അതിദാരിദ്ര്യ നിർമാർജനം, മാലിന്യമുക്തം നവകേരളം, പാലിയേറ്റീവ് പരിചരണം ക്യാമ്പയിനുകൾക്ക് സർവ്വകക്ഷിയോഗത്തിൻ്റെ പിന്തുണ

Pinarayi vijayan

അതിദാരിദ്ര്യ നിർമാർജനം, മാലിന്യമുക്തം നവകേരളം, പാലിയേറ്റീവ് പരിചരണം എന്നീ ക്യാമ്പയിനുകൾക്ക് സർവ്വകക്ഷിയോഗത്തിൻ്റെ പൂർണപിന്തുണ. തദ്ദേശസ്വയംഭരണതലത്തിലാണ് ഈ പരിപാടികൾ നടത്തുകയെന്നും അവിടെ എല്ലാവരുടെയും സഹകരണം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.

മതസംഘടനകൾ ഉൾപ്പെടെ എല്ലാ സംഘടനകളെയും പരിപാടിയുമായി സഹകരിപ്പിക്കും. ഈ മൂന്ന് പദ്ധതികളും യാർത്ഥ്യമാക്കാൻ രാഷ്ട്രീയ – ബഹുജന പങ്കാളിത്തം അനിവാര്യമാണെന്നും സമയബന്ധിതമായി ഇവ പൂർത്തീകരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സമഗ്രകാഴ്ചപ്പാടോടെ രാഷ്ട്രീയ പാർട്ടികളും ബഹുജന സംഘടനങ്ങളും ക്യാമ്പയിനുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. തദ്ദേശസ്വയംഭരണതലത്തിൽ നടത്തുന്ന ക്ഷേമപ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് നിർലോഭമായ പിന്തുണയാണ് സർക്കാർ നൽകുന്നതെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.ക്യാമ്പയിനിന് പ്രതിപക്ഷം പൂർണപിന്തുണ നൽകുമെന്നും പരിപാടിയുമായി സഹകരിക്കാൻ നിർദേശം നൽകുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ നൽകിയ പിന്തുണയ്ക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു.

ALSO READ; നിരത്തിലിറങ്ങുമ്പോള്‍ നിയമം പാലിച്ചോ! കര്‍ശന പരിശോധനയുമായി പൊലീസും മോട്ടോര്‍ വാഹനവകുപ്പും

മന്ത്രി എം ബി രാജേഷ്, എം വി ഗോവിന്ദൻ ( സിപിഐഎം), പഴകുളം മധു (കോൺഗ്രസ് ഐ), ഇ ചന്ദ്രശേഖരൻ എം എൽ എ (സിപിഐ), എം കെ മുനീർ എംഎൽഎ (ഐയുഎംഎൽ), സ്റ്റീഫൻ ജോർജ് (കേരളാ കോൺഗ്രസ് എം), മോൻസ് ജോസഫ് എം എൽ എ ( കേരളാ കോൺഗ്രസ്), വി മുരുകദാസ് ( ജനതാദൾ എസ്), മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി (കോൺഗ്രസ് എസ്) പി എം സുരേഷ് ബാബു ( എൻസിപി), ഷാജ ജി എസ് പണിക്കർ ആർഎസ്പി (ലെനിനിസ്റ്റ്), ബാബു ദിവാകരൻ ( ആർഎസ്പി), കാസിം ഇരിക്കൂർ (ഐഎൻഎൽ), പി സി ജോസഫ് (ജനാധിപത്യ കേരളാ കോൺഗ്രസ്), ചീഫ് സെക്രട്ടറി ശാരദാ മുരളീധൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

