കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ചരിത്രം കുറിച്ച ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ ആദ്യമായി തീയേറ്ററുകളിലേക്ക്

all we imagine as light

പായല്‍ കപാഡിയയുടെ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ (പ്രഭയായ് നിനച്ചതെല്ലാം) 2024 സെപ്റ്റംബര്‍ 21 മുതല്‍ കേരളത്തില്‍ പ്രദര്‍ശനം ആരംഭിക്കുന്നു. ഇതാദ്യമായാണ് ചിത്രം ഇന്ത്യയിലെ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നത്. ഈ വര്‍ഷം ആദ്യം നടന്ന 77-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ചരിത്രം രചിച്ച ഈ ചിത്രം, അവിടെ ഗ്രാന്‍ഡ് പ്രിക്‌സ് നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായി മാറി. റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ ആണ് ഈ ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത്. സീക്കോ മൈത്ര, ചോക്ക് ആന്‍ഡ് ചീസ് ഫിലിംസ്, രണബീര്‍ ദാസ്, അനതര്‍ ബര്‍ത്ത് എന്നീ ചിത്രങ്ങളുടെ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍, മുംബൈ ആസ്ഥാനമാക്കി കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ സിനിമയ്ക്ക് ജീവന്‍ നല്‍കുന്നതിനായി പായല്‍ കപാഡിയയ്‌ക്കൊപ്പം യാത്ര ചെയ്യുകയാണ്. കേരളത്തില്‍ വരുന്ന ആഴ്ചയില്‍ പരിമിതമായ സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുന്ന ചിത്രം, തുടര്‍ന്ന് ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും പ്രദര്‍ശിപ്പിക്കും. ചിത്രത്തിന്റെ ഇന്ത്യയിലെ തിയറ്റര്‍ യാത്രയിലെ ആദ്യ നാഴികക്കല്ലായി കേരള റിലീസിനെ മാറ്റാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ‘പ്രഭയായ് നിനച്ചതെല്ലാം’ എന്നാണ് ചിത്രത്തിന് മലയാളത്തില്‍ നല്‍കിയിരിക്കുന്ന പേര്.

മുംബൈയില്‍ ജോലി ചെയ്യാനും അവരുടെ ജീവിത അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കാനും കേരളത്തില്‍ നിന്ന് വരുന്ന രണ്ട് സ്ത്രീകളാണ് ചിത്രത്തിന്റെ ഹൃദയം എന്നും, അതിനാല്‍ ഈ ചിത്രം തീയേറ്റര്‍ പ്രദര്‍ശനം നടത്തുന്ന ആദ്യ സംസ്ഥാനം കേരളം ആയിരിക്കണം എന്നത് ഏറ്റവും ഉചിതമായ കാര്യമാണെന്നും സംവിധായിക പായല്‍ കപാഡിയ പറഞ്ഞു. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും ചിത്രം കാണാന്‍ കഴിയുമെന്നതില്‍ താന്‍ ആവേശഭരിതയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ നിന്ന് ആരംഭിച്ച് ഇന്ത്യയിലെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ഈ അവിശ്വസനീയമായ ചിത്രം എത്തിക്കാന്‍ സാധിച്ചതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് സ്പിരിറ്റ് മീഡിയ ഉടമ റാണ ദഗ്ഗുബതി പറയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്ന, ഒന്നിലധികം ഭാഷകള്‍ സംസാരിക്കുന്ന കഥാപാത്രങ്ങളിലൂടെ ഈ ചിത്രം ഒരു പാന്‍ ഇന്ത്യന്‍ അനുഭവമാണ് സമ്മാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

Also Read : കിണര്‍വക്കില്‍ കുഞ്ഞിനെ ഒറ്റക്കൈയില്‍ തൂക്കി റീല്‍ ചെയ്യുന്ന അമ്മ; നെഞ്ചിടിപ്പോടെയല്ലാതെ ഈ വീഡിയോ നിങ്ങൾക്ക് കാണാന്‍ കഴിയില്ല

കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍, കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ പ്രധാന മത്സരത്തില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണിത്. ഈ മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ വനിതാ ചലച്ചിത്ര സംവിധായിക കൂടിയാണ് പായല്‍ കപാഡിയ. ആന്‍ഡ്രിയ ആര്‍നോള്‍ഡ്, ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോള, ജിയാ ഷാങ്-കെ, പൌലോ സോറന്റിനോ, സീന്‍ ബേക്കര്‍, അലി അബ്ബാസി തുടങ്ങിയ പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കൊപ്പം പാം ഡി ഓര്‍ അവാര്‍ഡിനായി മത്സരിച്ച 22 ചിത്രങ്ങളില്‍ ഒന്നാണ് ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’.

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചതിനു ശേഷം, ടെല്ലുരൈഡ് ഫിലിം ഫെസ്റ്റിവല്‍, ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവല്‍, സാന്‍ സെബാസ്റ്റ്യന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവയുള്‍പ്പെടെ ആഗോളതലത്തില്‍ നിരവധി മേളകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഓസ്‌കാര്‍ പണ്ഡിറ്റുകള്‍ക്കിടയിലും, അക്കാദമി അവാര്‍ഡിനായി അന്താരാഷ്ട്ര ചലച്ചിത്ര വിഭാഗത്തില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടാന്‍ സാധ്യതയുള്ള ചിത്രങ്ങളില്‍ മുന്‍പന്തിയിലാണ് ഈ ചിത്രം.

കനി കുസൃതി, ദിവ്യപ്രഭ, ഛായാ കദം, ഹൃദു ഹാറൂണ്‍, അസീസ് നെടുമങ്ങട് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഈ മലയാളം-ഹിന്ദി ചിത്രം നഴ്‌സ് പ്രഭയുടെ കഥയാണ് പറയുന്നത്. ഇന്ത്യയില്‍ നിന്നുള്ള ചോക്ക് ആന്‍ഡ് ചീസ് ഫിലിംസ്, ഫ്രാന്‍സില്‍ നിന്നുള്ള പെറ്റിറ്റ് കായോസ് എന്നിവ ചേര്‍ന്നുള്ള ഒരു ഔദ്യോഗിക ഇന്തോ-ഫ്രഞ്ച് സഹനിര്‍മ്മാണമാണ് ഈ ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News