പറന്നുയർന്ന വിമാനം തിരിച്ചിറക്കിയ സംഭവത്തിൽ വിശദീകരണവുമായി എയർ ഇന്ത്യ. തിരുച്ചിറപ്പള്ളിയില്‍നിന്ന് ഷാര്‍ജയിലേക്ക് പോയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാര്‍മൂലം തിരിച്ചിറക്കിയ സംഭവത്തിലാണ് വിശദീകരണവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് രംഗത്തുവന്നിരിക്കുന്നത്. വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടാകാനിടയായ സാഹചര്യം പരിശോധിക്കുമെന്നും യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ലക്ഷ്യസ്ഥാനത്തെത്തിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു.
‘ഓപ്പറേറ്റിംഗ് ക്രൂ അടിയന്തര ലാൻഡിങ്ങ് നടത്തുന്നതായി പറഞ്ഞിരുന്നില്ല. സാങ്കേതിക തകരാര്‍ റിപ്പോര്‍ട്ട് ചെയ്തശേഷം, റണ്‍വേയുടെ നീളം കണക്കിലെടുത്ത് ഇന്ധനവും ഭാരവും കുറയ്ക്കുന്നതിനായി മുന്‍കരുതലെന്നോണം നിയുക്ത പ്രദേശത്ത് വിമാനം ഒന്നിലധികം തവണ വട്ടമിട്ട് പറന്നു. വിമാനത്തിൽ സാങ്കേതിക തകരാര്‍ ഉണ്ടാകാനിടയായ സാഹചര്യം പരിശോധിക്കും. ബുദ്ധിമുട്ടുണ്ടായ യാത്രക്കാര്‍ക്ക് യാത്ര തുടരുന്നതിനായുള്ള സൗകര്യം ഒരുക്കും, എയര്‍ ഇന്ത്യയുടെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
സംഭവത്തിൽ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും (ഡിജിസിഎ) അന്വേഷണത്തിന് ഉത്തരവിട്ടിയിട്ടുണ്ട്. ഷാര്‍ജയിലേക്ക് പുറപ്പെട്ട AXB613 വിമാനമാണ് ഇന്ന് എല്ലാവരെയും മുൾമുനയിൽ നിർത്തിയത്. ബോയിംഗ് വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിനായിരുന്നു തകരാര്‍ കണ്ടെത്തിയത്. 141 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. ട്രിച്ചിയില്‍നിന്ന് വൈകീട്ട് 5.40 ന് പുറപ്പെട്ട് ഷാര്‍ജയില്‍ രാത്രി എട്ടരയോടെ എത്തിച്ചേരേണ്ട വിമാനമായിരുന്നു. ഏറെ ആശങ്കകള്‍ക്കൊടുവില്‍ രാത്രി 8.10 – ഓടെ വിമാനം സുരക്ഷിതമായി ട്രിച്ചി വിമാനത്താവളത്തില്‍ ഇറക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here