സംസ്ഥാന ശിശുക്ഷേമ സമിതിയ്ക്കെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതം: ജനറല്‍ സെക്രട്ടറി

ആറു പതിറ്റാണ്ടിലേറെക്കാലമായി സംസ്ഥാന ശിശുക്ഷേമ സമിതി നടത്തുന്ന  പ്രവർത്തനങ്ങളെ തുരങ്കം വയ്ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഇപ്പോള്‍ ഉന്നയിക്കപ്പെടുന്ന ആടിസ്ഥാന രഹിതമായ ദുരാരോപണങ്ങളെന്ന്  സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺഗോപി.

ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയറിനെതിരെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച് സിബിഐ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിൽ രക്ഷാധികാരി പദവിയിൽ നിന്നൊഴിവാക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയറിൽ കേരള സംസ്ഥാന ശിശുക്ഷേമ സമിതി അഫിലിയേറ്റ് ചെയ്തിരുന്നു എന്നതിൻറെ പേരിലായിരുന്നു ഈ ആവശ്യം.

എന്നാൽ കേരള സംസ്ഥാന ശിശുക്ഷേമ സമിതി രൂപീകരിച്ച് പ്രവർത്തനം നടത്തിവന്നത് ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയറിന്‍റെ ഭാഗമായല്ലെന്നും  സംസ്ഥാന സർക്കാരിന്‍റെ കൂടി മുൻകൈയോടെ സ്ഥാപിക്കപ്പെട്ട സ്ഥാപനമാണിതെന്നും അരുണ്‍ഗോപി പറഞ്ഞു.

കേന്ദ്ര സർക്കാരിന്‍റെ പിന്തുണയോടെ ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ പ്രവർത്തിച്ച കാലത്താണ് 2000-ൽ സംസ്ഥാന സമിതിയെ അതിൽ അഫിലിയേറ്റ് ചെയ്തത്. ഈയടുത്ത കാലം വരെയും കേന്ദ്ര ഗവൺമെന്‍റ് ഇന്ത്യൻ ചൈൽഡ് വെൽഫെയർ കൗൺസിൽ മുഖേന നിരവധി സ്കീമുകൾ നടപ്പിലാക്കുകയും ഫണ്ടു നൽകുകയും ചെയ്തിട്ടുണ്ട്.

കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്‍റേയും ഗവർണറുടേയും കത്തിന്‍റെ അടിസ്ഥാനത്തിൽ ആഗസ്റ്റ് 2-നു ചേർന്ന സംസ്ഥാന ശിശുക്ഷേമ സമിതി സ്റ്റാന്‍റിംഗ് കമ്മിറ്റിയും തുടർന്ന് സമിതി പ്രസിഡനന്‍റ്  മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന എക്സിക്യുട്ടീവ് കമ്മിറ്റിയും ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയറുമായുള്ള അഫിലിയേഷൻ ഉൾപ്പെടെയുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുവാൻ തീരുമാനിക്കുകയും ആ സ്ഥാപനം മുഖേന ലഭിച്ച ഫണ്ടുകൾ തിരിച്ചേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഗവർണറുടെ അഭ്യർത്ഥന കണക്കിലെടുത്ത് സമിതി വെബ്സൈറ്റിൽ നിന്ന് അദ്ദേഹത്തിന്‍റെ പേരും നീക്കം ചെയ്തിട്ടുണ്ട്. സംസ്ഥാന ശിശുക്ഷേമ സമിതിയുമായി നിലവിൽ ഒരു ബന്ധവുമില്ലാത്ത ദില്ലി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു സ്ഥാപനം നടത്തിയ ക്രമക്കേടുകൾ സമിതിയുടെ പേരിൽ ആരോപിക്കാൻ നടത്തുന്ന ശ്രമം തെറ്റിദ്ധാരണ പരത്തി സമിതിയെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ്.

