കെ സിദ്ധാര്‍ത്ഥ്
പാവങ്ങളുടെ പടത്തലവന്‍ എകെജി വിടവാങ്ങിയിട്ട് നാല്‍പ്പത്തിയാറാണ്ട്. ബൂര്‍ഷ്വയും ഭൂപ്രഭുവും ഒരുപോലെ ഭയന്ന പേരായിരുന്നു എകെജി. ഇന്ത്യയെ നയിക്കാനായി കേരളം ഉയര്‍ത്തിപ്പിടിച്ച സമരത്തീപ്പന്തം.
കോണ്‍ഗ്രസിന്റെ സ്വാതന്ത്ര്യസമരങ്ങളുടെ വോളണ്ടിയര്‍ ക്യാപ്റ്റനും ക്യാംപയിനറുമായി പ്രവര്‍ത്തിച്ചിരുന്നത് അന്ന് ഗോപാലന്‍ എന്ന വടക്കന്‍ മലബാറുകാരന്‍ ചെറുപ്പക്കാരന്‍. എകെജി എന്ന മൂന്നക്ഷരമായി സമരങ്ങളുടെ നേതൃസ്ഥാനത്ത് ഒഴിവാക്കാന്‍ കഴിയാത്ത പേരായി മാറുകയായിരുന്നു പിന്നീടയാള്‍. മധ്യവര്‍ഗ്ഗ യുവത്വത്തിന്റെ ചോരത്തിളപ്പായി ഒതുങ്ങി പോകേണ്ടിയിരുന്ന സ്വാതന്ത്ര്യസമരത്തെ കേരളത്തില്‍ അടിസ്ഥാന വര്‍ഗ്ഗ പോരാട്ടമായി വികസിപ്പിച്ചത് എകെജിയുടെ നേതൃപാടവം. ജാതിബ്രാഹ്മണ്യവും ബ്രിട്ടീഷ് പട്ടാളവും ഒരുപോലെ ബുദ്ധിമുട്ടിച്ചിരുന്ന കീഴാളവര്‍ഗം അവരുടെ പടത്തലവനെ കണ്ടെത്തുകയായിരുന്നു. ഏറാന്‍ മൂളേണ്ട നരകജീവിതത്തില്‍ നിന്ന് സമരജീവിതമായി മലയാളി ഉശിരോടെ ഉയര്‍ത്തെഴുന്നേറ്റത് എകെജിക്ക് പിന്നില്‍ അണിനിരന്നു കൊണ്ടായിരുന്നു. ഒട്ടിയ വയറില്‍ നിന്ന് ഉജ്ജ്വല സ്വപ്നം കാണാന്‍ പഠിച്ചവര്‍ക്ക് എകെജി ദൈവമായി മാറി.
മലബാറില്‍ അയിത്തത്തിനെതിരെ പൊരുതുന്ന എകെജിയെ കണ്ണോത്ത് വെച്ച് കുറുവടി കൊണ്ടാണ് മാടമ്പിത്തം നേരിട്ടത്. ഗുരുവായൂരിലൂടെ രാജ്യത്താകമാനം ക്ഷേത്രകവാടം തുറക്കാന്‍ സമരം ചെയ്യുന്നതിനിടെ എകെജിയെ മര്‍ദിച്ച ജാതിപ്രമാണിമാര്‍ സമരവീര്യത്തിന് എണ്ണ പകരുകയായിരുന്നു എന്ന് ഇന്നും തിരിച്ചറിഞ്ഞിട്ടില്ല. ക്ഷേത്രപ്രവേശനത്തിനും ശേഷം ഉയിര്‍ക്കൊണ്ട ജനാധിപത്യ സര്‍ക്കാരുകള്‍ ഗുരുവായൂരിലെ കവാടത്തിന് എകെജിയുടെ പേരുനല്‍കിയത് വെറുതെയല്ലെന്ന്.
ഇന്ത്യ സ്വതന്ത്രയായപ്പോഴും കരുതല്‍ തടങ്കലില്‍ തുടരുകയായിരുന്നു ഏകെ ഗോപാലന്‍. ബൂര്‍ഷ്വയും ഭൂപ്രഭുവും ഇയാളുടെ സ്വാതന്ത്ര്യത്തെ ഭയന്നിരിക്കണം. പിന്നീട് ആദ്യ പ്രതിപക്ഷ നേതാവായപ്പോള്‍ തെരുവിലും സഭയിലും പോരാളിയായി പൊതുപ്രവര്‍ത്തനത്തിനു പുതിയ മാനമായി. ഉടലാകെ സമരമായ ഈ മനുഷ്യനോട് പാര്‍ലമെന്റില്‍ ഏറ്റുമുട്ടാന്‍ നെഹ്‌റുവും ഭയന്നു. തൊഴിലാളി, കര്‍ഷക സമരങ്ങളുടെ ദേശീയ നായക സ്ഥാനത്തുണ്ടായിരുന്നു മരണം വരെ എകെജി. ഒരു മനുഷ്യ ജീവിതത്തിന് നടക്കാന്‍ കഴിയാത്ത ദൂരത്തോളം എകെജി സമരങ്ങളിലൂടെ നയിച്ചുനടന്നു. അമരാവതിയും മുടവന്മുഗളും ഇന്ത്യന്‍ കോഫീ ഹൗസുമെല്ലാം സമരങ്ങള്‍ക്ക് നാഴികക്കല്ലുകളായി. ബീഹാറും തെലങ്കാനയും രാജസ്ഥാനും മഹാരാഷ്ട്രയും പഞ്ചാബുമെല്ലാം എകെജിയുടെ സമരതീക്ഷ്ണതയിലലിഞ്ഞു. എകെജി മരിച്ചിട്ടും വേട്ടയാടുന്നവര്‍ക്ക് കേരള ജനത കടുത്ത മറുപടി നല്‍കുന്നത് വെറുതെയല്ല. ഇനിയും നൂറ്റാണ്ടുകള്‍ ഇതേ തെരുവുകള്‍ എകെജിക്ക് വേണ്ടി മുദ്രാവാക്യം വിളിക്കും. സാമ്രാജ്യത്വം മരിക്കുന്നത് വരെ എകെജി മനുഷ്യമനസ്സുകളില്‍ മരിക്കാതെ തുടരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here