സർവ്വകക്ഷി യോഗത്തിലെ മുഖ്യമന്ത്രിയുടെ പ്രസം​ഗം

നമ്മുടെ നാട് അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട മൂന്ന് വിഷയങ്ങൾ ഫലപ്രദമായി പരിഹരിക്കാനായി എല്ലാ രാഷ്ട്രീയ കക്ഷികളുടെയും അഭിപ്രായം തേടാനും സഹകരണം ഉറപ്പുവരുത്താനുമാണ് ഈ യോഗം ചേർന്നിരിക്കുന്നത്. അതിദാരിദ്ര്യനിർമ്മാർജനം, ഗുണമേന്മയിലധിഷ്ഠിതമായ പാലിയേറ്റീവ് പരിചരണം, മാലിന്യമുക്ത നവകേരളം എന്നിവ പൂർണ്ണതോതിൽ യാഥാർത്ഥ്യമാക്കുന്നതിൽ രാഷ്ട്രീയ – ബഹുജന പങ്കാളിത്തം ഏറെ അനിവാര്യമാണ്.നല്ല മുന്നേറ്റമാണ് ഈ വിഷയങ്ങളിന്മേൽ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളത്. സമയബന്ധിതമായി ഈ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതിന് കക്ഷി രാഷ്ട്രീയത്തിന് അതീതമായി നിങ്ങളുടെ എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്ന് ആരംഭത്തിൽ തന്നെ അഭ്യർത്ഥിക്കട്ടെ.

അതിദാരിദ്ര്യ നിർമ്മാർജ്ജനം

അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനായി 2021 ലാണ് അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി ആരംഭിച്ചത്. 64,006 കുടുംബങ്ങളിലായി 1,03,099 പേരെയാണ് അതിദരിദ്രരായി കണ്ടെത്തിയത്. ഭക്ഷണം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നിവയിലെ ഇല്ലായ്മയുടെ, അഥവാ കുറവിന്റെ തോത് അടിസ്ഥാനമാക്കിയാണ് അതിദരിദ്രരെ നിർണയിച്ചത്. ഇവയെ ക്ലേശ ഘടകങ്ങളായി കാണുന്നു. അതുകൊണ്ടുതന്നെ ആവശ്യമായവർക്ക് ഭക്ഷണവും ആരോഗ്യ സേവനങ്ങളും താമസവും തൊഴിലും ഉറപ്പുവരുത്തുന്നതിലാണ് നമ്മൾ ഊന്നൽ നൽകുന്നത്. 2025 നവംബർ 1 ന് കേരളത്തെ അതിദാരിദ്ര്യ വിമുക്തമായി പ്രഖ്യാപിക്കാനാണ് നമ്മൾ ലക്ഷ്യമിട്ടിരിക്കുന്നത്.

ആദ്യഘട്ട പ്രവർത്തനങ്ങൾ 2023 നവംബർ 1 നാണ് പൂർത്തിയായത്. ആദ്യ ഘട്ടത്തിൽ തന്നെ 47.89 ശതമാനം പേരെ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കാൻ കഴിഞ്ഞു. രണ്ടാം ഘട്ടത്തിൽ 2024 നവംബർ 1 ന് മുമ്പ് 90 ശതമാനം പേരെ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കുന്നതിനാണ് ലക്ഷ്യമിട്ടത്. എന്നാൽ, ഇതുവരെ 40,180 കുടുംബങ്ങളെ മാത്രമാണ് അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കാൻ സാധിച്ചത്. അതായത് 63.82 ശതമാനം മാത്രമേ പുരോഗതി ഉണ്ടായിട്ടുള്ളൂ. 2024 നവംബർ 23 വരെയുള്ള കണക്കുകൾ പ്രകാരം ഇനി 15,847 കുടുംബങ്ങൾക്കാണ് മൈക്രോപ്ലാൻ പ്രകാരമുള്ള സഹായം ലഭ്യമാക്കേണ്ടത്.

അതിദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചുവരുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. 2025 നവംബർ 1 ന് മുമ്പായി അതിദരിദ്രരില്ലാത്ത കേരളമെന്ന ലക്ഷ്യം കൈവരിക്കാൻ കഴിയണം. അതിന് എന്തെല്ലാം ചെയ്യാനാണ് ഉദ്ദേശിക്കുന്നത് എന്ന് ചുമതലപ്പെട്ട മന്ത്രി വിശദീകരിക്കും. അത്തരം പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ഉതകുന്ന ആശയങ്ങളും സഹകരണവുമാണ് നിങ്ങളെല്ലാവരിൽ നിന്നും പ്രതീക്ഷിക്കുന്നത്.

പ്രധാനപ്പെട്ട ചില കാര്യങ്ങൾ മാത്രം പ്രത്യേകമായി സൂചിപ്പിക്കട്ടെ. അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി മൈക്രോ പ്ലാനുകൾ രൂപീകരിച്ചിട്ടുണ്ട്. ഓരോ കുടുംബത്തിനും ഹ്രസ്വകാല, ഇടക്കാല, ദീർഘകാല ലക്ഷ്യങ്ങളാണ് മൈക്രോപ്ലാനുകളിലൂടെ വിഭാവനം ചെയ്തത്. കുടുംബ മൈക്രോപ്ലാനുകളുടെ വിവിധ ഘടകങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ ഏകോപിപ്പിച്ച് പദ്ധതികളിൽ ഉൾക്കൊള്ളിക്കലാണ് ലക്ഷ്യം. വിവിധ വകുപ്പുകൾ, ഏജൻസികൾ എന്നിവയുടെ സംയോജിത ഇടപെടൽ സാധ്യമാക്കുന്ന സമഗ്ര സമീപനമാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും അതിദരിദ്രരെ പിന്തുണയ്ക്കാൻ കെയർ ഫണ്ട് എന്ന ആശയം മാർഗരേഖയിൽ നിർദ്ദേശിച്ചിരുന്നു. സി എസ് ആർ ഫണ്ട്, പ്രവാസി സംഘടനകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ സഹായവും സ്‌പോൺസർഷിപ്പും പ്രയോജനപ്പെടുത്തിയുള്ള വിഭവസമാഹരണമാണ് ലക്ഷ്യമിട്ടത്. ഈ ആശയം ഫലപ്രദമായി നടപ്പിലാക്കണം.

പുനരധിവാസത്തിനും മാനസികാരോഗ്യത്തിനും മറ്റും ആവശ്യമായ പൊതുപിന്തുണാ സംവിധാനങ്ങൾ അതത് വകുപ്പുകളും ഏജൻസികളുമായി ചേർന്നു നടപ്പിലാക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ കാര്യമായി ഇടപെടണം. ബ്ലോക്ക്, ജില്ലാതല ഏകോപന അവലോകന സമിതി നിശ്ചിത ഇടവേളകളിൽ യോഗം ചേർന്ന് പുരോഗതി വിലയിരുത്തണം എന്നാണ് നിശ്ചയിച്ചിട്ടുള്ളത്.

അതിദാരിദ്ര്യ നിർണയത്തിനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക വാർഡ് – തദ്ദേശ സ്വയംഭരണ സ്ഥാപനതല ജനകീയ സമിതികൾ രൂപീകരിച്ചിരുന്നു. ഈ സമിതികളെ സജീവമാക്കി മാസത്തിലൊരിക്കൽ യോഗം ചേർന്ന് പ്രവർത്തന പുരോഗതി വിലയിരുത്തേണ്ടതുണ്ട്. ഈ യോഗങ്ങളുടെ വിലയിരുത്തൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എം ഐ എസ് ഡേറ്റ എല്ലാ മാസവും പുതുക്കേണ്ടതുമുണ്ട്. പദ്ധതി കാര്യക്ഷമമായി മുന്നേറുന്നു എന്നുറപ്പുവരുത്തുന്നതിന് ഇത് ഏറെ സഹായകരമാകും.

