ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ സ്കൂളുകൾ അടച്ചിടാൻ ജില്ലാ കലക്ടർക്ക് കേരള ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകി. മെയ് 2 വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാനാണ് നിർദേശം. അഡീഷണൽ ക്ലാസുകൾ പാടില്ല. കോളജുകളിലും ക്ലാസുകൾ പാടില്ല. സമ്മർ ക്യാമ്പുകളും നിർത്തിവെക്കണമെന്നാണ് നിർദേശം.
ഇതേത്തുടർന്ന് പ്രൊഫഷണൽ കോളജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ ജില്ലാ കലക്ടർ ഡോ എസ്.ചിത്ര ഉത്തരവിട്ടു. ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നതിനാൽ പാലക്കാട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് മൂന്നുവരെ പാലക്കാട് ജില്ലയിൽ താപനില 41 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഗർഭിണികളും കിടപ്പ് രോഗികളുമുള്ള ആശുപത്രി വാർഡുകളിൽ ചൂട് കുറയ്ക്കുന്നതിനുള്ള സജ്ജീകരണങ്ങൾ കൂടുതലായി ഒരുക്കാനും സാമനമായ നിലയിൽ വയോജന കേന്ദ്രങ്ങളിലും ചൂട് കുറയ്ക്കാനും ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയൊട്ടാകെ തണ്ണീർ പന്തലുകൾ ഒരുക്കണമെന്നും പകൽ 11 മുതൽ മൂന്ന് വരെ എല്ലാ പുറംവിനോദങ്ങളും ഒഴിവാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഉഷ്ണ തരംഗ സാധ്യത നിലനിൽക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയക്രമീകരണം മെയ് 15 വരെ നീട്ടിയതായി തൊഴിൽ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഉച്ചക്ക് 12 മുതൽ വെകിട്ട് മൂന്നുവരെ തൊഴിലാളികൾ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാൽ തൊഴിലുടമക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് മുഴുവൻ തൊഴിലിടങ്ങളിലും കർശന പരിശോധന നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യന് മന്ത്രി നിർദ്ദേശം നൽകി. ജില്ലാ ലേബർ ഓഫീസർമാരുടെ അടിയന്തിര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി പരിശോധനകൾ ഊർജ്ജിതമാക്കുമെന്നും മന്ത്രി അറിയിച്ചു. ഉഷ്‌ണതരംഗ സാധ്യത ഉള്ളതിനാൽ കൊല്ലം, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here