സര്‍ക്കാരിനേയും മോട്ടോര്‍വാഹനവകുപ്പിനേയും പ്രശംസിച്ച് ഹൈക്കോടതി സിംഗിള്‍ ബെഞ്ച്. എഐ ക്യാമറ സ്ഥാപിച്ചതിന് എതിര്‍പ്പുകളില്ലെന്നും പദ്ധതിയെ നിരുല്‍സാഹപ്പെടുത്തരുതെന്നും കോടതി. ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനും നിയന്ത്രിക്കാനുമുള്ള നൂതന സംരംഭമായ എ ഐ ക്യാമറകള്‍ സ്ഥാപിക്കുന്നത് നിരുത്സാഹപ്പെടുത്താനോ തടയാനോ ആകില്ലെന്നും കോടതി വ്യക്തമാക്കി. സാങ്കേതിവിദ്യ ഉപയോഗിച്ച് ഇത്തരമൊരു നൂതന സംവിധാനം നടപ്പാക്കിയ സര്‍ക്കാരിനെയും മോട്ടോര്‍ വാഹന വകുപ്പിനെയും അഭിനന്ദിക്കേണ്ടതുണ്ട്. എഐ ക്യാമറകള്‍ സ്ഥാപിക്കുന്നതിനെതിരെ പ്രതിപക്ഷ പാര്‍ടികളില്‍ നിന്നുപോലും വിമര്‍ശനമില്ല. അതേസമയം ക്യാമറയും മറ്റ് സാമഗ്രികളും വാങ്ങിയതിനെക്കുറിച്ച് മാത്രമാണ് ആരോപണങ്ങള്‍. പുതിയൊരു സംരംഭമെന്നനിലയില്‍ ചില കുറവുകളുണ്ടായേക്കാമെന്നും അതു പരിഹരിക്കപ്പെട്ടേക്കാമെന്നും കോടതി നിരീക്ഷിച്ചു. സാങ്കേതിക വിദ്യ പുരോഗമിച്ച കാലത്ത് എഐ ക്യാമറ സ്ഥാപിക്കുന്നത് നിയമലംഘനങ്ങള്‍ കണ്ടുപിടിക്കാനുള്ള നൂതനമായ ചുവട് വയ്പ്പാണെന്നും കോടതി നിരീക്ഷിച്ചു.
ആരോഗ്യകാരണങ്ങളാല്‍ ഹെല്‍മറ്റ് ധരിക്കുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജിയിലാണ് കോടതി പരാമര്‍ശങ്ങള്‍. ഹെല്‍മറ്റില്ലാതെ മൂവാറ്റുപുഴ ആര്‍ടിഒയുടെ പരിധിയിലുള്ള സ്ഥലങ്ങളില്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കണമെന്നുമാവശ്യപ്പെട്ട് മൂവാറ്റുപുഴ രാമമംഗലം സ്വദേശികളായ മോഹനനും ശാന്തയും നല്‍കിയ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ നിരീക്ഷണം. ഇരുചക്രവാഹനയാത്രക്കാരായ പൗരന്‍മാരെ ഹെല്‍മറ്റ് ധരിക്കുന്നതില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്ന് വിലയിരുത്തിയാണ് ഹര്‍ജി തള്ളിയത്. യാത്രക്കാരുടെ ജീവന്‍ സുരക്ഷിതമാക്കുകയെന്നത് രാജ്യത്തിന്റെ ഉത്തരവാദിത്തമായതിനാലാണ് ഇരുചക്രവാഹനയാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയത്. രാജ്യത്തെ മോട്ടോല്‍ വാഹന നിയമങ്ങള്‍ ഇരുചക്രവാഹനയാത്രക്കാര്‍ക്കും ബാധകമാണ്. എ ഐ ക്യാമറയില്‍ നിന്ന് രക്ഷപെടാനായി നിയമം ലംഘിച്ച് ഇരുചക്രവാഹനയാത്ര നടത്താന്‍ അനുമതി നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ഹര്‍ജി തള്ളുകയായിരുന്നു.
Also Read: ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍, പിന്നീട് അറസ്റ്റ്; ഒടുവില്‍ സുധാകരന് ജാമ്യം
പൊതുഗതാഗത സൗകര്യം കുറവായതിനാല്‍ മാറാടി പഞ്ചായത്തിലെ താമസക്കാരായ ഹര്‍ജിക്കാര്‍ നിത്യജീവിത ആവശ്യങ്ങള്‍ക്ക് മൂവാറ്റുപുഴ നഗരത്തെയാണ് ആശ്രയിക്കുന്നത്. ഇരുചക്രവാഹനം ഉപയോഗിക്കുന്ന ഹര്‍ജിക്കാര്‍ കടുത്ത തലവേദനയടക്കമുള്ള അസുഖത്തിന് ചികിത്സയിലായതിനാല്‍ ഹെല്‍മറ്റ് ധരിക്കാനാവില്ല. നഗരത്തില്‍ പലയിടത്തും എഐ ക്യാമറകളുള്ളതിനാല്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്രയ്ക്ക് പിഴ ഈടാക്കും. അതിനാല്‍ മൂവാറ്റുപുഴ ആര്‍ടിഒയുടെ പരിധിയിലുള്ള സ്ഥലങ്ങളില്‍ ഹെല്‍മറ്റില്ലാതെ യാത്ര ചെയ്യാന്‍ അനുവദിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ഹെല്‍മറ്റ് വയ്ക്കാന്‍ കഴിയാത്ത തരത്തില്‍ അുസഖങ്ങളുള്ളവര്‍ ഇരുചക്രവാഹനയാത്ര ഒഴിവാക്കുന്നതാണ് അഭികാമ്യമെന്ന് കോടതി വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here