പട്ടിക വര്‍ഗ വിഭാഗങ്ങളെ സ്വയംപര്യാപ്തരാക്കുക ലക്ഷ്യം: മന്ത്രി കെ. രാധാകൃഷ്ണന്‍

പട്ടിക വര്‍ഗ വിഭാഗങ്ങളെ സ്വയംപര്യാപ്തരാക്കുകയാണ് സംസ്ഥാനസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പട്ടികജാതി പട്ടികവര്‍ഗ വകുപ്പു മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ജില്ലയിലെ എല്ലാ ആദിവാസി സങ്കേതങ്ങളിലെയും കുടുംബങ്ങള്‍ക്ക് ആധികാരികരേഖകള്‍ നല്‍കുന്ന അക്ഷയ ബിഗ് കാമ്പയിന്‍ ഫോര്‍ ഡിജിറ്റെസേഷന്‍ (എ ബി സി ഡി) പദ്ധതിയുടെ സമ്പൂര്‍ണ പ്രഖ്യാപനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെച്ചപ്പെട്ട വിദ്യാഭ്യാസം നേടിയെടുത്ത് സ്വയംപര്യാപ്തതയിലേക്ക് നീങ്ങാന്‍ സാധിക്കണം. 2274 കുടുംബങ്ങളിലെ 6193 വ്യക്തികള്‍ക്കാണ് ഏഴു മാസം കൊണ്ട് ആധികാരികരേഖകള്‍ നല്‍കിയത്. പല വിധത്തിലുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നല്‍കി പുതിയ തലമുറയെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കുന്ന ശക്തികളെ ഭയപ്പെടാതെ മുന്നോട്ടു പോകും. കേരളചരിത്രത്തില്‍ ആദ്യമായി നിലമ്പൂര്‍ ചോലനായ്ക്കര്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥി പി എച്ച് ഡി എടുത്ത് ഉന്നതപഠനത്തിനായി നോര്‍വേയിലേക്ക് പോയത് സര്‍ക്കാരിന്റെ നേട്ടങ്ങളിലൊന്നാണ്. കുട്ടികള്‍ക്ക് മികച്ച വിഭ്യാഭ്യാസം നല്‍കേണ്ട ഉത്തരവാദിത്വം ഓരോ മാതാപിതാക്കള്‍ക്കുമുണ്ടെന്നകാര്യം മറക്കരുത്. എല്ലാവരേയും ഭൂമിക്കുടമകളാക്കുക, ആരോഗ്യം, വിഭ്യാഭ്യാസം എന്നീ മേഖലകളില്‍ മികച്ച മുന്നേറ്റം കാഴ്ച വെയ്ക്കുക എന്നിവ മുന്നില്‍ കണ്ടാണ് ഓരോ ഉദ്യോഗസ്ഥനും പ്രവര്‍ത്തിക്കുന്നതെന്നും ജില്ലാ കളക്ടര്‍ ചുമതലയേറ്റ ദിവസം മുതല്‍ പട്ടികവര്‍ഗവിഭാഗക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചുവെന്നും മന്ത്രി പറഞ്ഞു.

Also Read: ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ 24 മണിക്കൂർ ആശുപത്രി വാസം ആവശ്യമില്ല

എബിസിഡി പദ്ധതി പൂര്‍ത്തീകരണപ്രഖ്യാപനത്തോടെയാണ് പത്തനംതിട്ട ജില്ലയുടെ കളക്ടര്‍ പദവി ഒഴിയുന്നതെന്നത് ഏറെ ചാരിതാര്‍ത്ഥ്യമുള്ളതാണെന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച ജില്ലാ കളക്ടര്‍ ഡോ .ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ഇനിയുമേറെ ദൂരം ജില്ലയ്ക്ക് സഞ്ചരിക്കാനുണ്ട്. ശരിയായ ദിശയിലേക്ക് പോകുന്നതിന്റെ തുടക്കമാണിത്. ഊരിലെ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാന്‍ പാടില്ല. പട്ടികവര്‍ഗ വകുപ്പ് മന്ത്രി പദ്ധതി നടത്തിപ്പിനു വേണ്ടി വലിയ പിന്തുണ നല്‍കി. റാന്നിയുടേയും കോന്നിയുടേയും എംഎല്‍എമാരുടെ നേതൃത്വത്തില്‍ വലിയ പ്രവര്‍ത്തനങ്ങളാണ് വകുപ്പുദ്യോഗസ്ഥര്‍ നടത്തിയത്. രണ്ട് ശബരിമല തീര്‍ത്ഥാടനകാലവും പൂര്‍ണനിറവില്‍ നടത്താന്‍ സാധിച്ചുവെന്നും മുന്നിലേക്ക് എത്തുന്ന ഓരോ വ്യക്തികളും ഓരോ പാഠപുസ്തകങ്ങളാണെന്നും കളക്ടര്‍ പറഞ്ഞു.