ALSO READ: ഹമാസ് ഭീകര സംഘടനയെന്ന് ലീഗ് വേദിയില്‍ ശശി തരൂര്‍; കോണ്‍ഗ്രസ് നേതാവ് ഒരേ സമയം ഇരയ്ക്കും വേട്ടക്കാരനുമൊപ്പമെന്ന് വിമര്‍ശനം

സംസ്ഥാന ശിശുക്ഷേമ സമിതി വരവുചെലവു കണക്കുകൾ നിയമാവലി വ്യവസ്ഥ ചെയ്ത പ്രകാരം വർഷാവർഷം ഓഡിറ്റു ചെയ്ത് സർക്കാർ പ്രതിനിധികൾ അടങ്ങുന്ന എക്സിക്യുട്ടീവ് കമ്മിറ്റിയും ജനറൽ ബോഡിയും പരിശോധന നടത്തി അംഗീകരിച്ചു വരുന്നവയാണ്. യാതൊരു വിധ ക്രമക്കേടുകളും ഇതിൽ ഉണ്ടായിട്ടില്ല. ശിശുക്ഷേമ സമിതിയിൽ അർപിതമായ നിരാലംബരും അനാഥരുമായ കുട്ടികളുടെ സംരക്ഷണവും പരിപാലനവും ഏറ്റവും മികച്ച നിലയിൽ ഏറ്റെടുത്തു നടത്തുന്ന സ്ഥാപനമാണിത്.

ഈ വർഷം ഇതേവരെ 49 കുട്ടികൾക്ക് ദത്തെടുക്കൽ പ്രക്രിയ വഴി സനാഥത്വം നൽകാൻ സമിതിക്കു കഴിഞ്ഞു. ഇതിൽ 10 കുട്ടികൾ യൂറോപ്പിലെ വിവിധ വികസിത രാജ്യങ്ങളിലേക്കാണ് ദത്തു നൽകിയത്. 6 ദത്തെടുക്കൽ കേന്ദ്രങ്ങൾ, 3 ശിശുപരിചരണ സ്ഥാപനങ്ങൾ, ബാലികാ മന്ദിരം, 150 ലേറെ ക്രഷുകൾ എന്നിവയുടെ നടത്തിപ്പിനൊപ്പം ശിശുക്ഷേമ സ്കോളർഷിപ്പ്, സാംസ്കാരിക അക്കാദമി, കുട്ടികുളുടെ കലാ–സാഹിത്യ-സാംസ്കാരിക പരിപാടികൾ തുടങ്ങി നിരവധിയായ പ്രവർത്തനങ്ങളാണ് ശിശുക്ഷേമ സമിതി നടത്തുന്നത്.

സർക്കാരിൻറെ ധനസഹായത്തിനപ്പുറം സമൂഹത്തിലെ വിവിധ തുറകളിൽപ്പെട്ട സുമനസ്സുകളായ വ്യക്തികളുടേയും സന്നദ്ധ സംഘടനകളുടേയും സ്ഥാപനങ്ങളുടേയുമെല്ലാം നിർലോഭമായ സഹായം കൊണ്ടാണ് ഈ പ്രവർത്തനങ്ങളോരോന്നും സമിതി ഏറ്റെടുത്തു നടത്തുന്നത്. ഇവർക്കിടയിൽ ആശയക്കുഴപ്പവും തെറ്റിദ്ധാരണയും പരത്തി സമിതിയ്ക്കുള്ള സമൂഹത്തിൻറെ പിന്തുണയും സഹായങ്ങളും ഇല്ലാതാക്കാനുള്ള ശ്രമം കടുത്ത ശിശുദ്രോഹ നടപടി കൂടിയാണെന്നും പത്രക്കുറിപ്പിലൂടെ ജി.എൽ. അരുൺ ഗോപി പറഞ്ഞു.

ALSO READ: പലസ്തീന് ഐക്യദാര്‍ഢ്യം: മുസ്ലിം ലീഗിന്‍റെ മഹാറാലിയില്‍ ചര്‍ച്ചയായി കെപിസിസി അധ്യക്ഷന്‍റെയും പ്രതിപക്ഷ നേതാവിന്‍റെയും അസാന്നിധ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News