പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി എംപിമാരുടെ യോഗം വിളിച്ചു

പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ എംപിമാരുടെ യോഗം വിളിച്ചു. ഓണ്‍ലൈന്‍ ആയി ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരും പ്രധാന ഉദ്യോഗസ്ഥരും പങ്കാളികളായി. കേരളം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും കേന്ദ്ര ഇടപെടല്‍ വേണ്ട മറ്റ് കാര്യങ്ങളും യോഗത്തില്‍ പ്രധാന ചര്‍ച്ചയായി.

കേരളത്തിനാവകാശപ്പെട്ട വായ്പാ പരിധി വെട്ടിക്കുറച്ച നടപടിയില്‍ നിന്നും കേന്ദ്രം പിന്മാറേണ്ടതുണ്ടെന്നതാണ് യോഗം ചര്‍ച്ച ചെയ്ത പ്രധാന അജണ്ട. ഈ സാഹചര്യത്തില്‍ 15ആം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം കേരളത്തിന്റെ വായ്പാപരിധി ഉയര്‍ത്താനായി ബന്ധപ്പെട്ട കേന്ദ്ര മന്ത്രിമാരെ സന്ദര്‍ശിക്കാന്‍ യോഗത്തില്‍ ഏകകണ്ഠമായി അഭിപ്രായമുയര്‍ന്നു. ഇതോടൊപ്പം സംസ്ഥാനത്തിനാവകാശപ്പെട്ട റവന്യു സബ്‌സിഡി ഒഴിവാക്കിയതും ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയതും കുടിശ്ശികയായ നഷ്ടപരിഹാരം തന്നുതീര്‍ക്കാത്തതുമെല്ലാം കേന്ദ്ര മന്ത്രാലയങ്ങളെയും പാര്‍ലമെന്റിലും അറിയിക്കണമെന്നും യോഗം തീരുമാനിച്ചു.

യുജിസിയുടെ ഏഴാമത് ശമ്പളപരിഷ്‌കരണം നടപ്പിയിലാക്കിയതിന്റെ ഭാഗമായി അധ്യാപകര്‍ക്ക് കൊടുത്ത ശമ്പളത്തിന്റെ കുടിശ്ശിക കേന്ദ്രം തന്നുതീര്‍ക്കാനുണ്ട്. ഈ വിഷയത്തിലും അടിയന്തിര ഇടപെടല്‍ നടത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം. പാര്‍ലമെന്റിലും ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ടെന്ന് യോഗം തീരുമാനിച്ചു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ടും കേന്ദ്രവിഹിതം കുടിശ്ശികയായി ബാക്കിനില്‍ക്കുന്നു. ഇതിലും ഇടപെടാന്‍ കേന്ദ്രത്തോട് ശക്തമായി ആവശ്യപ്പെടണം.

read also:അണിയറയില്‍ ഒരുങ്ങുന്നത് ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള തീരുമാനങ്ങള്‍: എം സ്വരാജ്

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെയും കേന്ദ്രവിഹിതം വരുന്ന പദ്ധതികളുടെയും നടത്തിപ്പിന് കേന്ദ്രസര്‍ക്കാര്‍ ബ്രാന്‍ഡിംഗ് ഉപയോഗിക്കുന്നത് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. കേരളത്തിന്റെ ലൈഫ് പദ്ധതിയടക്കമുള്ളവയില്‍ നാമമാത്രമായ കേന്ദ്രവിഹിതം മാത്രമേ ഉള്ളൂ. അവയില്‍ കേരളസര്‍ക്കാരിന്റെ ലോഗോ പോലും വെക്കുന്നില്ല. ഇതിലെല്ലാം കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ ലോഗോയും പേരും വെക്കണമെന്ന നിര്‍ദ്ദേശം അംഗീകരിക്കാനാവില്ല. ഈ വിഷയത്തിലും കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഒരുമിച്ചു നിന്ന് പ്രതികരിക്കണമെന്ന് ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. അതോടൊപ്പം ഇത്തരം പദ്ധതികള്‍ക്കുള്ള കേന്ദ്ര വിഹിതം കുടിശ്ശികയായത് തന്നുതീര്‍ക്കാനും ആവശ്യപ്പെടും. ഇതിനായി ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാരെ ഒരുമിച്ചുപോയി കാണാന്‍ എംപിമാര്‍ തീരുമാനമെടുത്തു. കേന്ദ്ര അവഗണന കാരണം മറ്റ് സംസ്ഥാനങ്ങളും ഇതുപോലെ ധാരാളം പ്രശ്‌നങ്ങളനുഭവിക്കുന്നുണ്ട്. അവരെയെല്ലാം ചേര്‍ത്തുനിര്‍ത്തിക്കൊണ്ടുള്ള പ്രതിഷേധ പരിപാടികളും ആസൂത്രണം ചെയ്യാന്‍ യോഗത്തില്‍ ധാരണയായി. ആദ്യഘട്ടത്തില്‍ യോജിച്ച നിവേദനം നല്‍കാനും തീരുമാനിച്ചു. നിവേദനം തയ്യാറാക്കാന്‍ ധനകാര്യ മന്ത്രി മുന്‍കൈ എടുക്കും.

പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റ് വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. 2022-23 സാമ്പത്തിക വര്‍ഷത്തെ നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള 51.5 കോടിയും ആരോഗ്യ ഗ്രാന്റ് ഇനത്തില്‍ 137 കോടിയും ലഭിക്കാനുണ്ട്. ഇതിനേക്കാള്‍ പ്രയാസം സൃഷ്ടിക്കുന്നത് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ പുതിയ നിബന്ധനയാണ്. ധനമന്ത്രാലയം വഴി അടുത്തതായി വിതരണം ചെയ്യേണ്ട തുകയുടെ 10 ശതമാനത്തില്‍ കവിയാത്ത ബാലന്‍സ് തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ പതിനാലാം ധനകാര്യ കമ്മീഷന്‍ ഗ്രന്റിന്റെ ബാക്കി അവശേഷിക്കാന്‍ പാടില്ല എന്നതാണ് ഈ നിബന്ധന. ഇത് ധനകാര്യ കമ്മീഷന്‍ ഏര്‍പ്പെടുത്തിയ നിബന്ധനയല്ല. മറിച്ച് കേന്ദ്ര ധനകാര്യ വകുപ്പ് ഏകപക്ഷീയമായി ഏര്‍പ്പെടുത്തിയ നിബന്ധനയാണ്. ഈ നിബന്ധന പ്രകാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പണം കിട്ടുന്നില്ല. തങ്ങള്‍ക്ക് കിട്ടാന്‍ അവകാശമുള്ള ഫണ്ട് ലഭിക്കാത്തതിനാല്‍ തദ്ദേശ തലത്തില്‍ പ്രോജക്റ്റുകള്‍ മുടങ്ങുകയാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 280 പ്രകാരം ഇത്തരം ഏതെങ്കിലും നിബന്ധനകള്‍ നല്‍കാന്‍ ധനകാര്യ കമ്മീഷന് മാത്രമാണ് അധികാരം. ആ നിലയ്ക്ക് കേന്ദ്ര ധനകാര്യ വകുപ്പിന്റെ പുതിയ നിബന്ധന ഭരണഘടനാ വിരുദ്ധമാണെന്നും യോഗത്തില്‍ ചര്‍ച്ചയായി.

read also:റൺ ഔട്ടാക്കി; ക്രിക്കറ്റ് മത്സരത്തിനിടെ അടിയോടടി

ഔട്ടര്‍ റിംഗ് റോഡിന്റെ നിര്‍മ്മാണത്തില്‍ വരുന്ന കാലതാമസം സര്‍വീസ് റോഡിന്റെ നിര്‍മ്മാണച്ചെലവു സംസ്ഥാനം വഹിക്കണമെന്ന നിബന്ധനയാണ്. ആ ചെലവു വഹിക്കാന്‍ എന്‍ എച്ച് എ ഐ തയ്യാറാകണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി അനുകൂല തീരുമാനം എടുപ്പിക്കാന്‍ എം.പിമാരുടെ ആത്മാര്‍ത്ഥ ശ്രമം ഉണ്ടാകണം.

കേരളത്തിലേയ്ക്കുള്ള വിദേശ വിമാന ടിക്കറ്റ് നിരക്കുകളിലുണ്ടാകുന്ന ഭീമമായ വര്‍ദ്ധനവു കുറയ്ക്കാന്‍ കേന്ദ്രത്തിന്റെ ഇടപെടലുകള്‍ ഉണ്ടാകേണ്ടത് അനിവാര്യമാണ്. വരുന്ന ക്രിസ്മസ് സീസണ്‍ കണക്കിലെടുത്ത് കുറച്ചു കാലം ഓപ്പണ്‍ സ്‌കൈ പോളിസി നടപ്പാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന കേന്ദ്രം നിരാകരിക്കുകയാണുണ്ടായത്. അതുപോലെ കണ്ണൂര്‍ വിമാനത്താവളത്തിനു ‘പോയിന്റ് ഓഫ് കോള്‍ സ്റ്റാറ്റസ്’ അനുവദിക്കാത്തതിനാല്‍ വിദേശ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ പറ്റാത്ത പ്രശ്‌നവും ചര്‍ച്ച ചെയ്തു.

ശബരിമല വിമാനത്താവളത്തിന് സുരക്ഷാ ക്‌ളിയറന്‍സ് നല്‍കുന്നതില്‍ ഉണ്ടാകുന്ന കാലതാമസവും കോഴിക്കോട് വിമാനത്താവളത്തില്‍ ഭൂമിയേറ്റെടുത്തിട്ടും നിര്‍മ്മാണത്തിനാവശ്യമായ ടെണ്ടര്‍ വിളിക്കുന്നതിലുണ്ടാകുന്ന കാലതാമസവും ചര്‍ച്ചയില്‍ ഉയര്‍ന്നു. ഈ വിഷയങ്ങള്‍ കേന്ദ്രത്തിനു മുന്നില്‍ കൂടുതല്‍ ശക്തിപൂര്‍വ്വം സംയുക്തമായി അവതരിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News