സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തത്തെ തുടര്‍ന്ന് മികച്ച രക്ഷാപ്രവര്‍ത്തനമാണ് അപകടമുനമ്പില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്നതെന്ന് വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം അഭിപ്രായപ്പെട്ടു. എല്ലാവരും ഒന്നിച്ചു നിന്ന് പ്രതിസന്ധിഘട്ടം തരണം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണയുണ്ട്. കാണാതായവരെ കണ്ടെത്തണം. കാലാവസ്ഥ വിഷയത്തില്‍ കുസാറ്റിന്റെ വൈദഗ്ധ്യം കൂടി പ്രയോജനപ്പെടുത്തി ദുരന്തങ്ങള്‍ തടയേണ്ടതുണ്ട്.
സമയബന്ധിതമായി കൃത്യം ലക്ഷ്യത്തോടെ വേണം പുനരധിവാസം നടപ്പാക്കാനെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്ന് പി സന്തോഷ് കുമാര്‍ എംപി പറഞ്ഞു. മരണപ്പെട്ടവരില്‍ അന്യസംസ്ഥാനക്കാരുടെ കണക്ക് കൃത്യമായി കണ്ടെത്തണം. എല്ലാ എംപിമാരുടെയും ഫണ്ട് പുനരധിവാസ പ്രവര്‍ത്തനത്തിന് ഉപയോഗിക്കാവുന്നതാണ്. പുനരധിവാസത്തിന്റെ എല്ലാ വശങ്ങളും ഒറ്റ പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരണമെന്ന് ജോസ് കെ മാണി എംപി പറഞ്ഞു.
ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ മാനസിക സ്ഥിതി ഭയാനകമാണെന്നും അവര്‍ക്ക് കൂടുതല്‍ കാര്യക്ഷമമായ കൗണ്‍സിലിംഗ് നല്‍കണമെന്നും സ്ഥലം എംഎല്‍എ ടി സിദ്ദിഖ് ആവശ്യപ്പെട്ടു. പുനരധിവാസത്തിനായി വലിയ കൂട്ടായ്മയ്ക്ക് സര്‍ക്കാര്‍ നേതൃത്വം കൊടുക്കണം. കാണാതായ ആളുകളെ കണ്ടെത്താന്‍ പ്രത്യേക ടീമിനെ നിയോഗിക്കണമെന്ന് സുല്‍ത്താന്‍ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. മലപ്പുറത്ത് കണ്ടെടുത്ത മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ വയനാട്ടില്‍ തന്നെ സൗകര്യമൊരുക്കണമെന്ന് പി പി സുനീര്‍ എംപി ആവശ്യപ്പെട്ടു.
വെള്ളാര്‍മല സ്‌കൂളിലെ കുട്ടികളെ മുഴുവന്‍ വേറെ സ്‌കൂളിലേക്ക് മാറ്റണമെന്നും കാലാവസ്ഥ നിരീക്ഷിക്കാന്‍ പ്രത്യേക സൗകര്യം വേണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് സമരക്കാര്‍ ആവശ്യപ്പെട്ടു.
സര്‍വകക്ഷി യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍ പുനരധിവാസ പ്രക്രിയയെ സഹായിക്കുമെന്ന് യോഗത്തിന് ഒടുവില്‍ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. ക്യാമ്പുകള്‍ രണ്ടോ മൂന്നോ ദിവസം കൊണ്ട് അവസാനിപ്പിക്കാന്‍ പറ്റില്ല. കുറച്ചു ദിവസം കൂടി തുടരേണ്ടി വരും. ക്യാമ്പ് നടത്തിപ്പ് അവിടെയുള്ള സിസ്റ്റത്തിലൂടെ വേണം നടക്കാന്‍. അന്യസംസ്ഥാനക്കാരുടെ വിഷയം പ്രത്യേകമായി തന്നെ സര്‍ക്കാര്‍ പരിഗണിക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി.
കളക്ടറേറ്റിലെ എപിജെ ഹാളില്‍ നടന്ന യോഗത്തില്‍ മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്റ്റിന്‍, പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍, ജെ ചിഞ്ചുറാണി, വീണാ ജോര്‍ജ്, പി പ്രസാദ്, കെ കൃഷ്ണന്‍കുട്ടി, ജി ആര്‍ അനില്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, വി എന്‍ വാസവന്‍, ഒ ആര്‍ കേളു, വി അബ്ദുറഹ്‌മാന്‍, എം എല്‍എമാരായ എം കെ മുനീര്‍, അഹമ്മദ് ദേവര്‍കോവില്‍, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബാബു, ചീഫ് സെക്രട്ടറി ഡോ. വി വേണു, ഡിജിപി ഷേഖ് ദര്‍വാസ് സാഹിബ്, ജില്ലാ കലക്ടര്‍ മേഖശ്രീ ഡി ആര്‍, ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി മുഹമ്മദ്, പ്രസാദ് മലവയല്‍ (ബിജെപി), മുന്‍ എംഎല്‍എ സി കെ ശശീന്ദ്രന്‍, മുന്‍ എംപി എം വി ശ്രേയാംസ് കുമാര്‍, ഉമ്മര്‍ (ജെഡിഎസ്), കെ കെ ഹംസ (ആര്‍ജെഡി), പ്രവീണ്‍ തങ്കപ്പന്‍ (ആര്‍എസ്പി), കെ ജെ ദേവസ്യ (കേരള കോണ്‍ഗ്രസ് എം), എം സി സെബാസ്റ്റ്യന്‍ (കേരള കോണ്‍ഗ്രസ് ജേക്കബ്), ശശികുമാര്‍ (കോണ്‍ഗ്രസ് എസ്), കാസിം ഇരിക്കൂര്‍ (ഐഎന്‍എല്‍), എ പി കുര്യാക്കോസ് (ജെകെസി), ഭാഗീരഥന്‍ (കേരള കോണ്‍ഗ്രസ് ബി), എം ആര്‍ രാമകൃഷ്ണന്‍ (ആര്‍എംപി), ജോസഫ് കളപ്പുര (കേരള കോണ്‍ഗ്രസ് ജോസഫ്), അജി കൊളോണിയ (ആപ്), ഗോപകുമാര്‍ (ബിഎസ്പി), ശിവരാമന്‍ സി എം (എന്‍സിപി) തുടങ്ങിയവര്‍ സംബന്ധിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here