40 കോടി ദിര്‍ഹം ചെലവില്‍ ബീച്ച് നവീകരണം; അല്‍ മംസാര്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം

al-mamzar-creek-beach-dubai

ദുബായിലെ അല്‍ മംസാര്‍ ബീച്ച് വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം. ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മംക്തുമിന്റെ നിര്‍ദേശപ്രകാരമാണിത്. അല്‍ മംസാര്‍ കോര്‍ണിഷ് കേന്ദ്രീകരിച്ചാണ് രണ്ടാം ഘട്ട വികസനം പുരോഗമിക്കുന്നത്. 40 കോടി ദിര്‍ഹം ചെലവ് പ്രതീക്ഷിക്കുന്ന വന്‍ വികസന പ്രവര്‍ത്തനങ്ങളാണ് ദുബായിലെ അല്‍ മംസാര്‍ ബീച്ച് കേന്ദ്രീകരിച്ച് പുരോഗമിക്കുന്നത്.

സുസ്ഥിര തത്വങ്ങള്‍ പാലിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഭാവി ആശങ്കകള്‍ പരിഹരിച്ചും രാജ്യാന്തര നിലവാരം പുലര്‍ത്തുന്ന പുതിയ ബീച്ച് ടൂറിസം ഡെസ്റ്റിനേഷന്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. 1,25,000 ചതുരശ്ര മീറ്ററില്‍ പരന്നുകിടക്കുന്ന അല്‍ മംസാര്‍ കോര്‍ണിഷ് ബീച്ചില്‍ സ്ത്രീകള്‍ക്കായി പൊതു ബീച്ച് ഉണ്ടാകും. സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കി പ്രത്യേക ഗേറ്റ് വഴിയായിരിക്കും പ്രവേശനം.

Read Also: ആഗോള പവര്‍ സിറ്റി ഇന്‍ഡക്‌സ്; തുടർച്ചയായ രണ്ടാം വർഷവും മിഡിൽ ഈസ്റ്റിൽ ദുബായ് ഒന്നാമത്

ഫെന്‍സിങ്ങും ഉണ്ടായിരിക്കും. സ്‌പോര്‍ട്‌സ് ക്ലബ്, വാണിജ്യ സേവനങ്ങള്‍, കുട്ടികളുടെ കളിസ്ഥലങ്ങള്‍ എന്നിവയ്ക്ക് പുറമെ രാത്രിയിലും ബീച്ചില്‍ നീന്താന്‍ അനുമതിയുണ്ടാകും. മംസാര്‍ ക്രീക്ക് ബീച്ചിനെയും മംസാര്‍ പാര്‍ക്കിനെയും ബന്ധിപ്പിക്കുന്ന 1,000 മീറ്റര്‍ നീളത്തില്‍ ഓടാനും നടക്കാനും സൈക്കിള്‍ ഓടിക്കാനുമായി പ്രത്യേക ട്രാക്ക് ഉണ്ടായിരിക്കും. പരിപാടികള്‍ സംഘടിപ്പിക്കാനായി 5,000 ചതുരശ്രമീറ്റര്‍ സ്ഥലവും പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. 2,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ സ്‌കേറ്റിങ് ബോര്‍ഡിങ്ങിനായി സ്ഥലം, കുട്ടികളും കളിസ്ഥലം ബീച്ച് ലോഞ്ച്, റെസ്റ്റ് റൂം എന്നിവ ഉണ്ടായിരിക്കും.

ജീവിക്കാനും ജോലിചെയ്യാനും വിനോദസഞ്ചാരത്തിനുമുള്ള ലോകത്തിലെ ഏറ്റവും മികച്ച നഗരമായി ദുബായിയെ മാറ്റണമെന്ന ഷെയ്ഖ് മുഹമ്മദിന്റെ ലക്ഷ്യത്തിലേക്കെത്താനുള്ള ശ്രമത്തിലാണെന്ന് ദുബായ് മുനിസിപ്പാലിറ്റി പബ്ലിക് ഫെസിലിറ്റി ഏജന്‍സി സിഇഒ ബദര്‍ അന്‍വാഹി പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ പദ്ധതിയുടെ രണ്ടുഘട്ടങ്ങളും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ജൂണില്‍ തുടങ്ങിയ ആദ്യഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ 45 ശതമാനം പൂര്‍ത്തിയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News