‘നീല മുതൽ ഓറഞ്ച് വരെ’ ഓന്തുകൾ എന്തുകൊണ്ടാണ് നിറം മാറുന്നത്? വസ്തുതകൾ അറിയാം

ഓന്തുകൾ എന്നുമൊരു അത്ഭുത ജീവികളാണ് നമ്മൾ മനുഷ്യവർഗ്ഗത്തിന്. അഭിപ്രായങ്ങൾ ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കുന്ന മനുഷ്യരെ പോലെ ഓന്തുകൾ നിറവും മാറാറുണ്ട്. ഉരഗവർഗത്തിലെ പല്ലികുടുംബത്തിൽപ്പെടുന്ന ജീവിവിഭാഗമാണ് ഓന്ത്. ഇവയുടെ നിറംമാറാനുള്ള കഴിവ് പ്രസിദ്ധമാണ്. മുന്നിലേക്കും പിന്നിലേക്കും തിരിഞ്ഞിരിക്കുന്ന വിരലുകളാണ് ഓന്തുകളുടേത്. ഒരുമിച്ചല്ലാതെ പ്രത്യേകമായി ചലിപ്പിക്കാൻ കഴിയുന്നതും കാഴ്ചയിലുള്ള വസ്തുക്കളുടെ അകലം മനസ്സിലാക്കാൻ കഴിയുന്നതുമായ കണ്ണുകൾ, നീളമേറിയ നാവ്, ചുറ്റിപ്പിടിക്കാൻ സാധിക്കുന്ന വാൽ തുടങ്ങിയവയൊക്കെ ഓന്തിന്റെ പ്രത്യേകതയാണ്.

ALSO READ: അങ്കണവാടി പ്രവർത്തകരുടെ വേതനം വർധിപ്പിച്ചു: മന്ത്രി കെ എൻ ബാലഗോപാൽ

ഓന്തുകളിലെ നിറം മാറുന്നതിന് പിറകിലെ ശാസ്ത്രം

ഉയരമേറിയ മരങ്ങളിൽ തവിട്ടുനിറത്തിലുള്ള ശാഖകൾക്കും പച്ച ഇലകൾക്കും ഇടയിലാണ് ഓന്തുകളെ പലപ്പോഴും കാണപ്പെടാറുള്ളത്. അവരുടെ സ്വന്തം പച്ച, തവിട്ട് നിറങ്ങൾ ഇലകളുടെയും ശാഖകളുടെയും പശ്ചാത്തലത്തിൽ ലയിപ്പിക്കാൻ സഹായിക്കുന്നുണ്ടെങ്കിലും നിറം മാറാനുള്ള അവയുടെ കഴിവ് അതിനായി രൂപപ്പെട്ടതല്ല. സമീപകാല ഗവേഷണങ്ങൾപ്രകാരം, ഓന്ത് നിറം മാറുന്നത് പ്രധാനമായും രണ്ട് ആവശ്യങ്ങൾക്കാണ്. ആശയവിനിമയത്തിനും താപനില നിയന്ത്രിക്കുന്നതിനും. ഹോർമോണുകൾ, താപനില, സ്വതന്ത്രനാഡീവ്യൂഹം തുടങ്ങിയവയുടെ സങ്കീർണമായ പ്രതിപ്രവർത്തനമാണ് ഇവയുടെ ഒരു പ്രത്യേകസമയത്തെ നിറം നിയന്ത്രിക്കുന്നത്.

നിറമാറ്റം നിർണയിക്കുന്നത് പ്രകാശം, താപനിലപോലുള്ള പാരിസ്ഥിതികഘടകങ്ങളും ഭയം, മറ്റൊരു ഓന്തുമായുള്ള യുദ്ധത്തിലെ വിജയപരാജയങ്ങൾ, ഇണയെ ആകർഷിക്കൽ തുടങ്ങിയ വൈകാരിക ഘടകങ്ങളുമാണ്. ഓന്തുകളുടെ തൊലിയിൽ ഇറിഡോഫോറുകൾ എന്ന സവിശേഷതരത്തിലുള്ള രണ്ടു പാളികോശങ്ങൾ കാണപ്പെടുന്നു. ഈ ഇറിഡോഫോറുകളിൽ വ്യത്യസ്ത തരംഗദൈർഘ്യമുള്ള പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന പിഗ്മെന്റുകളും നാനോക്രിസ്റ്റലുകളും ഉണ്ട്. ഇവയ്ക്ക് ചർമത്തെ വികസിപ്പിക്കുന്നതിനും സങ്കോചിപ്പിക്കുന്നതിനും സാധിക്കും.

നീല മുതൽ ഓറഞ്ച്, ചുവപ്പ് അങ്ങനെയങ്ങനെ

ALSO READ: പോയവർ പോകട്ടെ, ‘ഇന്ത്യ’ മുന്നണി ഒറ്റകെട്ടായി പോരാടും: നിതീഷ് കുമാറിന്റെ രാജിയിൽ മല്ലികാർജുൻ ഖാർഗെയുടെ മറുപടി

വിശ്രമാവസ്ഥയിൽ ആയിരിക്കുമ്പോൾ ഓന്തിന്റെ ചർമത്തിലെ നാനോക്രിസ്റ്റലുകൾ പരസ്പരം അടുത്തുനിൽക്കുന്നു. അപ്പോൾ നീലപോലെ കുറഞ്ഞ തരംഗദൈർഘ്യമുള്ള നിറം പ്രതിഫലിപ്പിക്കുന്നു. ഉത്തേജിതാവസ്ഥയിൽ നാനോക്രിസ്റ്റലുകൾ തമ്മിലുള്ള അകലം വർധിക്കുകയും അവ ചുവപ്പ്, ഓറഞ്ച് എന്നിങ്ങനെ തരംഗദൈർഘ്യം കൂടുതലുള്ള നിറം പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ഓന്തിന്റെ പച്ചനിറത്തിന് കാരണം സാന്തോഫോറിൽനിന്ന് പ്രതിഫലിക്കുന്ന മഞ്ഞനിറവും ഇറിഡോഫോറിൽനിന്ന് പ്രതിഫലിക്കുന്ന നീലനിറവും ചേരുന്നതാണ്. ഒളിഞ്ഞിരിക്കുന്ന സന്ദർഭങ്ങളിൽ ഓന്തുകൾ ഇരുണ്ട തവിട്ടുനിറത്തിലേക്ക് മാറുന്നു. ഇതിനുകാരണം മെലനോഫോറുകൾ മുകളിലെ പാളികളിലേക്ക് വിപുലീകരിച്ച് പിഗ്മെന്റ് വിതരണംചെയ്യുന്നതാണ്. അന്തരീക്ഷത്തിലെ താപനിലയ്ക്കനുസരിച്ചും ഓന്തിന്റെ നിറംമാറുന്നു. ഇതൊക്കെയാണെങ്കിലും ഓന്തുകളുടെ നിറമാറ്റത്തെക്കുറിച്ച് ഇനിയും പൂർണമായി ശാസ്ത്രലോകത്തിന് അറിയാൻ സാധിച്ചിട്ടില്ല. ഓന്തുകൂടാതെ ചില മത്സ്യങ്ങൾ, എട്ടുകാലി, നീരാളി, പക്ഷികൾ തുടങ്ങിയ ജീവികളും നിറം മാറാറുണ്ട്. മിക്ക ജീവികളിലും ഈ നിറമാറ്റം നടക്കുന്നത് അവ നിൽക്കുന്ന ചുറ്റുപാടിനനുസരിച്ചാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News