പ്രതിസന്ധികളില്‍ തളരാതെ ആകാശം കീഴടക്കി ആകാശ് ദീപ്

ബുംറക്ക് പകരം ആകാശ് ദീപോ? നാലാം ടെസ്റ്റിന് ഉള്ള ടീമില്‍ ആകാശ് ദീപിനെ ഉള്‍പെടുത്തുമ്പോള്‍ എല്ലാവര്ക്കും അത്ഭുതം ആയിരുന്നു. എയറില്‍ കയറ്റാന്‍ വേണ്ടി ചുമ്മാ ചെക്കനെ ഗ്രൗണ്ടിലിറക്കുവാണോ…കിട്ടി പറഞ്ഞവര്‍ക്കൊക്കെ നല്ല കിടിലന്‍ മറുപടി കിട്ടി. എന്തൊരു അരങ്ങേറ്റം, എന്തൊരു ആക്രമണം. അരങ്ങേറ്റക്കാരന്റെ പരിഭ്രമമില്ലാത്തവന്‍ ആകാശ് ദീപ്…ഇംഗ്ലണ്ടിനുവേണ്ടി അത്യാവശ്യം മികച്ച പ്രകടനം കാഴ്ചവച്ച മൂന്നുപേരെ തന്റെ അരങ്ങേറ്റ മത്സരത്തില്‍ വീഴ്ത്തി ആകാശ് ദീപിന്റെ തുടക്കം. റാഞ്ചിയിലെ നാലാം ടെസ്റ്റില്‍ മൂന്നില്‍ മൂന്നു വിക്കറ്റുകളും നേടി അതിമനോഹരമായ തുടക്കം.

‘ഇവിടെ എത്താന്‍ നിങ്ങള്‍ ഒരുപാട് കഠിനമായി പരിശ്രമിച്ചു. ഇത് നിങ്ങളുടെ സ്വപ്നമാണ്. ഈ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഞങ്ങളും നിങ്ങളോടൊപ്പമുണ്ട്’. ആകാശിന് ടെസ്റ്റ് ക്യാപ് നല്‍കികൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് കോച്ച് രാഹുല്‍ ദ്രാവിഡ് പറഞ്ഞ വാക്കുകളാണിത്.

Also Read: മലയാളി താരം സജനയുടെ സിക്സ്; ഡല്‍ഹിയെ വീഴ്ത്തി മുംബൈ

ഒരമ്മയും മകനും ചേര്‍ന്നു പിന്നിട്ട യാതന നിറഞ്ഞ വഴികള്‍. ഒടുവില്‍ റാഞ്ചിയിലെ മൈതാനത്ത് ആ വഴികള്‍ എത്തി നില്‍ക്കുമ്പോള്‍ ആകാശിനെ സംബന്ധിച്ച് അത് സ്വപ്ന സാക്ഷാത്കാരമാണ്.

ജീവിതത്തില്‍ പ്രതിസന്ധികളുടെ കാറ്റ് ആഞ്ഞു വീശിയപ്പോഴും ആകാശിന്റെ അമ്മയ്ക്ക് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. മകനെ ക്രിക്കറ്റ് കളിക്കാരനാക്കുക അവന്റെ ആ സ്വപ്നത്തിന് വെള്ളവും വളവും നല്‍കുക. രാഹുല്‍ ദ്രാവിഡില്‍ നിന്നു ടെസ്റ്റ് ക്യാപ് ഏറ്റുവാങ്ങുമ്പോള്‍ അമ്മ ലധുമ ദേവിയുടെ കണ്ണുകളും ഈറനണിഞ്ഞു.

