എഐ കാമറ: ഹര്‍ജി ഫയലില്‍ സ്വീകരിച്ചില്ല

എഐ കാമറ ഇടപാടിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തല എംഎല്‍എയും നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചില്ല. ഫയലില്‍ സ്വീകരിക്കുന്നതുസംബന്ധിച്ച് വാദം കേള്‍ക്കാന്‍ ഇരുകക്ഷികള്‍ക്കും നോട്ടീസ് നല്‍കി ചീഫ് ജസ്റ്റിസ് എസ് വി ഭാട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.

അതേസമയം, പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയ പ്രതിപക്ഷനേതാവും രമേശ് ചെന്നിത്തലയും അഴിമതിരഹിതരാണെന്ന് വ്യക്തമാക്കുന്ന അധികസത്യവാങ്മൂലം വേണമെങ്കില്‍ നല്‍കാമെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജിക്കാര്‍ സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കുന്ന അഴിമതിരഹിത സമീപനം അവരും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് വേണമെങ്കില്‍ സത്യവാങ്മൂലത്തിലൂടെ ഹര്‍ജിക്കാര്‍ക്ക് കോടതിയെ ബോധ്യപ്പെടുത്താം. എഐ കാമറ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ തീരുമാനമുണ്ടാകുന്നതുവരെ പദ്ധതിയുമായി ബന്ധപ്പെട്ടവര്‍ക്ക് കോടതിയുടെ അനുമതിയോടെയോ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലോ പണം നല്‍കാം.

Also Read: പുരാവസ്തു തട്ടിപ്പ് കേസിൽ കെ സുധാകരനെതിരെ തെളിവുകളുണ്ട്: ഡിവൈഎസ്പി

സംസ്ഥാനത്തെ എഐ കാമറയുടെ പ്രവര്‍ത്തനം സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ഇടക്കാല ആവശ്യം കോടതി പരിഗണിച്ചില്ല. എഐ കാമറയുടെ പ്രവര്‍ത്തനം ജൂണ്‍ അഞ്ചുമുതല്‍ ആരംഭിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണിത്. പദ്ധതി നടപ്പാക്കുന്ന രീതിയില്‍ മാറ്റം വന്നതായി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ പരിശോധന ആവശ്യമാണെന്നും കോടതി പറഞ്ഞു. ഹര്‍ജി മൂന്നാഴ്ചയ്ക്കുശേഷം പരിഗണിക്കാന്‍ മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News