭേദഗതി അതാത് സര്‍വകലാശാലകള്‍ വരുത്തും. സര്‍വകലാശാലകളിലെ അസ്സോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ തസ്തികകളിലെ നേരിട്ടുള്ള നിയമനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി പൂര്‍ണ്ണമായും ഒഴിവാക്കാന്‍ യുജിസി ചട്ടങ്ങള്‍ക്കനുസരിച്ച് സര്‍വകലാശാല നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ നടപടികളെടുക്കണമെന്ന് സര്‍വകലാശാലകളോട് ആവശ്യപ്പെട്ടതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News