ലോകം നാശത്തിലേക്ക്; എഐ ആണവ യുദ്ധത്തേക്കാള്‍ അപകടകാരിയെന്ന് ഗവേഷകന്‍

ഉപയോക്താക്കള്‍ക്കിടയില്‍ വന്‍ സ്വീകാര്യത നേടിക്കൊണ്ട് ലോകം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യുഗത്തിലേക്ക് കടക്കുകയാണ്. എന്നാല്‍ സാങ്കേതിക വിദ്യ പുതുയുഗത്തിലേക്ക് കടന്നുകൊണ്ടിരിക്കുമ്പോള്‍ അതിനൊരു മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് എലിസര്‍ യുഡ്കോവ്സ്‌കി എന്ന ഗവേഷകന്‍. കാലിഫോര്‍ണിയയിലെ ബെര്‍ക് ലിയിലെ മെഷീന്‍ ഇന്റലിജന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ എഐ ഗവേഷകനാണ് യുഡ്കോവ്സ്‌കി.

ഒരു വശത്ത് മനുഷ്യന്റെ ജോലികളെ ലളിതമാക്കി മാറ്റാന്‍ എഐ സഹായിക്കും എന്ന പ്രതീക്ഷിക്കുമ്പോള്‍ മറുവശത്ത് അതേ കുറിച്ച് ആശങ്കയും വര്‍ദ്ധിക്കുകയാണ്. അത്തരത്തില്‍ ആശങ്ക നല്‍കുന്ന ഒരു മുന്നറിയിപ്പാണ് എലിസര്‍ യുഡ്കോവ്സ്‌കി നല്‍കുനത്.

അതി മാനുഷികമായ ബുദ്ധിശേഷിയുള്ള ഇത്തരം സംവിധാനങ്ങളുടെ നിര്‍മാണം അവസാനിപ്പിച്ചില്ലെങ്കില്‍ ഭൂമിയിലെ എല്ലാവരും മരണപ്പെടും എന്നാണ് എലിസര്‍ യുഡ്കോവ്സ്‌കി ടൈം മാഗസിനില്‍ എഴുതിയ ഒരു ലേഖനത്തില്‍ പറയുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എത്രത്തോളം അപകടകരമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനോട് മത്സരിച്ചാല്‍ മനുഷ്യര്‍ പരാജയപ്പെടുകയേ ചെയ്യുകയുള്ളൂ. എഐ മൂലമുള്ള കൂട്ട വംശനാശഭീഷണിക്ക് ആണവായുധ യുദ്ധഭീഷണി തടയാനുള്ള ശ്രമങ്ങളേക്കാള്‍ പ്രാധാന്യം നല്‍കണം എന്നും യുഡ്കോവ്സ്‌കി പറയുന്നു.

അതിമാനുഷിക ബുദ്ധി സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് തന്നെ പതിറ്റാണ്ടുകള്‍ വേണ്ടിവന്നേക്കും. ആ പരിഹാരവും എല്ലാവരും കൊല്ലപ്പെടാതിരിക്കാന്‍ വേണ്ടി മാത്രമാവും. ചിലപ്പോള്‍ അപ്പോഴേക്കും നമ്മളെല്ലാം മരിച്ചിട്ടുണ്ടാവും അദ്ദേഹം പറഞ്ഞു.

എഐയുടെ വെല്ലുവിളികള്‍ മനസിലാക്കാന്‍ നമ്മള്‍ ഇനിയും തയ്യാറെടുത്തിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍, അതിശക്തമായൊരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ആരെങ്കിലും നിര്‍മിച്ചെടുത്താല്‍, തൊട്ടുപിന്നാലെതന്നെ മനുഷ്യവര്‍ഗത്തിലെ ഓരോരുത്തരും ഭൂമിയിലെ എല്ലാ ജീവിവര്‍ഗങ്ങളും ചത്തൊടുങ്ങും എന്നാണ് താന്‍ കരുതുന്നതെന്നും യുഡ്കോവ്സ്‌കി പറഞ്ഞു.

ഇക്കഴിഞ്ഞ മാര്‍ച്ച് 29 ന് ഇലോണ്‍ മസ്‌ക്, ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് വൊസ്നൈയ്ക് ഉള്‍പ്പടെ നിരവധിയാളുകള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷണങ്ങള്‍ നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഒരു തുറന്ന കത്ത് പുറത്തുവിട്ടിരുന്നു.എന്നാല്‍ ഈ കത്തില്‍ പറയുന്ന ആവശ്യങ്ങള്‍ പോലും യഥാര്‍ത്ഥ പ്രശ്നത്തെ നേരിടാന്‍ പര്യാപ്തമല്ലെന്നാണ് എലിസര്‍ യുഡ്കോവ്സ്‌കി പറയുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹം ഈ കത്തില്‍ പങ്കാളിയായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News