സച്ചിൻ പൈലറ്റിനെ തള്ളി എഐസിസി നേതാവ് സുഖ്‌വിന്ദർ സിങ് രൺധാവ, രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം

ദില്ലി: പാര്‍ട്ടിയുടെ അനുമതിയില്ലാതെ സ്വന്തംനിലയില്‍  ‘ജന്‍ സംഘര്‍ഷ് യാത്ര’ നടത്തുന്ന രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിനെ തള്ളി രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി നേതാവ് സുഖ്‌വിന്ദർ സിങ് രൺധാവ. സച്ചിൻ പൈലറ്റിന്റെ യാത്ര വ്യക്തിപരമാണെന്നും അദ്ദേഹം യാത്രക്കായി തെരഞ്ഞെടുത്ത സമയം ഉചിതമായില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സച്ചിൻ പൈലറ്റ് പറയുന്ന മുഴുവൻ കാര്യങ്ങളിലും ചർച്ച സാധ്യമല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം രാജസ്ഥാനിലെ പൊട്ടിത്തെറി ഹൈക്കമാന്റിനെയും കോൺഗ്രസ് നേതൃത്വത്തെയും അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു.

കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ അഴിമതിക്കെതിരെ മെയ് 11 നാണ് പൈലറ്റ് യാത്ര ആരംഭിച്ചത്. അജ്മീര്‍ മുതല്‍ ജയ്പൂര്‍ വരെയുള്ള 125 കിലോമീറ്ററാണ് അദ്ദേഹം യാത്ര ചെയ്യുന്നത്.  രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ട് സർക്കാരിന്റെ അഴിമതി ചർച്ച ചെയ്യണമെന്നാണ് സച്ചിന്റെ ആവശ്യം. എന്നാൽ ആ കാര്യം ചർച്ച ചെയ്യില്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്.

രാജസ്ഥാൻ പിസിസി അധ്യക്ഷനും പാർട്ടി നേതൃത്വവും അദ്ദേഹത്തെ വിമർശിച്ചിരുന്നു. സച്ചിന്റെ യാത്ര തെറ്റാണെന്നല്ല, മറിച്ച് തെരഞ്ഞെടുത്ത സമയം തെറ്റാണെന്നാണ് കോൺഗ്രസ് നേതൃത്വം പറഞ്ഞത്. കഴിഞ്ഞ ദിവസം ദില്ലിയിൽ നടന്ന ചർച്ചയിൽ സച്ചിൻ പൈലറ്റിന്റെ യാത്ര ഉയർന്നുവന്നിരുന്നു.

രാജസ്ഥാനിൽ ഏറെ നാളായി തുടരുന്ന അശോക് ഗെഹ്ലോട്ട് – സച്ചിൻ പൈലറ്റ് തർക്കം പരിഹാരമില്ലാതെ നീളുകയാണ്. ഇതെങ്ങനെ തീർക്കുമെന്ന കാര്യത്തിൽ കോൺഗ്രസ് നേതൃത്വത്തിന് വ്യക്തതയില്ല. അതിനാൽ തന്നെ പ്രതിസന്ധി കൂടുതൽ കുഴഞ്ഞുമറിഞ്ഞ് പോവുകയുമാണ്. അതിനിടെ സച്ചിൻ പൈലറ്റിന്റെ സംസ്ഥാനത്തെ പദയാത്ര നാലാം ദിവസത്തിലേക്ക് കടന്നിട്ടുണ്ട്. അശോക് ഗെഹ്ലോട്ടിനെയും കോൺഗ്രസ് നേതൃത്വത്തെയും വെല്ലുവിളിച്ചുകൊണ്ടാണ് സച്ചിൻ പൈലറ്റിന്റെ യാത്ര. തിങ്കളാ‍ഴ്ച അവസാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News