എ ബി സി ഡി പദ്ധതി അതിന്റെ പൂര്‍ണതയിലെത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് അഡ്വ. കെ യു ജനീഷ് കുമാര്‍ എം എല്‍ എ പറഞ്ഞു. ജനപ്രതിനിധിയെന്ന നിലയില്‍ അഭിമുഖീകരിച്ച വലിയ പ്രശ്‌നമായിരുന്നു ആധികാരികരേഖകളില്ലാത്തതിന്റെ പേരില്‍ പദ്ധതികള്‍ അര്‍ഹരില്‍ എത്തിക്കാന്‍ സാധിക്കാതിരുന്നത്. പട്ടികവര്‍ഗവികസനവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതി ആയിരക്കണക്കിനാളുകള്‍ക്കാണ് ആശ്വാസമായത്. പൊതുജനസേവനരംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ വികസനപദ്ധതികള്‍ നടപ്പാക്കുന്നതിനേക്കാള്‍ വലിയ സന്തോഷമാണ് പാവപ്പെട്ടവന്റെ പ്രശ്‌നങ്ങളില്‍ ഇടപെടുമ്പോള്‍ ലഭിക്കുന്നതെന്നും ജില്ലാ കളക്ടര്‍ മികച്ച ഇടപെടലുകള്‍ നടത്തിയെന്നും എം എല്‍ എ പറഞ്ഞു.

Also Read: ‘പലസ്തീനില്‍ സര്‍വ്വനാശത്തിന്റെ അന്തരീക്ഷത്തിലേയ്ക്ക് കാര്യങ്ങള്‍ വഴിമാറുന്നു’; സീതാറാം യെച്ചൂരി

രേഖകള്‍ നല്‍കാന്‍ നടത്തിയ പ്രയത്‌നം പൂര്‍ത്തീകരിച്ച അഭിമാനദിവസമാണിതെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എം എല്‍ എ പറഞ്ഞു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഐടി മിഷന്‍, വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ആത്മാര്‍ഥമായ പ്രവര്‍ത്തനം കാഴ്ച വച്ചു. ഭരണാധികാരിയെന്ന നിലയിലും വ്യക്തിയെന്ന നിലയിലും മന്ത്രി കെ.രാധാകൃഷ്ണന്റേയും ജില്ലാ കളക്ടറുടേയും പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും എം എല്‍ എ പറഞ്ഞു.

ജില്ലയിലെ എല്ലാ ആദിവാസി മേഖലകളിലും പട്ടികവര്‍ഗ സങ്കേതങ്ങളിലും ഘട്ടംഘട്ടമായി സംഘടിപ്പിച്ച നിരവധി ക്യാമ്പുകളിലൂടെ എല്ലാവര്‍ക്കും ആധികാരികരേഖകള്‍ നല്‍കിയാണ് നൂറുശതമാനം പൂര്‍ത്തീകരിച്ചത്. തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് ,ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍, ആധാര്‍ അപ്ഡേഷന്‍ എന്നിവയുടെ സേവനങ്ങളാണ് ക്യാമ്പുകളിലൂടെ നല്‍കിയത്. രേഖകള്‍ ഏതെങ്കിലും സന്ദര്‍ഭത്തില്‍ നഷ്ടപ്പെട്ടാല്‍ വീണ്ടെടുക്കുന്നതിനു ഡിജിലോക്കര്‍ സംവിധാനവും ക്യാമ്പുകളില്‍ ഉറപ്പാക്കി. ജില്ലാ ഭരണകേന്ദ്രം, ഐ.ടി. മിഷന്‍, പട്ടികവര്‍ഗ വികസന വകുപ്പ്, സിവില്‍ സപ്ലൈസ്, ആരോഗ്യസുരക്ഷ പദ്ധതി, ലീഡ് ബാങ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തിരുവല്ല സബ് കളക്ടര്‍ സഫ്ന നസറുദീന്‍, എ ഡി എം ബി. രാധാകൃഷ്ണന്‍, സംസ്ഥാന പട്ടികവര്‍ഗ ഉപദേശക സമിതി അംഗം ജി. രാജപ്പന്‍, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ എസ്.എസ് സുധീര്‍, ഐ.ടി. മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ കെ. ധനേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Also Read: ബെം​ഗളൂരുവിൽ കെട്ടിടത്തിൽ വൻ തീപിടുത്തം; രക്ഷ നേടാൻ കെട്ടിടത്തിൽ നിന്ന് ചാടിയ യുവാവിന് പരുക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News