എഐ മനുഷ്യരാശിക്ക് ആപത്ത്, മുന്നറിയിപ്പുമായി ഉപജ്ഞാതാവ് ജെഫ്രി ഹിൻ്റൺ

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മനുഷ്യരാശിക്ക് ആപത്താകുമെന്ന മുന്നറിയിപ്പുമായി എഐ ഉപജ്ഞാതാവ് ജെഫ്രി ഹിൻ്റൺ. ഗൂഗിളിലെ ജോലി രാജിവച്ചതിന് ശേഷമാണ് നിർമിതബുദ്ധിയുടെ ഗോഡ്ഫാദർ തന്നെ വിമർശനം ഉയർത്തുന്നത്. മനുഷ്യബുദ്ധിയെ മറികടക്കുന്ന എഐ ഭാവിയിൽ വരുത്തിവെക്കുന്ന അപകടം വലുതായിരിക്കുമെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്.

കഴിഞ്ഞ പതിറ്റാണ്ടിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്ന ശാസ്ത്രശാഖയ്ക്ക് വലിയ മുന്നേറ്റം നേടിക്കൊടുത്ത ശാസ്ത്രജ്ഞനാണ് ജെഫ്രി ഹിൻ്റൻ. ഗൂഗിളിൽ തുടർന്നുവന്നിരുന്ന ജോലി അവസാനിപ്പിച്ചതിനു ശേഷം ബിബിസി അടക്കമുള്ള മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് താൻ വിത്തുപാകിയ എഐ വിതയ്ക്കാൻ പോകുന്ന അപകടത്തെപ്പറ്റി വിശദീകരിച്ചത്. വിവരങ്ങൾ മനസ്സിലാക്കി ഇടപെടുന്ന മനുഷ്യ തലച്ചോർ പോലെ ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ നെറ്റ്‌വർക്കുകളും മെച്ചപ്പെടുമെന്നും മനുഷ്യബുദ്ധിയെ കവച്ചുവയ്ക്കുമെന്നുമാണ് ജെഫ്രി ഹിൻ്റൻ നൽകുന്ന മുന്നറിയിപ്പ്.

ഭാവിയിലെ തൊഴിലുകൾ മുഴുവൻ നഷ്ടപ്പെടുത്തുന്ന വിധത്തിൽ ഒരുപക്ഷേ എഐ വളർന്നുവന്നേക്കാം. മോശം ആളുകളുടെ കയ്യിൽ എത്തുന്ന സാങ്കേതികവിദ്യ മനുഷ്യ സുരക്ഷയ്ക്ക് വരെ കൈമോശം വരുത്തിയേക്കാം. അതുകൊണ്ട് നിർമ്മിത ബുദ്ധിയുടെ നിയന്ത്രണത്തിൽ നിക്ഷേപം നടത്തുക അനിവാര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഗൂഗിളിൽ നിന്ന് രാജിവെച്ചതുകൊണ്ടാണ് ഇത്തരമൊരു പ്രതികരണമെന്ന് കരുതേണ്ടെന്നും നിർമ്മിത ബുദ്ധിയെക്കുറിച്ച് ഗൂഗിളിൽ സ്വാധീനം ചെലുത്താതെ സ്വതന്ത്രമായി പ്രതികരിക്കാനാണ് രാജി എന്നും ജെഫ്രി ഹിൻ്റൻ വ്യക്തമാക്കിയിട്ടുണ്ട്. നിരവധിയായ എഐ സംവിധാനങ്ങൾക്ക് അടിത്തറ നിർമിച്ച ഹിൻ്റൻ ഒരു പതിറ്റാണ്ടിലേറെയായി ഗൂഗിളിൽ ജോലി ചെയ്തു വരികയായിരുന്നു. ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ വളർച്ച പ്രതികൂല ഭാവി സാഹചര്യം സൃഷ്ടിക്കുമെന്ന ഭീതി ലോകം മുഴുവൻ ചർച്ച പടർത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News