ഓരോ അതിദരിദ്ര കുടുംബത്തെയും അവർക്ക് ബാധകമായ മുഴുവൻ ക്ലേശഘടകങ്ങളിൽ നിന്നും മൈക്രോപ്ലാനിന്റെ അടിസ്ഥാനത്തിൽ പുറത്തു കൊണ്ടുവരണം. ഉപജീവന പദ്ധതി ബാധകമായ കുടുംബങ്ങൾക്ക് സുസ്ഥിര വരുമാന മാർഗം ഉറപ്പാക്കണം. ഇവ രണ്ടും ചെയ്തതിനുശേഷം മാത്രമേ അതിദരിദ്ര കുടുംബങ്ങളെ അതിദരിദ്ര മുക്തരായി പ്രഖ്യാപിക്കാവൂ എന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്.

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും തങ്ങളുടെ അധികാരപരിധിയിൽ കണ്ടെത്തിയിട്ടുള്ള അതിദരിദ്രർ ദാരിദ്ര്യത്തിൽ നിന്നും മുക്തരായാൽ ആ തദ്ദേശ സ്വയംഭരണ സ്ഥാപനം അതിദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തണം എന്നും നിർദ്ദേശിച്ചിട്ടുണ്ട്.

പാലിയേറ്റീവ് കെയർ

ദീർഘകാല രോഗങ്ങൾ മൂലം പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് ഗൃഹകേന്ദ്രീകൃത പരിചരണം ഉറപ്പാക്കാൻ ഉദ്ദേശിച്ചാണ് പാലിയേറ്റീവ് കെയർ സംവിധാനങ്ങൾ ആവിഷ്‌ക്കരിച്ചിട്ടുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെയും ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെയുമാണ് പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ നടത്തിവരുന്നത്.

രോഗികൾക്ക് ഗൃഹകേന്ദ്രീകൃത പരിചരണം ഉറപ്പാക്കാൻ ജനസംഖ്യാനുപാതികമായി ആരോഗ്യ വകുപ്പിന്റെ ഹോം കെയർ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. പരിശീലനം ലഭിച്ച കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്‌സുമാരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് നിയമിക്കുന്നത്. 1,142 പ്രൈമറി പാലിയേറ്റീവ് യൂണിറ്റുകൾ സർക്കാർ മേഖലയിലുണ്ട്. ഇവ വഴി 1,14,439 രോഗികൾക്ക് പരിചരണം നൽകിവരുന്നുണ്ട്.

മാനദണ്ഡങ്ങൾക്കനുസൃതമായി യൂണിറ്റുകൾക്ക് രജിസ്‌ട്രേഷൻ നൽകാനുള്ള സംവിധാനമൊരുക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലാണ് രജിസ്‌ട്രേഷൻ നടത്തുക. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും തങ്ങളുടെ അധികാരപരിധിയിലെ പാലിയേറ്റീവ് കെയർ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും വിശദാംശങ്ങൾ സമാഹരിച്ച് രജിസ്‌ട്രേഷൻ നടത്തുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണം എന്ന് നിർദ്ദേശിച്ചിട്ടുണ്ട്. സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നുള്ള സംഘടനകളെ രജിസ്റ്റർ ചെയ്യിക്കണം.

ഗൃഹപരിചരണം ആവശ്യമായ എല്ലാവർക്കും ഗുണമേന്മയുള്ള ഗൃഹപരിചരണം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഓരോ രോഗിക്കും പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകരുടെ പിന്തുണ ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനായി സന്നദ്ധ പ്രവർത്തകരെ കണ്ടെത്തി പരിശീലിപ്പിക്കണം എന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. പുതിയ വളന്റിയർമാരെ കണ്ടെത്താനുള്ള ഉത്തരവാദിത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് ഉള്ളത്. കണ്ടെത്തുന്ന സന്നദ്ധ പ്രവർത്തകർക്ക് ശാസ്ത്രീയമായ പരിശീലനം അവർ ഉറപ്പാക്കും. പരിശീലന മൊഡ്യൂളും പരിശീലകരെയും ആരോഗ്യ വകുപ്പ് ലഭ്യമാക്കും.

