ഭംഗിയായി വാർത്ത വായിച്ച് ഫെദ; ഒറ്റദിവസം കൊണ്ട് എഐ അവതാരകയ്‌ക്ക്‌ ആരാധകരേറെ

മാധ്യമരംഗത്ത് നിർമിതബുദ്ധി ഉപയോഗിച്ചുകൊണ്ടുള്ള ശൈലികൾ പിന്തുടരാൻ ഇനിയും സമയമായേക്കും എന്ന കരുതിയവർക്ക് തെറ്റ് പറ്റിയിരിക്കുകയാണ്. കുവൈറ്റിലെ ഒരു വാർത്താ മാധ്യമത്തിന്റെ ഒരു പരീക്ഷണമാണ് കണക്കുകൂട്ടലുകൾ തെറ്റിച്ചത്.

കുവൈറ്റ് ന്യൂസ് എന്ന സ്ഥാപനം നിർമിതബുദ്ധിയുടെ സഹായത്തോടെ ഫെദ എന്ന വാർത്താ അവതാരകയെ സൃഷ്ടിക്കുകയും അവർ വാർത്ത വായിക്കുകയും ചെയ്തു. മനുഷ്യ സമാനമായ രീതിയിൽ തന്നെയായിരുന്നു ഫെദയുടെ വാർത്താ അവതരണവും. പുതുമയോടെ ശക്തമായ ഉള്ളടക്കങ്ങൾ കൈകാര്യം ചെയ്യുന്നതിൽ എഐയുടെ ക്ഷമത എങ്ങനെയെന്ന പരീക്ഷണമായിരുന്നു നടന്നതെന്ന് കുവൈറ്റ് ന്യൂസിന്റെ ഡെപ്യൂട്ടി എഡിറ്റർ അബ്ദുല്ല ബൊഫ്‌തൈന്‍ പിന്നീട് മാധ്യമങ്ങളെ അറിയിച്ചു.

കുവൈറ്റ് ശൈലിയിലുള്ള അറബിക്കിലാണ് ഫെദ വാർത്ത വായിച്ചത്. ഇളം നിറത്തിൽ ചീകിയൊതുക്കിയ മുടിയോടെ ഒരു യഥാർത്ഥ ന്യൂസ് റീഡറിനെപ്പോലെ തോന്നിക്കും വിധമായിരുന്നു ഫെദയുടെ വേഷം. ഫെദ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് വെള്ളി നിറത്തേയാണെന്നും അതൊരു പരമ്പരാഗത കുവൈറ്റ് നാമമാണെന്നും അബ്ദുല്ല ബൊഫ്‌തൈന്‍ പറഞ്ഞു. കുവൈറ്റിലെ വൈവിധ്യപൂർണ്ണമായ പ്രവാസികളെയാണ് ഫെദയുടെ ഇളം നിറത്തിലുള്ള കണ്ണുകളിലൂടെ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, എഐ ഉപയോഗിച്ചുകൊണ്ടുള്ള വാർത്താ അവതരണം സാങ്കേതികമായി നല്ലതാണെന്ന് കരുതാമെങ്കിലും മറുവശത്ത് ആശങ്കകളുമുണ്ട്. തൊഴിൽ നഷ്ടമാണ് അവയിൽ പ്രധാനപ്പെട്ടത്. ഭാവിയിൽ നിർമിതബുദ്ധി മനുഷ്യരുടെ തൊഴിലുകൾ കയ്യടക്കുമോ എന്ന ആശങ്ക നിർമിതബുദ്ധിയെ എത്രത്തോളം ആശ്രയിക്കണം എന്ന ചോദ്യമുയർത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News