വയനാട് യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിക്ക് അഭിവാദ്യമർപ്പിക്കാൻ സ്കൂൾ വിദ്യാർഥികളെ ഫ്ലക്സ് ബോർഡുമായി പൊരിവെയിലിൽ നിർത്തിയതായി ആക്ഷേപം. കോഴിക്കോട് കൈതപ്പൊയിൽ എംഇഎസ് സ്കൂളിലെ വിദ്യാർഥികളെയാണ് സ്കൂൾ അധികൃതർ റോഡരികിൽ നിർത്തിയത്. സംഭവത്തിലെ മാനേജ്മെൻ്റ് നടപടിക്കെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ രംഗത്ത്. പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം രാവിലെ തിരുവമ്പാടി മണ്ഡലത്തിലെ ഈങ്ങാപ്പുഴയിൽ ആയിരുന്നു. ഈ സമയത്താണ് വയനാട് നിന്ന് വരുന്ന സ്ഥാനാർഥിക്ക് അഭിവാദ്യമർപ്പിക്കാനായി സ്കൂൾ വിദ്യാർഥികളെ ഫ്ലക്സ് ബോർഡുമായി പൊരിവെയിലത്ത് നിർത്തിയത്. അധ്യാപകരേയും ദൃശ്യങ്ങളിൽ കാണാം. കുട്ടികളെ കണ്ട പ്രിയങ്ക വാഹനം നിർത്തി ഇറങ്ങി. സ്ഥാനാർഥിയെ ഷാൾ അണിയിച്ച് സ്വീകരിക്കുന്നതും ദൃശ്യത്തിലുണ്ട്.
സ്ഥാനാർഥി മടങ്ങിയ ശേഷമാണ് കുട്ടികൾ തുടർന്ന് സ്കൂളിലേക്ക് പോയത്. സംഭവം വിവാദമായതോടെ പോസ്റ്റ് ഓഫീസ് സേവനങ്ങൾ നേരിട്ടറിയാൻ കൈതപൊയിൽ പോസ്റ്റ് ഓഫീസ് സന്ദർശിക്കാനാത്തിയതായിരുന്നു കുട്ടികളെന്നാണ് എംഇഎസ് സ്കൂൾ അധികൃതരുടെ വിശദീകരണം. യാദൃശ്ചികമായി തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കടന്നുപോയ പ്രിയങ്ക ഗാന്ധിയെ കാണാനുള്ള അവസരം കുട്ടികൾക്ക് ലഭിച്ചതാണെന്നും മാനേജ്മെൻ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. സംഭവത്തിൽ, സ്കൂൾ മാനേജ്മെൻ്റിനെതിരെ പ്രതിഷേധവുമായി SFI രംഗത്ത് വന്നു. വിഷയത്തിൽ SFI താമരശ്ശേരി ഏരിയാ സെക്രട്ടറി ആദിഷ് ബാലാവകാശ കമ്മീഷന് പരാതിയും നൽകിയിട്ടുണ്ട്. സ്കൂളിലേക്ക് ബുധനാഴ്ച SFI മാർച്ചും നടത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here