വീട്ടിലെ പരിശോധനയ്ക്കിടെ പിഞ്ചുകുഞ്ഞിനെ പൊലീസ് ചവിട്ടികൊന്നുവെന്ന ആരോപണം: അന്വേഷണത്തിന് ഉത്തരവിട്ട് ജാർഖണ്ഡ് മുഖ്യമന്ത്രി

വീട്ടിൽ പരിശോധന നടത്താനെത്തിയ പൊലീസ് ഉറങ്ങിക്കിടക്കുകയായിരുന്ന നാലു ദിവസം പ്രായമുള്ള കുഞ്ഞിനെ തൊഴിച്ചുകൊന്നുവെന്ന് ആരോപണം. ജാർഖണ്ഡിലെ ഗിരിധിഹ് ജില്ലയിലാണ് സംഭവം. ഒരു കേസുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ മുത്തച്ഛൻ ഭൂഷൺ പാണ്ഡെയെ തിരഞ്ഞാണ് പൊലീസ് വീട്ടിലെത്തിയത്. പരിശോധന കഴിഞ്ഞ് പൊലീസ് തിരികെ പോയപ്പോൾ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് അമ്മ നേഹ പറഞ്ഞു. സംഭവത്തിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അന്വേഷണത്തിന് ഉത്തരവിട്ടു.

മുത്തച്ഛൻ ഭൂഷൺ പാണ്ഡെയെ തിരഞ്ഞാണ് ദിയോരി പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള സംഗം പഥക്കിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയത്. പൊലീസിനെ കണ്ടയുടൻ ഭൂഷൺ പാണ്ഡെയും കുടുംബാംഗങ്ങളും കുഞ്ഞിനെ തനിച്ചാക്കി വീട്ടിൽ നിന്ന് രക്ഷപ്പെട്ടു. കുഞ്ഞ് വീട്ടിനകത്തെ മുറിയിൽ ഉറങ്ങുകയായിരുന്നുവെന്ന് മരണപ്പെട്ട കുഞ്ഞിന്റെ അമ്മ പറഞ്ഞു.

പൊലീസ് പരിശോധനക്കിടെ കുഞ്ഞിനെ ചവിട്ടിക്കൊന്നതാണെന്ന് കുഞ്ഞിന്റെ അമ്മയും കുടുംബാംഗങ്ങളും ആരോപിക്കുന്നു. വിഷയം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് സഞ്ജയ് റാണ പറഞ്ഞു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration