വിഎച്ച്‌പി വേദിയിൽ വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവ് സുപ്രീംകോടതി കൊളീജിയം മുന്നിൽ ഹാജരായി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അടങ്ങിയ കൊളീജിയത്തിന് മുമ്പാകെയാണ് ശേഖർകുമാർ യാദവ് ഹാജരായി വിശദീകരണം നൽകിയത്. ഭൂരിപക്ഷത്തിൻ്റെ ഹിതമനുസരിച്ച് രാജ്യം ഭരിക്കപ്പെടണമെന്ന പരാമർശമായിരുന്നു വിശ്വഹിന്ദു പരിഷത്ത് വേദിയിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവ് നടത്തിയത്.
സംഭവത്തിൽ കടുത്ത വിമർശനങ്ങളും പ്രതിഷേധവും ഉയർന്നതിന് പിന്നാലെയാണ് സുപ്രീം കോടതി കൊളീജിയം യാദവിനോട് നേരിട്ട് ഹാജരാകണം എന്ന് നിർദ്ദേശിച്ചത്. തുടർന്നാണ് വിദ്വേഷ പ്രസംഗത്തിൽ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള കൊളീജിയത്തിനു മുന്നിലെത്തി യാദവ് വിശദീകരണം നൽകിയത്.
ഒരു ന്യായാധിപൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്ത ഗുരുതര പരാമർശമാണ് യാദവ് നടത്തിയതെന്ന് പല കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. പ്രസംഗം വിവാദമായതിന് പിന്നാലെ യാദവിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡൻ്റും രാജ്യസഭാ എംപിയുമായ കപിൽ സിബലും ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു.
കൂടാതെ, സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടും നടപടി ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്തയച്ചു. പാർലമെൻ്റിൽ രാജ്യസഭാ സെക്രട്ടറി ജനറലിന് പ്രതിപക്ഷ എംപിമാർ ഇംപീച്ച്മെൻ്റ് ആവശ്യപ്പെട്ട് നോട്ടീസും നൽകിയതിനു പിന്നാലെയാണ് വിഷയത്തിൽ സുപ്രീംകോടതി ഇടപെട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here