പാൻഡെമിക്കിൻ്റെ തുടക്കത്തിലെ സാമ്പത്തിക തകർച്ച റോബോകോളുകളിൽ നിന്നുള്ള തട്ടിപ്പുകൾ വ്യാപകമാക്കി. ടെക്സ്റ്റ്, ഇമെയിൽ ഫിഷിംഗ്, തുടങ്ങിയ അംഗീകൃത പുഷ് പേയ്‌മെൻ്റ് തട്ടിപ്പുകൾക്കും സാക്ഷ്യം വഹിച്ചു. ക്രിപ്‌റ്റോകറൻസി നിക്ഷേപ തട്ടിപ്പുകൾ മുതൽ നോൺ-ഫംഗബിൾ ടോക്കൺ (എൻഎഫ്‌ടി) റഗ്-പുളുകൾ വരെ പലരുടെയും പണം നഷ്ടപ്പെടുത്തി. നിരവധി അതിവേഗ ഓൺലൈൻ ലോണുകളും, പെട്ടെന്ന് പണം ഇരട്ടിപ്പിക്കുന്ന സ്കീമുകളുമായി സൈബറിടം സംശയത്തിന്റെ മുൾമുനയിലായി.
വ്യാജ FedEx പാക്കേജുകളേക്കാളും ജോലി വാഗ്ദാനങ്ങളേക്കാളും വീഡിയോകൾ ലൈക്ക് ചെയ്യുന്നതിനുള്ള പണത്തേക്കാളും കൂടുതൽ സങ്കീർണ്ണമായ ഒരു പുതിയ തട്ടിപ്പ് നഗരത്തിലെത്തിയിരിക്കുന്നു. ഇത് പ്രിയപ്പെട്ടവരുടെ ശബ്ദം പുനഃസൃഷ്ടിക്കുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്-പവർ വോയ്‌സ് ക്ലോണിംഗ് സോഫ്‌റ്റ്‌വെയർ ഉപയോഗിച്ചുള്ള ചതിക്കുഴിയാണ്. മുംബൈയിൽ ഇത്തരമൊരു സംഭവം ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത്. സിവിൽ കോൺട്രാക്ട് ജോലികൾ ചെയ്തു വരുന്ന മലയാളിയായ തോമസിന്റെ ഫോണിലേക്കാണ് അജ്ഞാതൻ വിളിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത്.
Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റിയോഗം ഇന്ന് വീണ്ടും ചേരും
കോളേജിൽ പഠിക്കുന്ന മകൻ ഒരു കേസിൽ പെട്ടിരിക്കയാണെന്നു പറഞ്ഞായിരുന്നു ഫോൺ വന്നത്. ഉടനെ ഇടപടണമെന്നും സംഗതി പോലീസ് കേസായാൽ ചുരുങ്ങിയത് 3 വർഷം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നുമായിരുന്നു ഫോണിൽ അജ്ഞാതന്റെ ഭീഷണി. തുടർന്ന് ഒരു ലക്ഷം രൂപ ഉടനെ യൂ പി ഐ വഴി ട്രാൻസ്‌ഫർ ചെയ്യാനും അജ്ഞാതൻ ആവശ്യപ്പെട്ടു.