രോഗീപരിചരണമാണ് പാലിയേറ്റീവ് കെയറിൽ കാര്യമായി ഉൾപ്പെട്ടിട്ടുള്ളത്. പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമായ ഗുരുതര രോഗബാധിതരല്ലാത്തതും പരിചരണം ആവശ്യമുള്ളതുമായ വയോജനങ്ങളും ഭിന്നശേഷിക്കാരും ധാരാളമുണ്ട്. ഇവരെക്കൂടി ഉൾക്കൊള്ളിച്ച് ബി പി എൽ, എ പി എൽ വ്യത്യാസമില്ലാതെ എല്ലാവർക്കും പരിചരണം ഉറപ്പാക്കുംവിധം ഡൊമിസിലിയറി കെയർ പദ്ധതിയായി വിപുലീകരിച്ച് മികച്ച പരിചരണം ഉറപ്പാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

വിവിധ തലങ്ങളിലുള്ള പരിചരണം ആവശ്യമുള്ളവരുണ്ട്. ചിലർക്ക് ആഴ്ചയിലൊരു ദിവസം പരിശീലനം സിദ്ധിച്ചവരുടെ സേവനം ലഭിച്ചാൽ മതിയാകും. മറ്റു ചിലർക്ക് ദൈനംദിന ശ്രദ്ധ വേണ്ടതുണ്ടാവാം. ഇക്കാര്യങ്ങൾ പരിഗണിച്ച് വ്യക്തിഗത പരിചരണാസൂത്രണം നടത്താനാണ് ഉദ്ദേശിക്കുന്നത്. ആസൂത്രണം ചെയ്ത പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് ആരോഗ്യ വകുപ്പിന്റെയും ഇതര വകുപ്പുകളുടെയും പൂർണ സഹകരണം ഉണ്ടാവും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായിരിക്കും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.

കിടപ്പിലായ രോഗികൾക്ക് മെച്ചപ്പെട്ട പരിചരണം ലഭിക്കാൻ 20,000 ജനസംഖ്യയുള്ള പ്രദേശത്ത് ഒരു ഹോം കെയർ യൂണിറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആരംഭിക്കണമെന്ന് പാലിയേറ്റീവ് കെയർ ആക്ഷൻ പ്ലാനിൽ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ 30,000 പേരടങ്ങുന്ന ജനസംഖ്യാ പ്രദേശത്തിന് ഒരു കെയർ യൂണിറ്റാണ് പ്രവർത്തിക്കുന്നത്. ആക്ഷൻ പ്ലാനിൽ നിർദ്ദേശിച്ചതുപ്രകാരം ഹോം കെയർ യൂണിറ്റുകളുടെ എണ്ണം വർധിപ്പിക്കാനും പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്കായി പാലിയേറ്റീവ് കെയർ ഗ്രിഡ് രൂപീകരിച്ച് ടെലിമെഡിസിൻ സംവിധാനത്തെ ഗ്രിഡിന്റെ ഭാഗമാക്കാനുമാണ് ഉദ്ദേശിക്കുന്നത്.

നിരാലംബരായ വയോജനങ്ങളെ പാർപ്പിച്ചിരിക്കുന്ന ഹോമുകൾ, സ്വകാര്യ മേഖലയിലും സർക്കാർ മേഖലയിലും പ്രവർത്തിക്കുന്ന വൃദ്ധ മന്ദിരങ്ങൾ എന്നിവിടങ്ങളിൽക്കൂടി പാലിയേറ്റീവ് കെയർ സേവനം എത്തിക്കാനാണ് ശ്രമിക്കുന്നത്. ഗ്രാമ, നഗര വ്യത്യാസമില്ലാതെ പാലിയേറ്റീവ് പരിചരണം ആവശ്യമായ മുഴുവൻ ആളുകളെയും കുടുംബങ്ങളെയും കണ്ണി ചേർത്തുകൊണ്ട് എ പി എൽ, ബി പി എൽ വ്യത്യാസമില്ലാതെ മികച്ച പരിചരണം ഉറപ്പാക്കാനായി ജനകീയ മുന്നേറ്റം നടത്താനാണ് ഉദ്ദേശിക്കുന്നത്. അതിന്റെ ഭാഗമായ ക്യാമ്പയിൻ പ്രവർത്തനം 2025 ജനുവരി 1 ന് ആരംഭിക്കുകയാണ്.

