പ്രഭയായ് നിനച്ചതെല്ലാം| All We Imagine As Light Review

all-we-imagine-as-light-review

നവാഗത ചലച്ചിത്ര സംവിധായക പായല്‍ കപാഡിയ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം. പുരുഷാധിപത്യത്തിന്റെ അദൃശ്യ പ്രഭാവം കീഴ്‌പ്പെടുത്തിയ സമകാലിക സമൂഹ ബന്ധങ്ങള്‍ക്ക് വശംവദയായ സ്ത്രീയുടെ നൊമ്പരങ്ങളും പ്രതീക്ഷകളും ചിത്രീകരിക്കുന്നു. സിനിമയുടെ പ്രമേയം വളരെ ലളിതം. മന്ദഗതിയില്‍ നീങ്ങുന്നു എന്ന് പ്രേക്ഷകരെ തോന്നിപ്പിക്കുന്ന ഈ സിനിമ ആയിരം മനുഷ്യ ജീവിതങ്ങള്‍ കോറിയിടുന്ന ഒരു നിറചാര്‍ത്താണ്. പായല്‍ ഇവിടെ വികാരങ്ങളെ അടിച്ചമര്‍ത്തി മനസ്സിനുള്ളില്‍ പ്രളയം സൃഷ്ടിക്കുന്ന രണ്ടുമൂന്ന് സാധാരണ സ്ത്രീകളുടെ ജീവിതം കാണിച്ചുതരുന്നു.

മുംബൈയില്‍ നഴ്‌സ് ആയി ജോലി ചെയ്യുന്ന പ്രഭ, ജര്‍മനിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ്, വിവാഹ ശേഷം മറുനാട്ടിലേക്ക് യാത്രയാകുന്നു. രാത്രികാലങ്ങളിലെ ഫോണ്‍ വിളികളിലൂടെ ആ ബന്ധം നിലനിന്നെങ്കിലും ക്രമേണ ഫോണ്‍ വിളി അവസാനിക്കുകയും അയാള്‍ അപ്രത്യക്ഷനാവുകയും ചെയ്യുന്നു. സേവനത്തിന്റെ ഉദാത്ത മാതൃകയായി നഴ്‌സിംഗ് ജോലിയില്‍ വ്യാപൃതയായി നിത്യ ജീവിതത്തില്‍ ചിട്ടപ്പെടുത്തിയ ദിനചര്യകളിലൂടെ ഉള്ളിലുണരുന്ന വൈകാരിക ചോദനകളെ അമര്‍ത്തി വെച്ച് ശാന്തമാകാന്‍ പരിശ്രമിക്കുന്ന പ്രഭയുടെ സഹവാസിയായ അനു കാമുകനോടൊപ്പം സ്വതന്ത്ര സഞ്ചാരം നടത്തുന്നത് തന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നുണ്ടെന്നു മനസ്സിലാക്കുമ്പോള്‍ ഉപേക്ഷിക്കപ്പെട്ട സ്ത്രീത്വത്തിന്റെ നിസ്സഹായാവസ്ഥ അവളെ അലട്ടി തുടങ്ങുന്നത് അതിസൂക്ഷ്മതയോടെ ചിത്രത്തില്‍ പകര്‍ത്തുന്നുണ്ട്.

Read Also: സൗന്ദര്യത്മകമായി എല്ലാ വൈകാരികതകളും ഉൾകൊള്ളിച്ച റിപ്‍ടൈഡ്

അജ്ഞാതന്റെ സമ്മാനമായി ഒരുനാള്‍ തനിക്ക് ലഭിക്കുന്ന ചുവന്ന റൈസ് കുക്കറിന്റെ ചന്തം ആസ്വദിച്ചു ആവേശത്തോടെ പുല്‍കി പുണര്‍ന്നു ലൈംഗികാനുഭൂതി സാഫല്യം തേടുന്ന രംഗം ചിത്രത്തിന്റെ മുഖ്യധാരയില്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ ത്രസിപ്പിക്കുന്ന ചലനങ്ങളുമായി പ്രഭയുടെ ശരീരഭാഷയോടൊപ്പം സിനിമ ഇന്ദ്രിയാതീത മാനങ്ങളിലേക്ക് പടര്‍ന്നു കയറുന്നു. ബാന്ദ്രയിലെ കടലിന്റെ നിഗൂഢതയും തിരയിളക്കത്തിന്റെ അസ്വാഭാവികതയും നല്‍കുന്ന സ്വപ്നാനുഭൂതിയില്‍ തന്റെ ഉള്ളില്‍ മരണപ്പെട്ടുപോയ ഭര്‍ത്താവിന്റെ കരയ്ക്ക് അടിഞ്ഞ ശവത്തിനു കൃത്രിമ ശ്വാസോച്ഛാസത്തിലൂടെ ജീവന്‍ നല്‍കി തന്റെ അനുഭൂതി ലോകത്തെ ക്രമപ്പെടുത്തുകയാണവള്‍.

ഒരു വാക്കുകൊണ്ട് പോലും അരികില്‍ എത്താത്ത തന്റെ ഭര്‍ത്താവിനോട് പോലും പ്രഭയ്ക്ക് വെറുപ്പോ ദേഷ്യമോ ഇല്ല. പ്രഭയായി നിനച്ചതെല്ലാം ഇവിടെ വന്നെത്തുന്നു, അവളുടെ നിനവുകളില്‍ എന്ന് മാത്രം. അവളെ കൂടെ പോരാനും ഒന്നിച്ചു ജീവിക്കാനും അയാള്‍ വിളിക്കുന്നു. ഇനി ഒരിക്കലും അവളെ കൈവിടില്ല എന്ന് പ്രഭയ്ക്ക് അയാള്‍ വാക്ക് കൊടുക്കുന്നു. അനുവും കൂട്ടുകാരനും ശരീരം പങ്കുവെച്ചുകൊണ്ട് പ്രണയ നിര്‍വൃതിയുമായി അവള്‍ക്കു മുന്നിലെത്തുമ്പോള്‍ ഭര്‍തൃമതിയായ യുവതിയെ പോലെ അവരെ അഭിനന്ദിച്ചു ആത്മനിര്‍വൃതിയടയുന്ന സാധാരണ സ്ത്രീയായി പ്രഭ മാറിക്കഴിഞ്ഞു.

Read Also: If Only I Could Hibernate | തണുപ്പിൽ പൊഴിഞ്ഞുപോകുന്ന സ്വപ്നങ്ങളുമായി ഒരു കൗമാരക്കാരൻ

പ്രഭയായി നിനച്ചതെല്ലാം എന്ന ജാലകത്തിലൂടെ സംവിധായക ചിത്രീകരിക്കുന്നത് ഒരുപാട് സാധാരണക്കാരുടെ നേര്‍കാഴ്ച ജീവിതങ്ങള്‍ മാത്രമാണ്. വ്യത്യസ്തത നിറഞ്ഞ ഒരുപാട് മനുഷ്യരുടെ ഹൃദയമിടിപ്പുകള്‍ ആണ് ഈ സിനിമയിലൂടെ പായല്‍ കപാഡിയ എന്ന സംവിധായക നെയ്‌തെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News