മുംബൈ ടാറ്റ ഗ്രൂപ്പും സിങ്കപ്പൂർ എയർലൈൻസും ചേർന്നുള്ള ജനപ്രിയ വ്യോമയാന ബ്രാൻഡ് വിസ്താര കളം വിടുന്നു. വിസ്താരയും എയർ ഇന്ത്യയും തമ്മിലുള്ള ലയനം പൂർത്തിയാകുന്ന തിങ്കളാഴ്ച വിസ്താരയുടെ അവസാന സർവീസ് ടേക്ക്ഓഫ് ചെയ്യും. ചൊവ്വാഴ്ച മുതൽ ടാറ്റ ഗ്രൂപ്പിനു കീഴിൽ ‘എയർ ഇന്ത്യ’ എന്ന ബ്രാൻഡിൽ മാത്രമാകും സേവനങ്ങൾ ഉണ്ടാകുക.
ലയനം പൂർത്തിയാകുന്നതോടെ ടാറ്റ ഗ്രൂപ്പിനുകീഴിൽ ഫുൾ സർവീസ് കമ്പനിയായി എയർ ഇന്ത്യ, നിരക്കു കുറഞ്ഞ വിമാനക്കമ്പനിയായി എയർ ഇന്ത്യ എക്സ്പ്രസ് എന്നിങ്ങനെ രണ്ടു ബ്രാൻഡുകളാകും അവശേഷിക്കുക. വിസ്താരയെ എയർ ഇന്ത്യയിലും പഴയ എയർ ഏഷ്യ ഇന്ത്യ, എഐഎക്സ് കണകിനെ എയർ ഇന്ത്യ എക്സ്‌പ്രസിലുമാണ് ലയിപ്പിക്കുന്നത്.
ALSO READ; അര മണിക്കൂർ പണിമുടക്കി ചാറ്റ്ജിപിടി; പരിഹരിച്ച് ഓപ്പൺഎഐ
ലയനത്തോടെ 61.3 ശതമാനം വിപണി വിഹിതമുള്ള ഇൻഡിഗോയും 28.9 ശതമാനം വിപണി വിഹിതമുള്ള ടാറ്റ ഗ്രൂപ്പുമാകും ഇന്ത്യൻ വ്യോമയാന വിപണിയെ ഇനി മുതൽ നിയന്ത്രിക്കുക. ബാക്കിയുള്ള സ്പൈസ് ജെറ്റ്, ആകാശ എയർ, അലയൻസ് എയർ എന്നിവയെല്ലാം കൂടി ചേർന്നാലും പത്തു ശതമാനത്തിൽ താഴെ മാത്രമാണ് വിപണിയിൽ പങ്കാളിത്തമുള്ളത്. ഇത് നിരക്കുകളിലെ മത്സരം കുറയ്ക്കുമെന്ന ആശങ്ക ശക്തമാണ്. പാപ്പരത്ത നടപടി നേരിടുന്ന ഗോ ഫസ്റ്റും ജെറ്റ് എയർവേസും ലിക്വിഡേഷനിലേക്കു കടക്കുകയാണ്. ഇൻഡിഗോയ്ക്ക് 413 വിമാനങ്ങളാണ് സേവനത്തിനുള്ളത്. ടാറ്റ ഗ്രൂപ്പിന് 300 വിമാനങ്ങളുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here