ബീഹാറിലെ ബദ്ദി സംസാരം സ്വദേശിയായ ആകാശിന്റെ അച്ഛന്‍ കായിക അധ്യാപകനായിരുന്നു. മകന്‍ സര്‍ക്കാര്‍ ജോലി സമ്പാദിക്കണമെന്നായിരുന്നു ആ പിതാവ് ആഗ്രഹിച്ചത്. അതിനാല്‍ തന്നെ ആകാശിന്റെ ക്രിക്കറ്റ് സ്വപ്നങ്ങള്‍ ചെറുപ്പം മുതലേ വിലക്കപ്പെട്ടു. എന്നാല്‍ അമ്മ ഭര്‍ത്താവ് അറിയാതെ മകനെ പിന്തുണച്ചു, സഹായിച്ചു. ക്രിക്കറ്റ് കളിക്കാന്‍ പിതാവ് അറിയാതെ അയച്ചു. ആകാശ് ദീപിന് 2015ല്‍ തന്റെ അച്ഛനെ നഷ്ടപ്പെട്ടിരുന്നു. ആറുമാസത്തിന് ശേഷം സഹോദരനെയും നഷ്ടപ്പെട്ടു. കുടുംബത്തിന്റെ സംരക്ഷണം സ്വയം ഏറ്റെടുത്ത അവര്‍ ആകാശിനെ ക്രിക്കറ്റ് കരിയറില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാനായി കൊല്‍ക്കത്തയിലേക്ക് അയച്ചു. കൊല്‍ക്കത്തയിലെ പ്രാദേശിക ക്ലബുകള്‍ക്കായി മികവോടെ കളിച്ച ആകാശിനെ തേടി ഒടുവില്‍ ബംഗാള്‍ ടീമിലേക്കുള്ള വിളിയെത്തി. കരിയറിലെ നിര്‍ണായക വഴിത്തിരിവായിരുന്നു അത്.

Also Read: വിജയ് ചിത്രത്തിന് റിലീസിനുമുന്നേ ലഭിച്ചത് വന്‍ തുക; കണക്കുകള്‍ പുറത്ത്

രഞ്ജി ട്രോറിഫിയില്‍ ബംഗാളിനു വേണ്ടി അദ്ദേഹം കളിക്കുകയും ശ്രദ്ധേയമായ പ്രകടനം നടത്തുകയും ചെയ്തു. തുടര്‍ന്ന് ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ നെറ്റ് ബൗളര്‍മാരുടെ സംഘത്തിലും ആകാശിനു ഇടം ലഭിച്ചു. നെറ്റ്‌സിലെ മിന്നുന്ന പ്രകടനം താരത്തെ വൈകാതെ ആര്‍സിബി പ്ലെയിങ് ഇലവനിലുമെത്തിക്കുകയായിരുന്നു. മുന്‍ ആര്‍സിബി ക്യാപ്റ്റനായ വിരാട് കോലിയാണ് ആകാശിന്റെ പ്രതിഭ തിരിച്ചറിഞ്ഞ് ടീമിലേക്കു കൊണ്ടുവരുന്നതില്‍ മുന്‍കൈയെടുത്തത്.

കഴിഞ്ഞ മാസം ഇംഗ്ലണ്ട് എ ടീമിനെതിരെ 12 വിക്കറ്റുകള്‍ വീഴ്ത്തിയ ആ പ്രകടനമാണ് ഇന്ത്യന്‍ ടീമിലേക്ക് ഈ 27 വയസുകാരന് വഴി തുറന്നത്. ബുംറയുടെ പകരക്കാരനായി പ്ലെയിങ് ഇലവനില്‍. അരങ്ങേറ്റം തന്നെ ഗംഭീരമാക്കിയുള്ള പ്രകടനവും പിന്നാലെ.

എല്ലാ പ്രതിസന്ധികളും ഇച്ഛാശക്തി കൊണ്ട് തരണം ചെയ്ത് ആകാശ് രാജ്യത്തിന്റെ താരമാവുകയാണ്. അതും അരങ്ങേറ്റത്തില്‍ തന്നെ ഇംഗ്ലണ്ടിന്റെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ പിഴുതുകൊണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News