ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം: എ കെ ബാലൻ

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി മുന്‍ മന്ത്രി എ കെ ബാലന്‍. ഉമ്മന്‍ചാണ്ടിയുമായുള്ള  ഓര്‍മ്മകള്‍ അദ്ദേഹം പങ്കുവെച്ചു.

കേരള വിദ്യാർഥിസംഘടനാ രംഗത്തെ പ്രവർത്തനം വഴിയാണ് അദ്ദേഹം രാഷ്ട്രീയ രംഗത്ത് ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. ഉമ്മൻചാണ്ടി കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന സമയത്ത് സ. പിണറായി വിജയൻ കെഎസ്എഫിന്റെ സംസ്ഥാന പ്രസിഡണ്ടായിരുന്നു. ഞാൻ അന്ന് കെ എസ് എഫ് വടകര താലൂക്ക് പ്രസിഡന്റാണ്. അന്ന് കേരളത്തിലെ വിദ്യാർത്ഥികൾക്കിടയിൽ വളരെ ശ്രദ്ധിക്കപ്പെട്ട ഒരു പേരാണ് ഉമ്മൻചാണ്ടി. കെഎസ്‌യു ഏറ്റവും ശക്തമായിരുന്ന കാലത്താണ് ഉമ്മൻചാണ്ടി അതിനെ നയിച്ചത്.

അദ്ദേഹം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആയിരുന്ന ഘട്ടത്തിൽ 20 വർഷം അദ്ദേഹത്തോടൊപ്പം നിയമസഭാംഗമായിരിക്കാൻ കഴിഞ്ഞു. ഞാൻ മന്ത്രിയായിരുന്ന ഘട്ടത്തിൽ നിരോധി തവണ അദ്ദേഹം നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ട്.

ALSO READ: സംസ്ഥാനത്ത് ഇന്ന് പൊതു അവധി ,വിവിധ സർവ്വകലാശാലകൾ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു

മറക്കാൻ പറ്റാത്ത ഒരു അനുഭവം: അദ്ദേഹത്തിന് എതിരെ ശക്തമായ ഒരു ആരോപണം നിയമസഭയിൽ വരാൻ പോകുന്നു എന്ന സൂചന വന്നു. സാധാരണ നിലയിൽ നല്ല പിരിമുറുക്കം ഉണ്ടാകേണ്ടതാണ്. അദ്ദേഹം തലേന്ന് രാത്രി എന്നെ വിളിച്ചു. ഞാൻ പ്രതീക്ഷിക്കുന്നത്, ഇതുമായി ബന്ധപ്പെട്ട എന്തോ കാര്യം സംസാരിക്കാൻ ആണെന്നാണ്. പക്ഷേ അദ്ദേഹം എന്നോട് സംസാരിച്ചത് യൂറോപ്പിൽ ഉന്നത പഠനം നടത്തുന്ന ഒരു വിദ്യാർത്ഥിയുടെ ആനുകൂല്യം സംബന്ധിച്ച പ്രശ്നമാണ്. വ്യക്തിപരമായി തനിക്കെതിരെ നടക്കാൻ പോകുന്ന വലിയ ആക്രമണത്തെ നിസ്സാരമായി കണ്ട് പൊതു താൽപര്യമുള്ള ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.

അദ്ദേഹം അന്ന് സംസാരിച്ചതിനുശേഷമാണ് വിദേശത്ത് ഉന്നത പഠനം നടത്തുന്ന പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കുള്ള ആനുകൂല്യങ്ങൾ സംബന്ധിച്ച് വ്യക്തമായ മാനദണ്ഡം രൂപീകരിച്ചത്. പഠിക്കുന്ന സർവകലാശാലകൾ ഏതൊക്കെ ആയിരിക്കണം, പരമാവധി എത്ര ആനുകൂല്യം കൊടുക്കാം തുടങ്ങിയ കാര്യങ്ങളിലെല്ലാം വ്യക്തമായ മാനദണ്ഡം അതിനുശേഷമാണ് ഉണ്ടാക്കിയത്.