മാലിന്യമുക്ത നവകേരളം

ഗാന്ധി ജയന്തി ദിനമായ 2024 ഒക്‌ടോബർ 2 മുതൽ അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ 2025 മാർച്ച് 30 വരെയാണ് ‘മാലിന്യമുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിൻ’ സംഘടിപ്പിക്കാൻ നമ്മൾ തീരുമാനിച്ചിരുന്നത്. ഒക്‌ടോബർ 2 ന് സംസ്ഥാന, ജില്ല, പ്രാദേശിക തലങ്ങളിൽ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളിൽ സൃഷ്ടിച്ച മാതൃകകൾ ഉദ്ഘാടനം ചെയ്തുകൊണ്ട് ക്യാമ്പയിനിന് തുടക്കമിടാനായിരുന്നു തീരുമാനിച്ചത്. 1,313 ഉദ്ഘാടന പരിപാടികളാണ് സംഘടിപ്പിക്കപ്പെട്ടത്. ലഭ്യമായ കണക്കനുസരിച്ച് 2,39,864 പേർ സന്നദ്ധപ്രവർത്തനങ്ങളിൽ പങ്കെടുത്തതായാണ് റിപ്പോർട്ട്.

ഉദ്ഘാടന ഘട്ടത്തിൽ 13,794 വാർഡുകളിൽ മാത്രമേ നിർവഹണസമിതി രൂപീകരിച്ചിരുന്നുള്ളൂ. അതിൽ തന്നെ 11,252 വാർഡുകളിൽ മാത്രമാണ് വാർഡുതല ഉദ്ഘാടനങ്ങൾ നടന്നത്. 8,537 വാർഡുകളിൽ ഉദ്ഘാടന പരിപാടികൾ ഇതുവരെ നടന്നിട്ടില്ല. 5,704 വാർഡുകളിൽ നിർവഹണ സമിതികൾ ഇനിയും രൂപീകരിച്ചിട്ടുമില്ല. ഉദ്ഘാടന, സന്നദ്ധ പ്രവർത്തനങ്ങളിൽ രാഷ്ട്രീയ സാമൂഹ്യ സന്നദ്ധ സംഘടനകളുടെ പങ്കാളിത്തം വേണ്ടത്ര ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. 2025 മാർച്ച് 30 ന് സമ്പൂർണ ശുചിത്വ കേരള പ്രഖ്യാപനം നടത്തണം എന്നുണ്ടെങ്കിൽ നാം ഇനിയുമേറെ മുന്നേറേണ്ടതുണ്ട്. അതിന് രാഷ്ട്രീയ പാർട്ടികളുടെയും ബഹുജന സംഘടനകളുടെയും പങ്കാളിത്തം ഏറെ അനിവാര്യമാണ്.

ക്യാമ്പയിനിന്റെ ഭാഗമായി അയൽക്കൂട്ടങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, ഓഫീസുകൾ, ടൗണുകൾ, മാർക്കറ്റുകൾ, പൊതുസ്ഥലങ്ങൾ, സ്‌കൂളുകൾ, കലാലയങ്ങൾ എന്നിവ ഹരിതമാക്കാനുള്ള സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. സമയബന്ധിതമായി ഈ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ഏവരുടെയും സഹകരണം ആവശ്യമാണ്. ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ വിശദമായി അവലോകനം ചെയ്ത് തുടർപ്രവർത്തനങ്ങൾ ആവിഷക്കരിക്കണമെന്നാണ് കണ്ടിട്ടുള്ളത്.