ബാങ്ക് അക്കൗണ്ടിൽ ഇത്രയും തുക ഇല്ലെന്നും നിലവിൽ 12000 രൂപ മാത്രമാണ് ബാലൻസെന്നും പറഞ്ഞപ്പോൾ ഉടനെ അത്രയും തുക അയക്കുവാനായിരുന്നു ആദ്യ പ്രതികരണം. പണം അവർ ആവശ്യപ്പെട്ട അക്കൗണ്ടിലേക്ക് യു പി ഐ വഴി ട്രാൻസ്ഫർ ചെയ്‌തെങ്കിലും ബാക്കി തുക അഞ്ചു മിനിറ്റിനകം അയക്കണമെന്നായിരുന്നു അടുത്ത ആവശ്യം. തുടർന്ന് ഇയാൾ ഫോണിലൂടെ മകന്റെ സംസാരവും കേൾപ്പിച്ചായിരുന്നു ബ്ലാക്ക് മെയിൽ. രക്ഷിക്കണമെന്ന അപേക്ഷയുമായി മകന്റെ കരച്ചിലായിരുന്നു തോമസ് പിന്നീട് കേട്ടത്. ഇവർ തന്നെ വല്ലാതെ ദേഹോപദ്രവം ചെയ്‌തെന്നും എത്രയും പെട്ടെന്ന് തന്നെ മോചിപ്പിക്കണമെന്നും മകൻ ആവശ്യപ്പെട്ടതോടെയാണ് നിസഹായാവസ്ഥയിൽ തോമസ് സാമൂഹിക പ്രവർത്തകനായ പ്രകാശ് പടിക്കലുമായി ബന്ധപ്പെടുന്നത്. തുടർന്നാണ് ഡോംബിവ്‌ലി കേരളീയ സമാജം ചെയർമാൻ വർഗീസ് ഡാനിയൽ ഇടപെടുന്നതും പോലീസിൽ പരാതി നൽകിയതും. പിന്നീടുള്ള അന്വേഷണത്തിലാണ് ഫോൺ കാൾ വ്യാജമാണെന്നും മകൻ കോളേജിലെ ക്ലാസ്സിലുണ്ടെന്നും മനസിലായത്.
പരിഭ്രാന്തിയിൽ എന്ത് ചെയ്യണമെന്നറിയാതെയാണ് ബാങ്കിൽ ഉണ്ടായിരുന്ന തുക മുഴുവൻ ഇവർക്ക് അയച്ചു കൊടുത്തതും മകന്റെ ശബ്ദത്തിലെ സുതാര്യത ചികയാതിരുന്നതെന്നും തോമസ് കൈരളി ന്യൂസിനോട് പറഞ്ഞു. ബാങ്കിൽ ബാലൻസ് കുറവായിരുന്നതിനാൽ വലിയ നഷ്ടം സംഭവിക്കാതെ രക്ഷപ്പെടുകയായിരുന്നു.
Also Read: കൊഹ്ലി തിരിച്ചെത്തി; ഐപിഎല്‍ ക്യാമ്പില്‍ പരിശീലനം ആരംഭിച്ച് താരം; ആവേശത്തില്‍ ബംഗളൂരു ആരാധകര്‍
ചതിക്കുഴി ഒരുക്കിയത് ഇങ്ങിനെയാകാം
ഒരു വ്യക്തിയുടെ ശബ്ദം ഫോണിൽ സംസാരിക്കുന്നതിനിടയിൽ റെക്കോർഡ് ചെയ്ത് ഈ ശബ്ദത്തെ പിന്നീട് വേണ്ട വിധത്തിൽ ഏതു ഭാഷയിലേക്കും മാറ്റിയെടുക്കാൻ എ ഐ സാങ്കേതിക വിദ്യ കൊണ്ട് കഴിയുമെന്ന സാധ്യതയാണ് ഇവിടെ പ്രയോഗിച്ചത്.
ഇതേ സാങ്കേതിക വിദ്യയുടെ ദുരുപയോഗം തന്നെയാണ് ഇവിടെയും നടന്നിരിക്കുക. മുൻപ് എപ്പോഴെങ്കിലും കാൾ സെന്റർ വഴി റെക്കോർഡ് ചെയ്ത മകന്റെ ശബ്ദം നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ അച്ഛനോട് അപേക്ഷിക്കുന്നതായി മാറ്റിയെടുത്ത് റെക്കോർഡ് ചെയ്താണ് ചതിക്കുഴി ഒരുക്കിയിരിക്കുന്നത്. ഇത്തരമൊരു അവസ്ഥയിൽ മാനസിക സംഘത്തിലാകുന്ന രക്ഷിതാക്കളിൽ നിന്ന് പെട്ടെന്ന് പണം തട്ടിയെടുക്കയാണ് സംഘത്തിന്റെ പുതിയ രീതി.
സൈബർ കുറ്റകൃത്യങ്ങളിൽ ഏറ്റവും അപകടകരമായ പതിപ്പാണ് എ ഐ ദുരുപയോഗം. കൂടുതൽ ജാഗ്രതയും മനഃസാന്നിധ്യവുമാണ് ഇനി വേണ്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here