നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയെ പിളര്‍ത്തി ബിജെപി പാളയത്തിലേക്ക് പോയ അജിത് പവാറിന്‍റെ നീക്കത്തിനെതിരെ മുതിര്‍ന്ന എന്‍സിപി നേതാവും വനം മന്ത്രിയുമായ എ.കെ ശശീന്ദ്രന്‍. അജിത് പവാറിന്‍റെ നിലപാട് വഞ്ചനാപരമാണെന്നും അധികാര മോഹമാണ് നീക്കത്തിന് പിന്നിലെന്നും ശശീന്ദ്രന്‍ പ്രതികരിച്ചു.
കേരളത്തിൽ എൻസിപി യുടെ നിലപാട് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിന്‍റെ നിലപാടു തന്നെയാണ്. കേരളത്തിൽ എൻസിപി ഇടതുമുന്നണിയോടൊപ്പം ഉറച്ചുനിൽക്കും.
അജിത് പവാറിന്‍റെ നീക്കം അൽപം പ്രയാസമുണ്ടാക്കി എന്നത് വസ്തുതയാണെന്നും ശശീന്ദ്രന്‍ പറഞ്ഞു.
എൻസിപി ഒരു കാരണവശാലും ബിജെപി നിലപാടുകളെ അംഗീകരിക്കുന്നില്ല. ശരദ് പവാർ തന്നെയാണ് പാർട്ടിയിലെ ശക്തൻ.ശരദ് പവാർ പൂനെയിലാണെന്നും അദ്ദേഹം മടങ്ങിയെത്തിയാൽ നേതൃത്വം ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച് ഉച്ചകഴിഞ്ഞ് രാജ്യത്തെ ഞെട്ടിച്ചു കൊണ്ടാണ് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവും എന്‍സിപിയുടെ ഏറ്റവും പ്രധാന നേതാക്കളിലൊരാളുമായ അജിത് പവാര്‍ ബിജെപി പാളയത്തിലേക്ക് ചാടിയ വിവരം പുറത്താകുന്നത്. ചരടുവലികളെല്ലാം അതീവ രഹസ്യമായിരുന്നു. ഒരുതരത്തിലുള്ള സൂചനകളും ലഭിച്ചിരുന്നില്ലെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍ പ്രതികരിച്ചത്.
മഹാരാഷ്ട്ര മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ അജിത് പവാര്‍ തനിക്കൊപ്പം 29 എന്‍സിപി എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. എന്‍സിപി എന്ന പാര്‍ട്ടി തനിക്കൊപ്പമാണെന്നും അജിത് അവകാശപ്പെട്ടു. എന്‍സിപിക്ക് നിലവില്‍ 54 എംഎല്‍എമാരാണുള്ളത്. എംഎല്‍എമാരുടെ നിലപാടുകളാണ് ഇനി പ്രധാനം. പാര്‍ട്ടി നേതാക്കളെയും എംഎല്‍എമാരെയും ഒപ്പം നിര്‍ത്താനുള്ള ചരടുവലികള്‍ ഇരുപക്ഷത്ത് നിന്നും ഇതിനോടകം ആരംഭിച്ചുവെന്നാണ് വിവരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here