കൂടംകുളം ആണവ നിലയത്തിൽ നിന്ന് കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനുള്ള പ്രസരണ ശൃംഖല സ്ഥാപിക്കാനുള്ള പദ്ധതിക്ക് തടസ്സം നേരിട്ട ഘട്ടത്തിൽ ഞാൻ അദ്ദേഹത്തിൻറെ സഹായം ആവശ്യപ്പെട്ടു. അദ്ദേഹത്തിൻറെ പ്രദേശത്ത് കൂടിയാണ് ഈ ലൈൻ കടന്നുപോകുന്നത്. അപ്പോൾ അദ്ദേഹം പറഞ്ഞത്, ലൈൻ വലിക്കണമെങ്കിൽ വെടിവെപ്പ് നടത്തേണ്ടിവരും എന്നാണ്. ഏത് ഓപ്ഷനാണ് മിനിസ്റ്റർ സ്വീകരിക്കുന്നത് എന്ന് എന്നോട് ചോദിച്ചു. ശക്തമായ നിലപാടുമായി മുന്നോട്ടുപോയാൽ ഉണ്ടാകാൻ പോകുന്ന പ്രത്യാഘാതത്തെ കുറിച്ചാണ് അദ്ദേഹം സൂചന നൽകിയത്. അതൊരു വല്ലാത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. പിന്നീട് പിണറായി സർക്കാരിൻറെ കാലത്ത് ഈ പദ്ധതി വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞു.

ALSO READ: ‘ഒരേ കാലത്ത് സഞ്ചരിച്ച അദ്ദേഹത്തിന്റെ വിട പറയൽ അതീവ ദുഃഖകരമാണ്’ ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

അദ്ദേഹത്തിൻറെ ജീവിതത്തിൻറെ വലിയൊരു ഭാഗം, നിയമസഭാംഗമെന്ന നിലയിൽ പാർലമെൻററി പ്രവർത്തന മേഖലയിലാണ് വിനിയോഗിച്ചത്. എത്ര സങ്കീർണമായ പ്രശ്നങ്ങൾ നിയമസഭയിൽ വന്നാലും ഒട്ടും കുലുങ്ങാതെ ഒരു ഉമ്മൻചാണ്ടി ടച്ചോടു കൂടി അദ്ദേഹം മറുപടി നൽകുമായിരുന്നു. വിഷയങ്ങൾ മനസ്സിലാക്കി കുറിച്ചുകൊള്ളുന്ന മറുപടികൾ എതിരാളികൾക്ക് നേരെ തൊടുത്തു വിടാൻ അദ്ദേഹത്തിന് പ്രത്യേകമായ ഒരു കഴിവുണ്ടായിരുന്നു.

ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ജനങ്ങളുമായി ഇടപഴകുന്നതിലും ജനകീയ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിലും അദ്ദേഹത്തിന് വലിയ കഴിവുണ്ടായിരുന്നു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, യുഡിഎഫ് കൺവീനർ എന്നീ നിലകളിൽ കേരള രാഷ്ട്രീയത്തിൽ വളരെ പ്രധാനപ്പെട്ട ഒരു പങ്കുവഹിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എന്ത് ആക്ഷേപം വന്നാലും അദ്ദേഹം ഉറച്ച നിലപാടെടുത്ത് മുന്നോട്ടു പോകുമായിരുന്നു. വിഴിഞ്ഞം പദ്ധതിയിൽ അത് കണ്ടതാണ്. പാലക്കാട് ഗവൺമെൻറ് മെഡിക്കൽ കോളേജ് സ്ഥാപിക്കുന്ന സമയത്ത് ഇത്തരം ആക്ഷേപം ഉയർന്നുവന്നിരുന്നു. തടസ്സങ്ങൾ നേരിട്ട് പദ്ധതി നടപ്പിലാക്കുന്നതിൽ അദ്ദേഹം ഉറച്ചു നിലപാടോടെ മുന്നോട്ടു പോയിരുന്നു. ആരോപണങ്ങളുടെ കാര്യം ജനങ്ങൾ ഏറ്റെടുത്തുകൊള്ളും എന്നായിരുന്നു അദ്ദേഹത്തിൻറെ നിലപാട്.

വിദേശത്ത് കുടുങ്ങിപ്പോയ മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കേണ്ട ആവശ്യത്തിനായി രാത്രി 10 മണിക്കാണ് ഞാൻ കോയമ്പത്തൂരിൽ നിന്ന് അദ്ദേഹത്തെ വിളിച്ചത്. പുലർച്ചെ മൂന്നുമണിക്ക് അദ്ദേഹം എന്നെ തിരിച്ചു വിളിച്ചു. അതൊരു അത്ഭുതമായിരുന്നു.

വളരെ സവിശേഷമായ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ആരോഗ്യം മോശമായിരുന്നെങ്കിലും കേരള മുടനീളം സഞ്ചരിച്ച് യുഡിഎഫ് അണികളെ ആവേശഭരിതരാക്കാനും രംഗത്തിറങ്ങാനും അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹത്തിൻറെ വിയോഗം കേരളത്തിൻറെ രാഷ്ട്രീയ മണ്ഡലത്തിൽ വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്

കുടുംബാംഗങ്ങളുടയും ജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു- എ കെ ബാലന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News