ഒരിക്കല്‍ കൂടി…. ഇനിയൊരു മേക്കപ്പ് ഇടല്‍ ഉണ്ടാവില്ലല്ലോ

INNOCENT

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഒരായുഷ്‌കാലം മുഴുവന്‍ ഓര്‍ത്തെടുക്കാനുള്ള വക നല്‍കിയാണ് ഇന്നസെന്റിന്റെ മടക്കം. അറുനൂറിലധികം ചിത്രങ്ങള്‍. അതില്‍ തന്നെ ഓര്‍ത്തെടുക്കാന്‍ പാകത്തിന് മനസ്സില്‍ പതിഞ്ഞുകിടക്കുന്ന അനേകം കഥാപാത്രങ്ങള്‍. സമൂഹ മാധ്യമങ്ങള്‍ നിറയെ ഇപ്പോള്‍ അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മകളാണ്. ഇപ്പോഴിതാ ആലപ്പി അഷ്‌റഫ് പങ്കുവച്ചൊരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

ചേതനയറ്റ ഇന്നസെന്റിന്റെ ശീരത്തില്‍ മേക്കപ്പ് ചെയ്യുന്ന ഫോട്ടോയാണ് അഷ്‌റഫ് പങ്കുവച്ചിരിക്കുന്നത്. ‘ഒരിക്കല്‍ കൂടി…. ഇനിയൊരു മേക്കപ്പ് ഇടല്‍ ഉണ്ടാവില്ല. എന്നാലും, അരങ്ങു തകര്‍ത്ത അഭിനയ മികവ് എന്നും നിലനില്ക്കും’, എന്നാണ് ഫോട്ടോയ്‌ക്കൊപ്പം അദ്ദേഹം കുറിച്ചിരിക്കുന്നത്.

1972 ല്‍ ഇറങ്ങിയ നൃത്തശാലയായിരുന്നു ഇന്നസെന്റിന്റെ ആദ്യസിനിമ. തുടര്‍ന്ന് ജീസസ്, നെല്ല് തുടങ്ങി ചില സിനിമകളില്‍ അഭിനയിച്ചു. പിന്നീട് കുറച്ചുക്കാലം ദാവണ്‍ഗരെയില്‍ തീപ്പെട്ടിക്കമ്പനി നടത്തി. ദാവണ്‍ഗരെയില്‍ നിന്ന് നാട്ടിലെത്തിയ ഇന്നസെന്റ് ബിസിനസുകള്‍ ചെയ്യുകയും രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.

1986 മുതലാണ് ഇന്നസെന്റ് സിനിമകളില്‍ സജീവമാകാന്‍ തുടങ്ങിയത്. 1989 ല്‍ ഇറങ്ങിയ റാംജിറാവു സ്പീക്കിംഗ് ആണ് ഇന്നസെന്റിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത്. റാംജിറാവുവിലെ മാന്നാര്‍ മത്തായി എന്ന കോമഡി കഥാപാത്രം വലിയ ജനപ്രീതി നേടുകയും ധാരാളം ആരാധകരെ നേടിക്കൊടുക്കുകയും ചെയ്തു.

മലയാളത്തിനു പുറമെ തമിഴ്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് സിനിമകളിലും അഭിനയിച്ചു. നാലു സിനിമകള്‍ നിര്‍മിക്കുകയും രണ്ടു സിനിമകള്‍ക്ക് കഥ എഴുതുകയും ചെയ്തു. വിടപറയും മുമ്പേ, ഇളക്കങ്ങള്‍, ഓര്‍മ്മയ്ക്കായി, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, ഒരു കഥ ഒരു നുണക്കഥ എന്നീ സിനിമകളാണ് നിര്‍മിച്ചിരിക്കുന്നത്. പാവം ഐ എ ഐവാച്ചന്‍, കീര്‍ത്തനം എന്നീ സിനിമകള്‍ക്കാണ് ഇന്നസെന്റ് കഥ എഴുതിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News