ഹോസ്റ്റലുകൾ, ഹോട്ടലുകൾ, ടൂറിസം കേന്ദ്രങ്ങൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ നിന്ന് സാനിറ്ററി മാലിന്യം ശേഖരിക്കുന്നതിനും സംസ്‌കരിക്കുന്നതിനും പൊതുസംവിധാനം ഏർപ്പെടുത്തണം എന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ടൗണുകൾ, ടൂറിസം കേന്ദ്രങ്ങൾ, ഫ്‌ളാറ്റുകൾ, ഹോസ്റ്റലുകൾ, ഭവനസമുച്ചയങ്ങൾ, റെസിഡൻസ് അസോസിയേഷനുകൾ, പൊതുസ്ഥലങ്ങൾ, ഹോട്ടലുകൾ, ഹാളുകൾ മുതലായവയിൽ കമ്മ്യൂണിറ്റിതല ജൈവമാലിന്യസംസ്‌കരണ സംവിധാനങ്ങൾ സ്ഥാപിക്കണം എന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഖര, ദ്രവ മാലിന്യങ്ങളുടെ സംസ്‌കരണത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്.

2023-24 വർഷത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 2,867 കോടി രൂപ അടങ്കലുള്ള മാലിന്യ സംസ്‌കരണ പദ്ധതികൾ ആവിഷ്‌കരിച്ചിരുന്നു. ഇതിൽ 641.45 കോടി രൂപ മാത്രമാണ് ചെലവഴിക്കപ്പെട്ടത്. അതായത്, പുരോഗതി കേവലം 22 ശതമാനമാണ് എന്നർത്ഥം. നഗരസഭകളിൽ 15 ശതമാനമാണ് ചെലവഴിച്ചത്. പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കുന്നതിൽ രാഷ്ട്രീയ പാർട്ടികളുടെ പ്രോത്സാഹനം ഉപകാരപ്രദമാവും.

2024 ഡിസംബർ – 2025 ജനുവരിയിൽ നാടിന്റെ മുക്കും മൂലയും ശുചിയാക്കുന്ന വിപുലമായ ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളെയും ക്യാമ്പയിനിൽ പങ്കാളികളാക്കണം. ഇതിനായി ഭവനസന്ദർശനം നടത്തി മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തണം എന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് അഭ്യർത്ഥിച്ചിട്ടുള്ളത്.

നാം ഏറ്റെടുത്തിട്ടുള്ള ഈ മൂന്ന് ക്യാമ്പയിനുകളും പൂർണ്ണതോതിൽ നടപ്പാക്കിയാലേ സുസ്ഥിരമായ നവകേരളമെന്ന നമ്മുടെ ആത്യന്തിക ലക്ഷ്യം കൈവരിക്കാനാകൂ. ഇത് കേരളത്തിന്റെ ഭാവിയുമായി, നമ്മുടെ ഭാവി തലമുറകളുമായി ബന്ധപ്പെട്ട വിഷയമാണ് എന്ന് കാണണം. അതിവേഗത്തിൽ നഗരവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കേരളത്തിൽ മാലിന്യങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യപ്പെടേണ്ടത് കേരളീയരുടെ ആരോഗ്യത്തിനും വിനോദസഞ്ചാരത്തെ വലിയ തോതിൽ ആശ്രയിക്കുന്ന കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും ഉപകരിക്കും എന്നതാണ് വസ്തുത.

ഈയൊരു സമഗ്രമായ കാഴ്ചപ്പാടോടെ എല്ലാ രാഷ്ട്രീയ പാർട്ടികളും ബഹുജന സംഘടനകളും ഈ മൂന്നു ക്യാമ്പയിനുകളുമായി സഹകരിക്കണം എന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News