ആലപ്പുഴ-ചങ്ങനാശേരി എസി റോഡിൽ കെഎസ്‌ആർടിസി മുഴുനീള സർവീസ് പുനരാരംഭിച്ചു. മൂന്ന് സൂപ്പർഫാസ്‌റ്റ് ബസുകളാണ് സർവീസ് നടത്തുന്നത്. ചങ്ങനാശേരിയിലേക്കുള്ള ആദ്യസർവീസിൽ തന്നെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. തിരികെ ആലപ്പുഴയിലേക്കുള്ള യാത്രയിലും സ്ഥിതി മറ്റൊന്നായിരുന്നില്ല.
പുതുക്കിയ പാതകളും വീതികൂട്ടിപ്പണിത വലിയപാലങ്ങളും ഗതാഗതത്തിന് യോഗ്യമാക്കിയ മൂന്നുമേൽപ്പാലങ്ങളും കയറി കുട്ടനാടിന്‍റെ സൗന്ദര്യം ആസ്വദിച്ചുള്ള യാത്ര പലർക്കും പുതുമയായി. എസി റോഡിന്‍റെ നവീകരണം മൂലം രണ്ടുവർഷത്തോളമായി കെഎസ്‌ആർടിസി ഭാഗികമായാണ് സർവീസ് നടത്തിയിരുന്നത്.
റോഡ് നിർമാണത്തിനിടെയുള്ള എസി റോഡിലെ യാത്രാക്ലേശവും ഗതാഗത സ്‌തംഭനവും യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. സാധാരണ 50 മിനിറ്റുകൊണ്ട് ചങ്ങനാശേരിയിലെത്തിയിരുന്നുവെങ്കിൽ നിർമാണം തുടങ്ങിയതോടെ മൂന്നുമണിക്കുറോളം വേണ്ടിവന്നു. സർവീസ് പുനരാരംഭിച്ചപ്പോൾ നിലവിൽ 1.15 മണിക്കൂറുകൊണ്ട് ചങ്ങനാശേരിയിൽ എത്താൻ കഴിയുന്നു. എസി റോഡിന്‍റെ നവീകരണം അവാസാനഘട്ടത്തിലാണ്.
നെടുമുടി, കിടങ്ങറ വലിയ പാലങ്ങളാണ് വീതികൂട്ടി പുനർനിർമിച്ചത്. നസ്രത്ത്, ജ്യോതി, മങ്കൊമ്പ് മേൽപ്പാലങ്ങളാണ് നിലവിൽ ഗതാഗതത്തിന് തുറന്നുകൊടുത്തത്. മങ്കൊമ്പ് ഒന്നാംകര മേൽപ്പാലം ജൂൺ അവസാനം തുറക്കും. പണ്ടാരക്കളം മേൽപ്പാലപ്രദേശത്തെ ട്രാൻസ്‌ഫോർമർ മാറ്റിസ്ഥാപിക്കുന്നതിന് കാലതാമസം നേരിടുന്നതിനാലാണ് മേൽപ്പാലം നിർമാണവും വൈകുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിക്കാണ് നിർവഹണ ചുമതല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here